പലപ്പോഴും മഴക്കാലമായാല്‍ പൂന്തോട്ടങ്ങളിലെയും പച്ചക്കറി കൃഷികളിലെയും പല ചെടികളും നശിച്ചുപോകുന്നത് കണ്ടിട്ടില്ലേ?. ഈര്‍പ്പം കൂടുന്നതും അതിനനുസരിച്ച് സൂര്യപ്രകാശം ലഭിക്കാതെ വരുന്നതുമാണ് ഇതിന് കാരണമാകുന്നത്. ഓരോ ചെടിയ്ക്കും വ്യത്യസ്ത രീതിയിലാണ് നനയും, സൂര്യപ്രകാശവുമെല്ലാമാണ് വേണ്ടത്. ഇല മഞ്ഞളിപ്പ്, വേരുചീയല്‍, ഇലപ്പുള്ളി രോഗം എന്നിവയാണ് പ്രധാനമായും മഴക്കാലത്ത് ചില ചെടികളില്‍ കണ്ടുവരുന്നത്.
ഇതിനെന്താണ് പരിഹാരം?
മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ മുന്‍കരുതലെടുക്കുക എന്നതാണ് ഏക പരിഹാരമാര്‍ഗം. മഴക്കാലരോഗങ്ങളില്‍ നിന്ന് ചെടികളെ സംരക്ഷിക്കാന്‍ മഴക്കാലം തുടങ്ങുംമുമ്പ് തന്നെ ചെടികളുടെ കമ്പുകോതുകയും മരുന്ന് തളിച്ചുനല്‍കുകയുമാണ് ചെയ്യേണ്ടത്. പ്രൂണിങ് അഥവാ കമ്പുകോതല്‍ ചെയ്യുന്നതിലൂടെ ധാരാളം ശാഖകള്‍ ഉണ്ടാകാനും നിറയെ പൂക്കളുണ്ടാക്കാനും സഹായിക്കും.
മഴക്കാലം തുടങ്ങിയാല്‍ ചെടിച്ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തണം. അതേപോലെ നിലത്തു നടുന്ന ചെടികള്‍ക്ക് ചുറ്റിലും വെള്ളം കെട്ടിനില്‍ക്കാതെ സംരക്ഷിക്കണം. വെള്ളം വാര്‍ന്നുപോകുന്ന വിധത്തില്‍ ക്രമീകരിക്കണം.
ഇലകളിലെ പുള്ളികള്‍ ശ്രദ്ധിക്കണം
മഴക്കാലത്ത് ചിലപ്പോഴെല്ലാം ചെടികളിലെ ഇലകളില്‍ പുള്ളികള്‍ കാണാം. ഇതാണ് ഇലപ്പുള്ളി രോഗം. സെഫാല്യൂറസ് വൈറസന്‍സ് എന്ന പരാദ ആല്‍ഗകളാണ് ഈ രോഗത്തിന് കാരണം.ബോഗെന്‍വില്ല, റോഡോഡെന്‍ഡ്രോണ്‍ ഇനത്തില്‍പ്പെട്ട ചെടികള്‍ എന്നിവയില്‍ ഈ രോഗം കാണാറുണ്ട്.ഈ രോഗം വരാതിരിക്കാന്‍ ചെടി നടുമ്പോള്‍ തന്നെ ശ്രദ്ധിക്കണം. നല്ല നീര്‍വാര്‍ച്ചയും കൃത്യമായ വളപ്രയോഗവും ആവശ്യമാണ്. രോഗബാധ കാണുന്ന ചെടികളുടെ ചുവട്ടില്‍ ഇലകള്‍ അഴുകിക്കിടക്കാതെ നോക്കണം.കോപ്പര്‍ അടങ്ങിയ കുമിള്‍നാശിനി പ്രയോഗിക്കാം.
പുല്‍ത്തകിടിയില്‍ കുമിള്‍ രോഗത്തിന് സാധ്യത കൂടുതലാണ് മഴക്കാലത്ത്. ഇതിന്റെ ലക്ഷണം വൃത്താകൃതിയില്‍ പുല്ല് ഉണങ്ങിനില്‍ക്കുന്നതാണ്. കോണ്ടാഫ് എന്ന കുമിള്‍നാശിനി പ്ലാന്റ്സ്റ്റിക്കറും ചേര്‍ത്ത് ലക്ഷണങ്ങളുള്ള ഭാഗത്ത് രണ്ട് മൂന്നു തവണയായി തളിച്ചുകൊടുക്കാം.
മഴക്കാലത്ത് വളര്‍ത്താന്‍ ഉചിതമായ ചെടികള്‍ നട്ടുപിടിപ്പിക്കാം
പച്ചക്കറി കൃഷിയുടെ കാര്യത്തിലും കൂടുതല്‍ കരുതല്‍ നല്‍കേണ്ട സമയാണ് മഴക്കാലം. തക്കാളി, വെണ്ട, വഴുതന, പാവല്‍, പടവലം, മുളക് തുടങ്ങിയവയെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സമയമാണ് മഴക്കാലം.മണ്ണിലെ പുളിരസം മഴക്കാല പച്ചക്കറികളില്‍ രോഗതീവ്രതയ്ക്ക് കാരണമാകും. അതുകൊണ്ട് മണ്ണൊരുക്കുമ്പോള്‍ തന്നെ സെന്റൊന്നിന് രണ്ടരകിലോഗ്രാം കുമ്മായം മണ്ണുമായി ഇളക്കി ചേര്‍ക്കുന്നത് ഗുണം ചെയ്യും.
ഉണങ്ങിപൊടിഞ്ഞ കോഴികാഷ്ഠമോ കമ്പോസ്റ്റോ മഴക്കാല പച്ചക്കറി കൃഷിക്ക് ജൈവവളമാക്കാം. മഴക്കാലത്ത് ധാരാളമായി ലഭിക്കുന്ന ശീമക്കൊന്നയില പച്ചക്കറികൃഷിക്ക് രണ്ടാഴ്ചയിലൊരിക്കല്‍ ചേര്‍ത്തുകൊടുക്കാം.
ഇത്തരത്തില്‍ കൃത്യമായ കരുതലുകളെടുക്കുന്നതിലൂടെ മഴക്കാലത്തും ചെടികളെ മനോഹരമാക്കി നിര്‍ത്താം.
Discussion about this post