മൃഗങ്ങള്‍ കഴിക്കാത്ത, പാഴ്‌ചെടിയായി വളരുന്ന ഒരു ചെടിയെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് കാണിച്ചുതരികയാണ് മുതുമല തെപ്പക്കാട്ടിലെ കുറുമ്പ ആദിവാസി വിഭാഗം. പൂച്ചെടി, കൊങ്ങിണി, അരിപ്പൂ, വേലിപ്പൂ, ഒടിച്ചുത്തി തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഉണ്ണിച്ചെടിയെന്ന ലാന്റന ഫര്‍ണീച്ചര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുകയാണ് ഇവര്‍.
മറ്റുചെടികള്‍ക്ക് ഭീഷണിയായി വളരുന്ന ഉണ്ണിച്ചെടി മൃഗങ്ങള്‍ കഴിക്കാറില്ല. ഇടതൂര്‍ന്ന് വളരുന്ന ഇവ വനം വകുപ്പ് സാധാരണ വെട്ടിമാറ്റുകയാണ് പതിവ്. എന്നാല്‍ ഫര്‍ണീച്ചര്‍ നിര്‍മ്മിക്കാന്‍ ഉണ്ണിച്ചെടി ഉപയോഗിക്കുകയാണ് ആദിവാസികള്‍. സോഫ, ടീ പോയ്, ഊഞ്ഞാല്‍, ഡ്രസിങ് ടേബിള്‍, സ്റ്റൂള്‍, പൂക്കൂട തുടങ്ങിയവയാണ് ഉണ്ണിച്ചെടി കൊണ്ട് നിര്‍മ്മിക്കുന്നത്. ഉണ്ണിച്ചെടിയുടെ തണ്ടുകളിലെ തോല്‍ ചീകി വേവിച്ച് പാകപ്പെടുത്തി വളവ് നേരെയാക്കിയാണ് ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
മുതുമല തെപ്പക്കാട്ടിലെ മാരന്റെ നേതൃത്വത്തിലാണ് നിര്‍മാണം. ഉണ്ണിച്ചെടി കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഫര്‍ണീച്ചറുകള്‍ തെപ്പക്കാട്ടിലെ വനം വകുപ്പ് റിസപ്ഷന്‍ ഓഫീസിന് സമീപം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഇവ വില്‍ക്കാന്‍കഴിയുന്നില്ലെന്ന് മാരന്‍ പറയുന്നു.
Discussion about this post