സുഗന്ധം കടല്‍ കടത്തിയ മുല്ലപ്പൂ- കന്നഡിഗരുടെ നന്ന നെച്ചിന മല്ലിഗൈ ഭൗമ സൂചികാ പദവിയിലാണ്. പൂക്കളില്‍ രാജാവ് പനിനീര്‍ പൂവ് ആണെങ്കില്‍ രാജ്ഞി മുല്ലപ്പൂ തന്നെ. മുല്ലപ്പൂ എന്നും വിശുദ്ധിയുടെയും ലാളിത്യത്തിന്റെയും ചിഹ്നമായിരുന്നു. മോഗ്രാ, ചമേലി, മോട്ടിയ, ജാതി മല്ലി, ജൂഹി എന്നീ പേരുകളിലും മുല്ലപ്പൂ ആറിയപ്പെടുന്നു. യാസിന്‍ എന്ന അറബി വാക്കില്‍ നിന്നാണ് ജാസ്മിന്‍ വന്നത്. ദൈവത്തിന്റെ അനുഗ്രഹം എന്നാണ് അതിന്റെ അര്‍ത്ഥം.ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ എന്നിവരുടെ ദേശീയ പുഷ്പമാണ് മുല്ലപ്പൂ.
പൂക്കള്‍ അണിയുന്നത് നമ്മുടെ മാനസികാവസ്ഥകളെ വളരെയേറെ സ്വാധീനിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. Aroma Therapy എന്ന ഒരു
ചികിത്സാ രീതി തന്നെ ഉണ്ട്.പ്രത്യേകിച്ചും വിഷാദ രോഗ ചികിത്സയ്ക്ക്. ഏറ്റവും വിലയേറിയ പെര്‍ഫ്യൂമുകളില്‍ അസംസ്‌കൃത വസ്തുവാണ് മുല്ല. മുല്ല, പൂക്കളായി ഉപയോഗിക്കുന്നതിനേക്കാള്‍ പെര്‍ഫ്യൂം ഇന്‍ഡസ്ട്രിക്ക് വേണ്ടിയാണ് കൃഷി ചെയ്യുന്നത്, മുല്ലപ്പൂക്കളില്‍ നിന്നും രണ്ടു തരം മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കോണ്‍ക്രീറ്റും അബ്‌സല്യൂട്ടും. (Concrete & Absolute). പൂക്കള്‍ ട്രെയ്കളില്‍ നിരത്തി വെച്ചതിനുശേഷം പൂര്‍ണമായും സീല്‍ ചെയ്തു അതിലൂടെ ഹെക്‌സയിന്‍ (Hexane) എന്നുപറയുന്ന രാസവസ്തു സര്‍ക്കുലേറ്റ് ചെയ്യുന്നു, അപ്പോള്‍ അതില്‍ നിന്ന് മെഴുകുപോലെ കട്ടിയുള്ള ഒരു വസ്തു ലഭിക്കുന്നു, ഇതാണ് കോണ്‍ക്രീറ്റ്, ഈ കോണ്‍ക്രീറ്റ് പലതവണ ഈതൈല്‍ ആല്‍ക്കഹോളില്‍ ലയിപ്പിച്ച് അതില്‍ നിന്നും അതീവ സുഗന്ധമുള്ള അബ്‌സല്യൂട്ട് എന്ന വില കൂടിയ ഉല്‍പ്പന്നം ഉണ്ടാക്കുന്നു. ഒരു ഹെക്ടര്‍ സ്ഥലത്തെ പൂവില്‍ നിന്നും ഏതാണ്ട് 22കിലോ കോണ്‍ക്രീറ്റും അതില്‍ നിന്നും 11 കിലോ അബ്സോല്യൂട്ടും കിട്ടും. ഇന്‍ഡോള്‍ എന്ന വസ്തുവാണ് മുല്ലയ്ക്ക് സവിശേഷ സുഗന്ധം നല്‍കുന്നതില്‍ പ്രധാനി. അതിരാവിലെ വിളവെടുക്കുന്ന പൂര്‍ണ്ണമായും വിരിഞ്ഞ പൂക്കളില്‍ നിന്നാണ് കോണ്‍ക്രീറ്റ് വേര്‍തിരിക്കുന്നത്. ലോകത്തെ പ്രശസ്തമായ രണ്ട് പെര്‍ഫ്യൂം ബ്രാന്‍ഡുകളാണ് ചാനല്‍ നമ്പര്‍ ഫൈവ്, ജോയ് എന്നിവ. 30 മില്ലി ജോയി പെര്‍ഫ്യൂം ഉണ്ടാക്കുന്നതിന് 10000 മുല്ലപ്പൂക്കളും 28 ഡസന്‍ റോസാപ്പൂക്കളും വേണം.
ഇനി മൈസൂര്‍ മല്ലികയിലേക്ക് വരാം. മൈസൂര്‍ എന്ന് ദേശം ലോക പ്രശസ്തമായ ഒരു പിടി ഉല്‍പ്പന്നങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. മൈസൂര്‍ അഗര്‍ബത്തി, മൈസൂര്‍ സില്‍ക്ക്, മൈസൂര്‍ വെറ്റില, മൈസൂര്‍ ചന്ദനം,മൈസൂര്‍ പാക്ക്, ഇപ്പോളിതാ മൈസൂര്‍ മല്ലികയും. ജാസ്മിനം സാമ്പക് (Jasminum sambac) എന്ന ഇനമാണ് മൈസൂര്‍ മല്ലിക എന്നറിയപ്പെടുന്നത്. കര്‍ണാടകത്തില്‍ തന്നെ ഉള്ള മറ്റ് രണ്ട് പ്രശസ്ത ഇനങ്ങളാണ്, ഹെഡഗേലി മല്ലിക , ഉഡുപ്പി മല്ലിക എന്നിവ. മൈസൂര്‍ സിറ്റി, മാണ്ട്യ ജില്ലയിലെ ശ്രീരംഗപട്ടണം എന്നിവിടങ്ങളില്‍ ആണ് പ്രശസ്തമായ മൈസൂര്‍ മല്ലിക കൃഷി. മുല്ലച്ചെടി ഇല്ലാത്ത വീടുകള്‍ ഇവിടങ്ങളില്‍ കാണാനേ കഴിയില്ല. അവിടുത്തെ മണല്‍ കലര്‍ന്ന ക്ഷാര സ്വഭാവമുള്ള എക്കല്‍ മണ്ണ്, ആര്‍ദ്രത കുറഞ്ഞ് വരണ്ട കാലാവസ്ഥ എന്നിവയാണ് മൈസൂര്‍ മല്ലികയുടെ സവിശേഷ സുഗന്ധത്തിനു കാരണം. മാര്‍ച്ച് മാസം മുതല്‍ ജൂലൈ മാസം വരെയാണ് പൂവിന്റെ സീസണ്‍. പൂക്കളില്‍ 0.24 ശതമാനം മുതല്‍ 0.42 ശതമാനം വരെ സുഗന്ധതൈലം അടങ്ങിയിരിക്കും. അഗര്‍ബത്തികള്‍ ഉണ്ടാക്കാനും അരോമ തെറാപ്പിയിലും പെര്‍ഫ്യൂം ഇന്‍ഡസ്ട്രിയിലും മൈസൂര്‍ മല്ലിക വളരെ പ്രശസ്തമാണ്.
ഹെഡഗേലി മല്ലിക ബെല്ലാരി ജില്ലയിലെ തിപ്പാപ്പൂര്‍, തിമിലപൂര്‍, ഹൊണ്ണൂര്‍ എന്നീ പ്രദേശങ്ങളിലാണ് വളരുന്നത്. ഇവിടങ്ങളില്‍ മണല്‍ കലര്‍ന്ന ചെമ്മണ്ണാണ് ഉള്ളത്. നല്ല ജലസേചന സൗകര്യവും ഉണ്ട്. ഉടുപ്പി, ഭട്കല്‍ , ശങ്കര്‍പുര, ഉത്തര ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളില്‍ പേരുകേട്ട മുല്ല ഇനമാണ് ഉഡുപ്പി മല്ലിക . ആ പ്രദേശങ്ങളിലെ വെട്ടുകല്‍ മണ്ണും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും, കൂടിയ മഴയുമാണ് അതിന്റെ മണത്തിനും ഗുണത്തിനും കാരണം. അമ്പലങ്ങളില്‍ മാല കെട്ടാനും പെര്‍ഫ്യൂം ഇന്‍ഡസ്ട്രിയിലും കൂടുതലായി ഉപയോഗിക്കുന്നു. മുംബയിലേക്കാണ് പൂക്കള്‍ വില്‍പ്പനയ്ക്കായി കൂടുതലും പോകുന്നത്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുഷ്പ കൃഷിക്ക് ഏറ്റവും പ്രശസ്തം കര്‍ണാടകയാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പൂക്കളുടെ 75 ശതമാനവും ഇവിടെ നിന്നാണ്. ഇന്ത്യയിലെ ഏക പൂ മാര്‍ക്കറ്റും കര്‍ണാടകയില്‍ ആണ്. അവിടെ ഏതാണ്ട് 18000 ഹെക്ടറില്‍ മുല്ല കൃഷി ചെയ്യുന്നുണ്ട്. കര്‍ണാടക യിലെ മുല്ല കര്‍ഷകരെ സഹായിക്കാനായി Mallige എന്ന ഒരു App ഉണ്ട്. മുല്ല കൃഷിയുടെ എല്ലാ സാങ്കേതിക വിദ്യകളും വില വിവരവും കര്‍ഷകര്‍ക്ക് ഈ ആപ്പില്‍ നിന്നും കിട്ടും. കേരളത്തിലും ചെറിയ തോതില്‍ മുല്ല കൃഷി തുടങ്ങിയിട്ടുണ്ട്. പക്ഷെ പൂക്കളുടെ സുഗന്ധം ഇനത്തേക്കാളേറെ മണ്ണിനെയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. അതീവ സുഗന്ധമുള്ള മറ്റൊരു മുല്ല ഇനമാണ് മധുരൈ മല്ലിഗൈ. മണ്ണില്‍ അടങ്ങിയിരിക്കുന്ന ഗന്ധകത്തിന്റെ ധാരാളിത്തമാണ് ഈ തീവ്ര സുഗന്ധത്തിനു കാരണം എന്ന് ഗവേഷകര്‍.
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
Discussion about this post