ലോകത്ത് ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. 30 ദശലക്ഷം ടണ്‍. രണ്ടാം സ്ഥാനത്തുള്ള ചൈന ബഹുദൂരം പിന്നില്‍ ആണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ വന്‍കരകളില്‍ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.
വൈവിധ്യപൂര്‍ണമായ വാഴയിനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങള്‍ നമുക്കുണ്ട്. അവയില്‍ ഭൗമ സൂചികാ പദവി ലഭിച്ച അഞ്ചിനം വാഴകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
1.ചങ്ങാലിക്കോടന്‍
കൈരളിയുടെ സ്വന്തം കാഴ്ചക്കുല. മച്ചാട് മലയില്‍ നിന്നുത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ എക്കല്‍ അടിഞ്ഞ തലപ്പിള്ളി താലൂക്കിന്റെ ഭാഗങ്ങളായ ചെങ്ങഴിക്കോട്, മുണ്ടത്തിക്കോട്, കോട്ടപ്പുറം, വേലൂര്‍, പൂത്തുരുത്തി, എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂര്‍, കടങ്ങോട് എന്നീ പ്രദേശങ്ങളില്‍ പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന നേന്ത്രന്‍ ഇനം. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട മഞ്ഞയില്‍ ചുവപ്പ് രാശിയുള്ള കായ്കള്‍. ജൈവ രീതിയോട് ആഭിമുഖ്യം പുലര്‍ത്തുന്നു. പടലകള്‍ വിരിഞ്ഞു കഴിഞ്ഞാലും കൂമ്പ് ( കുടപ്പന്‍) ഒടിച്ചു കളയാതെ നിര്‍ത്തുന്നു. ആണ്‍പൂക്കള്‍ കൊഴിഞ്ഞു പോകാതെ കുലത്തണ്ടില്‍ നില്‍ക്കും. കായ് ഉപ്പേരി, പഴം നുറുക്ക് എന്നിവയ്ക്ക് കേമം.
2.നഞ്ചന്‍ഗുഡ് രസബല്ലേ
കര്‍ണാടകയിലെ മൈസൂര്‍, ചാമ്രാജ് നഗര്‍ ജില്ലകളില്‍ പ്രചാരത്തിലുള്ള ഇനം. നമ്മുടെ നാട്ടുപൂവന്‍ പഴത്തോട് സാമ്യം. കപില (കബനി ) നദിയുടെ തീരങ്ങള്‍ പാലൂട്ടി വളര്‍ത്തിയ അതീവ രുചികരമായ പഴം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന നഞ്ചുണ്ടേശ്വര ക്ഷേത്രം (ശിവ ക്ഷേത്രം )ഇവിടെയാണ്. അതുകൊണ്ട് കൂടിയാണ് ആ പേര് ലഭിച്ചത്. പക്ഷെ പനാമ വാട്ടം എന്ന രോഗം ഈ ഇനത്തെ മാരകമായി ബാധിക്കുന്നതിനാല്‍ കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. കേരളത്തിലെ പൂവന്‍ വാഴ കൃഷിയും ഏതാണ്ട് ഇതേ അവസ്ഥയിലാണ്.
3.വിരൂപാക്ഷി, ശിരുമലൈ
തമിഴന്റെ അരിയ, തങ്കമാന വാളപ്പളം. പളനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിന്റെ സ്വാദിന്റെ രഹസ്യം ഈ വാഴകളാണ്. കുന്നിന്‍ ചരിവുകളില്‍ കുറ്റിവിള കൃഷി രീതിയില്‍ വിളയിച്ചെടുക്കുന്നു. താരതമ്യേന കീട രോഗ പ്രതിരോധ ശേഷി ഉള്ള ഇനങ്ങള്‍.
4.കമലാപുര്‍ ചെങ്കദളി
നമ്മുടെ കപ്പവാഴ തന്നെ. തിരുവനന്തപുരം ജില്ലയാണ് കേരളത്തില്‍ ചെങ്കദളി കൃഷിയില്‍ മുന്നില്‍. എന്നാല്‍ ഇതിന്റെ യഥാര്‍ഥ അവകാശികള്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ കുന്നിന്‍ ചരിവുകള്‍ നിറഞ്ഞ കമലാപൂര്‍ ഗ്രാമം ആണ്. 12-13മാസം മൂപ്പുള്ള വളരെ ഉയരത്തില്‍ പോകുന്ന വാഴയിനം. ഒരു ഡസന്‍ പഴത്തിനു 150-200രൂപ വരെ വില വരും. കമനീയമായ ചുവന്ന തൊലിക്കുള്ളില്‍ ഹൃദ്യമായ സുഗന്ധവും സ്‌നിഗ്ധതയും ഉള്ള ക്രീം നിറത്തില്‍ ദശയുള്ള രുചികുടുക്ക. പക്ഷെ കാറ്റിനെ പ്രതിരോധിക്കാന്‍ കെല്‍പു കുറവാണ്. അവിടുത്തെ ഫല ഭൂയിഷ്ടമായ, അല്പം ക്ഷാരത കലര്‍ന്ന, നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ പിടിക്കുമ്പോള്‍ നല്ല രുചി. പിന്നെ മഴ കുറവായതു കൊണ്ട് മധുരവും കേമം.
5.ജല്‍ഗാവോണ്‍ വാഴപ്പഴം
ഇന്ത്യയുടെ വാഴപ്പഴനഗരം മഹാരാഷ്ട്രയുടെ പശ്ചിമ തീരത്ത് നിന്നും 300 കിലോമീറ്റര്‍ അകലത്തുള്ള ഈ വരണ്ട പ്രദേശം എങ്ങനെ വാഴക്കൃഷിയുടെ പ്രതാപം നേടി എന്നത് പഠിക്കുന്നത് നന്നായിരിക്കും. ജെയിന്‍ ഇറിഗേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് അതിന്റെ ക്രെഡിറ്റ്. അക്കാഡമിക് ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ ആര്‍ദ്രത കുറഞ്ഞ , വരണ്ട, ചൂട് കൂടിയ, വര്‍ഷം വെറും 700മില്ലി മീറ്റര്‍ മാത്രം മഴ കിട്ടുന്ന (കേരളത്തില്‍ ഇത് 3000mm ആണെന്ന് ഓര്‍ക്കണം )ഈ പ്രദേശം വാഴകൃഷിയ്ക്കു പറ്റിയതല്ല എന്നേ പണ്ഡിതര്‍ പറയൂ. അവിടെയാണ് ശാസ്ത്രം ജയിച്ചത്. 48000ഹെക്ടറില്‍ ആണ് വാഴക്കൃഷി. ഹെക്ടറിന് 70ടണ്‍ ആണ് ഉല്‍പ്പാദന ക്ഷമത. എന്താണ് ഇവരുടെ രഹസ്യം.
1.തുള്ളി നന
2.തീവ്ര സാന്ദ്രത നടീല്‍ (High density planting )
3.ഗ്രാന്‍ഡ് നൈന്‍ എന്ന ഇനത്തിന്റെ ഗുണമേന്മയുള്ള ടിഷ്യു കള്‍ച്ചര്‍ തൈകള്‍.
ഒരു ഏക്കറില്‍ സാധാരണ 1000വാഴയാണ് നടാന്‍ ശുപാര്‍ശ. പക്ഷെ ഇവിടുത്തെ ആര്‍ദ്രത കുറഞ്ഞ കാലാവസ്ഥയെ നേരിടാന്‍ അവര്‍ ഏക്കറില്‍ 1200-1300തൈകള്‍ നടും. അപ്പോള്‍ തോട്ടത്തിനകത്തു നീരാവി തടുത്തു നിര്‍ത്തപ്പെടും. എന്നാല്‍ ഇലപ്പുള്ളി (സിഗെറ്റോക )രോഗം ഒരു ഭീഷണി ആകുന്നുമില്ല. ലോകത്തെ ഏറ്റവും മികച്ച ഏഴ് വാഴയുല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ന് ജല്‍ഗാവോണ്‍.
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post