മണ്ണിന്റെ ഫലപുഷ്ടി അറിയാന്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനശാലയിലേക്കയച്ച് കര്‍ഷകന് ഇനി കാത്തിരിക്കേണ്ട. കൃഷി ചെയ്യുന്ന മണ്ണിന്റെ ഗുണമിനി മൊബൈലിലൂടെ അറിയാം. മണ്ണിന്റെ ഘടന, പോഷകഗുണങ്ങള്‍, വളപ്രയോഗം എന്നിങ്ങനെ ശാസ്ത്രീയവും സമഗ്രവുമായ വിവരങ്ങള്‍ അറിയുന്നതിനായി ഒരു മൊബൈല്‍ ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുകയാണ് വരവൂര്‍ പഞ്ചായത്തില്‍. കേരളത്തിലാദ്യമായാണിത്. തൃശൂര്‍ ജില്ലയില്‍ എവിടെയുമുള്ള മണ്ണിന്റെ സ്വഭാവം ഈ മൊബൈല്‍ ആപ്പുവഴി തിരിച്ചറിയാം. ഇത് സംസ്ഥാനവ്യാപകമാക്കും.
മണ്ണ് എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സംസ്ഥാന മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പ്, ജിയോ ഇന്‍ഫോര്‍മാറ്റിക് ഡിവിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന ആപ്പില്‍ കൈക്കുമ്പിളിലെ മണ്ണില്‍ ചെടി വളരുന്ന ചിത്രമാണുള്ളത്. തൃശൂരില്‍ നടന്ന വൈഗ കാര്‍ഷികമേളയില്‍ ഈ ആപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ചു.
ആപ്പില്‍ പോഷകനില പരിശോധിക്കുകയെന്ന് മലയാളത്തില്‍ എഴുതിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മണ്ണിന്റെ ഫലപുഷ്ടി മാതൃഭാഷയില്‍ അറിയാനാവും. മൊബൈല്‍ ആപ്പ് അക്ഷാംശവും രേഖാംശവും മനസ്സിലാക്കി സ്ഥലനിര്‍ണയം നടത്തും. മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രധാന മൂലകങ്ങളുടെയും കാല്‍സ്യം, മഗ്‌നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, മംഗനീസ്, സിങ്ക്, കോപ്പര്‍, ബോറോണ്‍ എന്നി സൂക്ഷ്മമൂലകങ്ങളുടെയും അമ്ലതയുടെയും നിലവാരം കര്‍ഷകര്‍ക്ക് ലഭിക്കും. വള ശുപാര്‍ശയില്‍ ക്ലിക്ക് ചെയ്ത് ഏത് വിളയാണെന്ന് രേഖപ്പെടുത്തുക. അതനുസരിച്ച് ശുപാര്‍ശ ലഭിക്കും. വിളകള്‍ക്കും ഭൂവിസ്തൃതികള്‍ക്കും അനുസരിച്ച് ജൈവകൃഷിക്കും രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്ന കൃഷിക്കും പ്രത്യേകം വളം ശുപാര്‍ശകളുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല നിര്‍ദേശിച്ച വളങ്ങളാണ് നിര്‍ദേശിക്കുക. ഈ വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കാനാവും. ഇതേ ആപ്പുപയോഗിച്ച് വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും തന്റെ കൃഷിയിടത്തിലെ മണ്ണിന്റെ പോഷകഗുണം തിരിച്ചറിയാനാവും.
Discussion about this post