ഒരു തുളസി ചെടിയെങ്കിലും ഇല്ലാത്ത വീട് നമ്മുടെ നാട്ടില്‍ അപൂര്‍വ്വമായിരിക്കും. ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്ന തുളസിക്ക് ആയുര്‍വേദത്തില്‍ പ്രത്യേക പ്രധാന്യം ഉണ്ട്. ഒട്ടനവധി ഔഷധ ഗുണങ്ങള്‍ ഉണ്ട് തുളസിക്ക്. ആന്റി ഓക്സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും തുളസിക്ക് ഉണ്ടെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
പച്ചനിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കില്‍ ലക്ഷ്മി തുളസിയെന്നും ചാര നിറത്തിലുള്ള തുളസിയെ കൃഷ്ണ തുളസിയെന്നുമെന്നാണ് പറയുന്നത്. ഈ രണ്ടിനം തുളസിയിലും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നു. തുളസിയില്‍ അടങ്ങിയിരിക്കുന്ന ഒലിയോനോലിക് ആസിഡ്, ഉര്‍സോലിക് ആസിഡ്, റോസമരിനിക് ആസിഡ്, യൂഗെനോല്‍ തുടങ്ങീ ഘടകങ്ങള്‍ ആണ് തുളസിക്ക് ഇത്രയധികം ഗുണങ്ങള്‍ ഉണ്ടാവാന്‍ കാരണം.
ഔഷധ ഗുണങ്ങള്‍
ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കാം. ആ തുളസിയിലകള്‍ കടിച്ചു തിന്നുകയുമാകാം. ശരീരത്തിന് നല്ല പ്രതിരോധശേഷി നല്‍കുന്ന മാര്‍ഗമാണിത്. രണ്ടു മൂന്നു തുളസിയില നിത്യവും ചവച്ചു തിന്നുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കും. തുളസിയിലനീര് രാവിലെയും വൈകീട്ടും കുടിക്കുന്നത് മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങള്‍ ഇല്ലാതിരിക്കാന്‍ സഹായിക്കും.
പനി, ജലദോഷം മുതലായവക്ക് ഒരു പ്രകൃതിദത്ത ഔഷധമാണ് തുളസി. തൊണ്ടയടപ്പിന് തുളസിയിട്ടു കാച്ചുന്ന വെള്ളം നല്ലതാണ്. മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുലസിയിലയിട്ട് ആവിപിടിക്കുക.
ദിവസവും മൂന്നോ നാലോ തുളസിയില കഴിക്കുന്നത് പ്രമേഹം തടയാന്‍ സഹായിക്കും. പ്രമേഹമുള്ളവര്‍ ദിവസവും തുളസിയില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
ഉദരരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധമായും തുളസി ഉപയോഗിക്കുന്നു. തുളസിനീരില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിച്ചാല്‍ ജ്വരം ഇല്ലാതാകും. തുളസി ഇട്ടു തിളപ്പിച്ചാറിയ വെള്ളം കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ് മാറും.
തുളസി നീരും പച്ച മഞ്ഞളും ചേര്‍ത്ത് പുരട്ടുന്നത് ചിലന്തി വിഷബാധയ്ക്ക് ശമനം ഉണ്ടാകാന്‍ സഹായിക്കുന്നു.
കൃഷി രീതി
കാര്‍ഷികാവശ്യത്തിനായി ശേഖരിച്ച വിത്തുകള്‍ ചാണകം, മണല്‍ എന്നിവ കൂട്ടിക്കലര്‍ത്തിയ പൊടിമണ്ണില്‍ വിതറി ചെറുനന നല്‍കി മുളപ്പിച്ചെടുക്കാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം. നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം.ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. എന്നാല്‍ എന്നും നന ആവശ്യമാണ്. ഇല ചുരുളല്‍, വേരുചീയല്‍ എന്നിവയാണ് തുളസി കൃഷിയില്‍ കണ്ടുവരുന്ന പ്രശ്നങ്ങള്‍. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിച്ചാല്‍ കീടാണുക്കളെ പ്രതിരോധിക്കാം.
Discussion about this post