പലര്‍ക്കുമുള്ള സംശയമാണ് തെങ്ങിന് എങ്ങനെ വളം കൊടുക്കണം, എപ്പോള്‍ വളം കൊടുക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. തെങ്ങിന് എല്ലാ മാസവും വളം കൊടുക്കുന്നത് നല്ലതാണ്. അതുവഴി കൂടുതല്‍ പരിപാലനം തെങ്ങുകള്‍ക്ക് കിട്ടും. കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ വളം കൊടുക്കുക എന്നതാണ് ഏത് കൃഷിക്കും വളരെ അഭികാമ്യം ആയ കാര്യം.
സസ്യം മണ്ണില്‍ നിന്നും വളം വലിക്കുന്നതിന് അനുസരിച്ച് മണ്ണില്‍ ഇട്ട് കൊടുക്കുക. മിക്കവാറും ആളുകള്‍ ചെയ്യുന്ന കാര്യം ആണ് ഒരു വര്‍ഷത്തേക്ക് ഉള്ള വളം ഒരുമിച്ച് തെങ്ങിന്റെ ചുവട്ടില്‍ കൊണ്ടുപോയി തട്ടുക എന്നത്. അങ്ങനെ ചെയ്യുന്നതില്‍ ഒരു കാര്യവും ഇല്ല. കാരണം അപ്രകാരം കൊടുക്കുന്നതിന്റെ പകുതി വളം പോലും ആ സസ്യത്തിന് ഉപകരിക്കില്ല. ഉദാഹരണത്തിന് മനുഷ്യന്‍ ഒരു മാസത്തേക്കുള്ള ഭക്ഷണം ഒന്നിച്ച് ആണോ കഴിക്കുക? വിശക്കുന്നതിന് അനുസരിച്ചാണ് ഭക്ഷണം കഴിക്കുക.അത് തന്നെയാണ് സസ്യങ്ങള്‍ക്കും വേണ്ടത്.
തെങ്ങിനെ സംബന്ധിച്ച് ജൈവവളങ്ങള്‍ ആണ് കൂടുതലായി പണ്ട് മുതല്‍ നല്‍കി വന്നിരുന്നത്. ജൈവവളങ്ങളില്‍ നിന്നും തെങ്ങിന് ആവശ്യമുള്ള മൂലകങ്ങള്‍ ആവശ്യത്തിന് കിട്ടാതെ വരുമ്പോള്‍ ആണ് ആവശ്യമുള്ള മൂലകങ്ങള്‍ കിട്ടുന്നതിനായുള്ള രാസവളങ്ങള്‍ കൊടുക്കേണ്ടിവരുന്നത്. പച്ചിലവളങ്ങള്‍ കൊടുത്താല്‍ ബോറോണ്‍ എന്ന മൂലകം കിട്ടും , ചാരം കൊടുത്താല്‍ പൊട്ടാഷ് എന്ന മൂലകം കിട്ടും ,എല്ലുപൊടി കൊടുത്താല്‍ ഫോസ്ഫറസ് എന്ന മൂലകം കിട്ടും. ഇവയൊക്കെ ആവശ്യത്തിന് കൊടുക്കുവാന്‍ കഴിയാതെ വരുമ്പോള്‍ ആണ് രാസവളങ്ങള്‍ കൊടുക്കേണ്ടതായി വരുന്നത്. രാസവളങ്ങള്‍ കൊടുക്കുമ്പോള്‍ മണ്ണില്‍ കുറവുള്ള മൂലകത്തിന്റെ അവസ്ഥ അറിഞ്ഞുവേണം കൊടുക്കാന്‍.
ഉണങ്ങിയ കാലിവളങ്ങളും ,പച്ചിലവളങ്ങളും ഒക്കെ തെങ്ങിന് യഥേഷ്ടം കൊടുക്കാം. തെങ്ങ് കൃഷിയെ കണ്ണ് കൃഷി എന്നാണ് പറയുക .അതായത് നമ്മുടെ നിത്യേനയുള്ള നോട്ടത്തില്‍ നിന്ന് തന്നെ തെങ്ങിനെ ഒരു പരിധിവരെ സംരക്ഷിച്ച് എടുക്കാന്‍ സാധിക്കും. നിത്യേനയുള്ള പരിചരണം വഴി രോഗങ്ങളോ ,കീടങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ആരംഭത്തില്‍ തന്നെ അവയെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഏതൊരു കൃഷിക്കും നല്ല പരിപാലനം ആവശ്യം തന്നെയാണ്. ഇന്ന് കൃഷി ചെയ്യുന്ന തെങ്ങിന്‍ തൈകള്‍ കൂടുതലും നശിക്കാന്‍ പ്രധാന കാരണം അതിന്റെ പരിചരണ കുറവ് തന്നെയാണ്.
കടപ്പാട്:
അനില്‍ മോനിപ്പിള്ളി
Discussion about this post