വാഴയുടെ പൂവ് (inflorescence) ആണ് വാഴക്കുല. വാഴയുടെ പൂവ് പുറത്ത് വരുമ്പോള്‍ വാഴയ്ക്ക് കുടം വന്നു അല്ലെങ്കില്‍ വാഴ കുലച്ചു എന്ന് പറയുന്നു. പെണ്‍പൂക്കള്‍ ആണ് കുലയില്‍ ആദ്യം വിരിയുന്നത്.പരാഗണത്തോടെ അല്ലാതെ തന്നെ പൂവിന്റെ അണ്ഡാശയം മാംസളമായ കായ് ആകും. അതിനെ Parthenocarpy എന്നാണ് പറയും. ഈ പെണ്‍പൂക്കള്‍ തന്നെ ആണ് കായ്കള്‍ അഥവാ പടലകള്‍. പടലകളുടെ എണ്ണവും പടലയിലെ കായ്കളുടെ എണ്ണവും വാഴയുടെ ജനിതക ശക്തിയെയും പരിപാലനത്തെയും ആശ്രയിച്ചിരിക്കും. അവസാന പടല ആകുമ്പോഴേക്കും ആണും പെണ്ണും അല്ലാത്ത ചില കായ്കള്‍ കാണാം. തെക്കന്‍ കേരളത്തില്‍ ഇതിനെ ‘മാന്നിക്കായ്’ എന്നാണ് പറയുന്നത്.
പാലക്കാട് പടലകള്‍ക്കു ചീര്‍പ്പ് എന്നാണ് പറയുക. പടലകള്‍ എല്ലാം വിരിഞ്ഞാല്‍ പിന്നെ ആണ്‍പൂക്കള്‍ വിരിയാന്‍ തുടങ്ങും. വാഴപ്പഴത്തിന് കുരു (വിത്ത് )ഉണ്ടാകാത്തതിനാല്‍ ആണ്‍പൂവിനു പ്രസക്തി ഇല്ല. എങ്കിലും ആണ്‍പൂക്കള്‍ കുലയില്‍ തന്നെ നിന്നാല്‍ അതും പ്രശ്‌നമാണ്. കാരണം ആ പൂവിന്റെ ദളങ്ങളില്‍ പൂപ്പേന്‍ വളരും. അത് കായ്കളില്‍ കറുത്ത കുത്തുകള്‍ ഉണ്ടാക്കി അവയ്ക്ക് ദോഷം ചെയ്യും. അതുകൊണ്ട് തന്നെ അവസാന പടല (ചീര്‍പ്പ് )വിരിഞ്ഞാല്‍ ഉടന്‍ തന്നെ ആണ്‍പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന കൂമ്പ് (കുടപ്പന്‍, മാണി )പൊട്ടിച്ചു കളയണം.
കൂമ്പൊടിക്കാതെ നിര്‍ത്തിയാല്‍ അത് നീണ്ടു പൂക്കള്‍ വിരിഞ്ഞു തീരുന്നത് വരെ വളരും.നീണ്ടു വളര്‍ന്ന തണ്ട് അവസാന പടലയുടെ ഭാഗം വച്ചു പൊട്ടിച്ചു, തൂക്കി നോക്കണം. അത്രയും തൂക്കം ഉണ്ടാക്കാന്‍ എടുത്ത വളങ്ങള്‍ മുഴുവന്‍ കായ്കളിലേക്കു പോകേണ്ടതായിരുന്നു എന്ന് ചുരുക്കം. ചുരുങ്ങിയത് ഒരു കിലോ തൂക്കം വഴക്കുലയ്ക്ക് നഷ്ടമായിട്ടുണ്ടാകും. ഒരു കിലോ നേന്ത്രക്കായുടെ മൂല്യം ഒരു ഡോളര്‍. അതുകൊണ്ട് വാഴ ഏതായാലും അവസാന പടല വിരിഞ്ഞാല്‍ ഉടന്‍ തന്നെ കൂമ്പ് ഒടിച്ചു മാറ്റാന്‍ മറക്കരുത്. കൂമ്പ് യഥാസമയം മുറിച്ചും മുറിക്കാതെയും നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും, യഥാസമയം കൂമ്പ് മുറിച്ച കുലകളില്‍ പ്രകടമായ തൂക്കവ്യത്യാസം കാണുകയുണ്ടായി. മാത്രമല്ല കൂമ്പ് മുറിച്ച കുലകളില്‍ നൈട്രജന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, മാങ്കനീസ് എന്നിവ കൂടിയതായി കണ്ടു. അതായത് കായ്കള്‍ കൂടുതല്‍ പോഷകപ്രദമായി.
ഇനി കൂമ്പൊടിക്കുമ്പോള്‍ ആ മുറിപ്പാടില്‍ പച്ച ചാണക കുഴമ്പ്, ജീവാമൃതം, പഞ്ചഗവ്യം എന്നിവയില്‍ ഏതെങ്കിലും ഒന്ന് കെട്ടി വച്ചാല്‍ അതും ഗുണകരം. കൂമ്പൊടിക്കുമ്പോഴും, അതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞും സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (Pottassium Sulphate 50%)30ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് കായ്കളുടെ മുഴുപ്പും തൂക്കവും രുചിയും വര്‍ധിപ്പിക്കുന്നതായും കാണുകയുണ്ടായി. നമ്മുടെ രക്ത സമ്മര്‍ദ്ദം ക്രമീകരിക്കുന്നതില്‍ പൊട്ടാസ്യത്തിനു വലിയ പങ്കാണുള്ളത്. അതില്‍ അനാരോഗ്യകരമായി ഒന്നുമില്ല. ജൈവ കൃഷിയിലും സള്‍ഫേറ്റ് ഓഫ് പൊട്ടാഷിന്റെ പ്രയോഗം അനുവദനീയമാണ്.
ആണ്‍ പൂക്കള്‍ മാത്രമുള്ള വാഴക്കൂമ്പ് ഒടിച്ചു കളയുന്നത് അത് നിഷ്ഗുണന്‍ ആയത് കൊണ്ടല്ല. അത് വിപണി മൂല്യം ഉള്ള ഒരു സുപ്പര്‍ഫുഡ് ആണ്.
എന്തുകൊണ്ട്?
1.വാഴക്കൂമ്പിന്റെ സത്തില്‍ എത്തനോള്‍ ഉള്ളതിനാല്‍ അണുനാശക ശക്തി ഉണ്ട്. അണുബാധ ഉണ്ടാകാതെ തടയും.
2.അത് സ്ത്രീ ശരീരത്തില്‍ പ്രൊജസ്റ്റീറോണ്‍ ഉല്‍പ്പാദനത്തിനു സഹായകമാകയാല്‍ ആര്‍ത്തവ രക്തസ്രാവം,തന്‍മൂലമുള്ള അടിവയറുവേദന എന്നിവ കുറയ്ക്കുന്നു.
3.രക്തത്തിലെ പഞ്ചസാരയുടെ ഊറല്‍ കുറയ്ക്കുന്നു.
4.വിഷാദ മാനസികാവസ്ഥയെ (Depression) തടയുന്നു.
5.ഫെനോളിക് ആസിഡ്, ടാനിന്‍, ഫ്‌ളാവാനോയിഡ് എന്നിവയുടെ കലവറയായതിനാല്‍ ഫ്രീ റാഡിക്കലുകളെ മെരുക്കുന്നു.
6.മുലപ്പാല്‍ വര്‍ധകമാണ്
7.വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
8.ഇരുമ്പിന്റെ നിറകുടമാകയാല്‍ ചുവന്ന രക്താണുക്കളെ വര്‍ധിപ്പിക്കുന്നു.
9.വാഴക്കൂമ്പ് ക്ഷാര ഭക്ഷണമാകയാല്‍ വയറ്റിലെ അമിതമായ ആസിഡുകളെ നിര്‍വ്വീര്യമാക്കുന്നു.
10.നാരുകളുടെ നിറസമൃദ്ധിയാല്‍ ശോധന സുഗമമാക്കുന്നു.
6.മുലപ്പാല്‍ വര്‍ധകമാണ്
7.വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
8.ഇരുമ്പിന്റെ നിറകുടമാകയാല്‍ ചുവന്ന രക്താണുക്കളെ വര്‍ധിപ്പിക്കുന്നു.
9.വാഴക്കൂമ്പ് ക്ഷാര ഭക്ഷണമാകയാല്‍ വയറ്റിലെ അമിതമായ ആസിഡുകളെ നിര്‍വ്വീര്യമാക്കുന്നു.
10.നാരുകളുടെ നിറസമൃദ്ധിയാല്‍ ശോധന സുഗമമാക്കുന്നു.
തയ്യാറാക്കിയത്:
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post