കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചകിരി ചോര്‍. കയര്‍ ഉണ്ടാക്കി കഴിഞ്ഞുള്ള വേസ്റ്റ് ആണ് ചകിരിച്ചോര്‍. ഇതില്‍ ലിഗിനിന്‍ സെല്ലുലോസ് എന്നി കടുപ്പമേറിയ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ മണ്ണില്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരുകയില്ല. എന്നാല്‍ ഇവയെ വിഘടിപ്പിക്കാനും മണ്ണുമായി അഴുകി ചേരുന്ന രൂപത്തിലാക്കാനും. പ്ലൂറോട്ടസ് വിഭാഗത്തില്‍പ്പെട്ട ചിപ്പിക്കൂണിന് കഴിവുണ്ട്. ഇത് പ്രയോജനപെടുത്തിയാണ് ചകിരിചോറിനെ കമ്പോസ്റ്റ് ആക്കിമാറ്റുന്നത്.
കമ്പോസ്റ്റ് തയ്യാറാക്കാന്‍ വെള്ളം കെട്ടി നില്‍ക്കാത്ത തണല്‍ ഉള്ള സ്ഥലം വേണം തിരഞ്ഞെടുക്കാന്‍. അവിടെ 5 X 3 മി നീളമുള്ള പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. ഇതിനു മുകളില്‍ 10 cm കനത്തില്‍ ചകിരിച്ചോര്‍ നിരത്തണം. പിത്ത് പ്ലസ് എന്ന പേരില്‍ ലഭിക്കുന്ന ചിപ്പിക്കൂണ്‍ വിത്ത് ഇതിനു മുകളിലായി വിതറണം. ചിപ്പിക്കൂണിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന സൂക്ഷ്മാണു ലായിനി ഇതിന്റെ മുകളില്‍ ഒഴിക്കുക. വീണ്ടും 10 cm കനത്തില്‍ ചകിരിച്ചോര്‍, കൂണ്‍ വിത്ത്, സൂക്ഷ്മാണു ലായനി എന്നിവ വിതറണം.
ഇങ്ങനെ ഒന്നിന് മുകളില്‍ ഒന്നായി 10 അടുക്ക് നിരത്തുക. ചകിരിച്ചോറിന് ആവശ്യമായ നനവ് ഉണ്ടായിരിക്കണം. (പുട്ടുപൊടി പരുവം ) ഇടക്ക് വെള്ളം നനച്ചു കൊടുക്കണം. ഒരാഴ്ച്ച കഴിയുമ്പോള്‍ ചിപ്പിക്കൂണ്‍ വളര്‍ന്നു വരുന്നതായി കാണാം. ചിപ്പിക്കൂണിന്റെ പ്രവര്‍ത്തന ഫലമായി ചകിരിച്ചോറില്‍ അടങ്ങിയിട്ടുള്ള ലിഗിനിന്‍, സെല്ലുലോസ് എന്നിവയുടെ അംശം കുറയുകയും ചെടികള്‍ക്ക് ആവശ്യമായ നൈട്രജന്‍ ,ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ അളവ് കൂടുകയും ചെയ്യുന്നു. കൂടാതെ ഇരുമ്പ്, മെഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും ചകിരിച്ചോര്‍ കമ്പോസ്റ്റിലെ ഘടകങ്ങളാണ്.
45 ദിവസം കഴിയുമ്പോള്‍ അട്ടികളുടെ ഉയരം ഏതാണ്ട് പകുതിയായി കുറയുകയും കറുപ്പ് കലര്‍ന്ന തവിട്ട് നിറം ആകുകയും ചെയ്യും. ഇപ്പോള്‍ ചകിരിച്ചോര്‍ എന്ന മാലിന്യ വസ്തു നല്ല ഒന്നാന്തരം ചകിരിച്ചോര്‍ കമ്പോസ്റ്റ് ആയി മാറിക്കഴിഞ്ഞു. ഇങ്ങനെ തയ്യാറാക്കിയ കമ്പോസ്റ്റു കട്ടകള്‍ തട്ടി എടുത്ത് അരിപ്പയിലൂടെ കടത്തിവിട്ട് നാരു നീക്കം ചെയ്ത് ഉപയോഗിക്കാം. കൂടുതല്‍ ഗുണം ലഭിക്കാനായി സ്യുഡോമോണാസ്, ട്രൈക്കോഡെര്‍മ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, യൂറിയ (650 g) എന്നിവയും ചേര്‍ത്ത് കൊടുക്കാറുണ്ട്.
ചകിരിച്ചോര്‍ കമ്പോസ്റ്റ് മണ്ണില്‍ ചേര്‍ക്കുന്നത് മണ്ണിന്റെ ഭൗതിക ഘടന നിലനിര്‍ത്താനും വെള്ളം പിടിച്ച് നിര്‍ത്താനും സഹായിക്കുന്നു. സസ്യ വളര്‍ച്ചക്കാവശ്യമായ പോഷകങ്ങളും,സൂക്ഷമമൂലകങ്ങളും അടങ്ങിരിക്കുന്നതിനാല്‍ വിളയുടെ ഉല്പാദനക്ഷമതയും,ഗുണമേന്മയും വര്‍ദ്ധിക്കുന്നു.വാഴ, പച്ചക്കറി, ജാതി തുടങ്ങി എല്ലാ കാര്‍ഷിക വിളകള്‍ക്കും ഉപയോഗിക്കാം.
വിജേഷ് കെ
കൃഷി അസിസ്റ്റന്റ്
കൃഷിഭവന്‍
കറുകുറ്റി
എറണാകുളം
Discussion about this post