വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളെ സുന്ദരമാക്കുന്നതില്‍ പ്രധാനിയാണ് ഡാലിയ. ഡാലിയ പൂവിന്റെ ഭംഗി ആരെയും ആകര്‍ഷിക്കും. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ ആന്‍ഡേഴ്സ് ഡാല്‍ എന്ന പേരില്‍ നിന്നാണ് ഡാലിയ എന്ന പേര് വന്നത്.
രണ്ടു വര്‍ഷത്തിനുമേലാണ് ഒരു ചെടിയുടെ ആയുസ്സെങ്കിലും ജീവിതകാലത്തിലുടനീളം പുഷ്പിക്കുന്ന ചെടിയാണിത്. പിങ്ക്, പര്‍പ്പിള്‍, ഓറഞ്ച്, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളില്‍ ഡാലിയപ്പൂക്കളുണ്ടാകുന്നു. കടുത്ത വേനലില്‍ ഡാലിയ പൂക്കളുണ്ടാകാന്‍ പ്രയാസമാണ്.
ചെടി നടുന്ന രീതി
തണ്ടുകള്‍ മുറിച്ച് നട്ട് വേര് പിടിപ്പിച്ചും വിത്തുകള്‍ മുളപ്പിച്ചും ഈ ചെടി വളര്‍ത്താം. മുഴകളോട് കൂടിയ വേരുകള്‍ നട്ടുവളര്‍ത്തിയും ഡാലിയ വളര്‍ത്താം. കത്തി ഉപയോഗിച്ച് ഈ കിഴങ്ങ് പോലുള്ള വളര്‍ച്ചയുള്ള വേരുകളോടു കൂടിയ ഭാഗം വേര്‍പെടുത്തിയാണ് നടുന്നത്. മുറിച്ചുമാറ്റിയ ഭാഗം ഉണങ്ങിയ ശേഷമാണ് നടുന്നത്.
ഏറ്റവും എളുപ്പം വിത്തുപയോഗിച്ചു തൈ ഉണ്ടാക്കുന്നതാണ്. പൊക്കം കുറഞ്ഞ പെട്ടികളിലോ വിത്തുചട്ടികളിലോ മണ്ണുനിറച്ച് അതില്‍ വിത്ത് പാകണം. അതിനു മുകളിലായി ഉണങ്ങിപ്പൊടിഞ്ഞ കരിയില വിതറി നനച്ചുകൊടുക്കണം. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ വിത്തു കിളിച്ചുവരും.
കിഴങ്ങുപയോഗിച്ചും ഡാലിയ വളര്‍ത്താം. അങ്ങനെ വളര്‍ത്തുന്നവയ്ക്കാണ് കൂടുതല്‍ ആരോഗ്യം ഉണ്ടാവുന്നത്. കിഴങ്ങ് തണ്ടോടുകൂടി മുറിച്ചെടുത്തു വേണം പാകാന്‍. കിഴങ്ങുമാത്രം മുറിച്ചെടുത്തു നടാന്‍ പാടില്ല.
സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് ഡാലിയ ചെടി നടാന്‍ ഉത്തമം.
Discussion about this post