ഔഷധ സസ്യങ്ങളിലെ രാജ്ഞിയാണ് തിപ്പലി. കുരുമുളകിന്റെ കുടംബത്തില്‍പെട്ട ഇതിന്റെ ശാസ്ത്രീയനാമം പെപ്പര്‍ ലോങം എന്നാണ്. സുഗന്ധമുള്ള ചെടിയാണിത്. മറ്റു ചെടികളില്‍ പടര്‍ന്നു കയറിയാണ് തിപ്പലി വളരുന്നത്. ആണ്‍ ചെടികളും പെണ്‍ ചെടികളുമുണ്ട. ഇരുണ്ട പച്ച നിറത്തോടു കൂടിയ ഹൃദയാകൃതിയിലുള്ള ഇലകളാണ് തിപ്പലിയുടേത്.
തിപ്പലിയുടെ വേരു മുതല്‍ പഴങ്ങള്‍ വരെ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ വേരില്‍ പിപ്പെറിന്‍ സ്റ്റെറോയ്ഡുകള്‍, ഗ്ലൂക്കോസൈഡുകള്‍, പിപ്പെലാര്‍ട്ടിന്‍, പിപ്പെര്‍ലോങ്ങുമിനിന്‍ ഇവ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങള്‍ക്ക് ഔഷധമായി തിപ്പലി ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ ത്രികടു എന്ന ഔഷധകൂട്ടുകളില്‍പ്പെട്ട ഒന്നാണ് തിപ്പലി. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയാണ് ത്രികടു. ഇതിന്റെ കായും വേരും ആയുര്‍വേദത്തില്‍ ധാരാളമായി ഉപയോഗിക്കുന്നു.
കൃഷിരീതി
നല്ല നീര്‍വാര്‍ച്ചയുള്ള ജൈവാംശമുള്ള മണ്ണാണ് തിപ്പലി കൃഷിചെയ്യാനുത്തമം. നനയ്ക്കാനുള്ള സൗകര്യവും വേണം. തിപ്പലിയുടെ ചിനപ്പുകളോ, തണ്ടുകളോ, മുറിച്ചെടുത്തും വിളഞ്ഞുപാകമായ അരികള്‍ പാകിയും ഇവ നട്ടുവളര്‍ത്താം. മൂന്നോ നാലോ മുട്ടുകളുള്ള വള്ളികള്‍ വേരുപിടിപ്പിച്ച് നടുന്ന രീതിയാണ് ഏറ്റവും ഫലപ്രദം. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തില്‍ നിറച്ച പോളിത്തീന്‍ കൂടില്‍ നാല് തലകള്‍ വരെ വേരുപിടിപ്പിച്ചെടുക്കാം. മൂന്ന് മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയുമുള്ള തവാരണകളുണ്ടാക്കി ഓരോ ചെടിയും തമ്മില്‍ 60 സെന്റിമീറ്റര്‍ അകലത്തില്‍ കുഴിയെടുത്ത് നടണം. ഓരോകുഴിയിലും നൂറ് ഗ്രാം കാലിവളമോ കമ്പോസ്റ്റോ അടിവളമായി നല്കാം. തവാരണയില്‍ വെള്ളം കെട്ടിനില്ക്കാതെ ശ്രദ്ധിക്കണം. അധികം പൊക്കം വയ്ക്കാത്തതിനാല്‍ തിപ്പലിക്ക് താങ്ങ് കൊടുക്കേണ്ടതില്ല.
തിപ്പലിയുടെ ഔഷധഗുണങ്ങള്‍
മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയ്ക്ക് തിപ്പലി ഔഷധമായി ഉപയോഗിക്കുന്നു. 1 മുതല്‍ 3 ഗ്രാം വരെ തിപ്പലി വേര് പഞ്ചസാര ചേര്‍ത്ത് പൊടിക്കുക. ശര്‍ക്കരയും ചേര്‍ക്കാം ഇത് ദിവസം 2 നേരം കഴിക്കാം. സുഖമായ ഉറക്കം ലഭിക്കും പ്രായമായവരിലെ ഉറക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണിത്.
തിപ്പലി, കുരുമുളക്, ഉണക്കമുന്തിരി, ചുക്ക് ഇവ തുല്യ അളവിലെടുത്ത് പൊടിക്കുക. ഈ പൊടി വെണ്ണ ചേര്‍ത്ത് സേവിക്കുക. ഇത് അരിച്ച് ഈ മിശ്രിതം കഴിച്ചാല്‍ തലവേദന ശമിക്കും.
തിപ്പലിപ്പൊടി ഒന്നോ രണ്ടോ ഗ്രാമെടുത്ത് ഇന്തുപ്പും മഞ്ഞള്‍പ്പൊടിയും കടുകെണ്ണയും ചേര്‍ത്തിളക്കുക. ഇത് പുരട്ടിയാല്‍ പല്ല് വേദന മാറും.
ഹൃദയ പ്രശ്‌നങ്ങള്‍ക്ക് തിപ്പലിയും ഏലക്കയും തുല്യ അളവില്‍ പൊടിക്കുക. നെയ്യ് കൂട്ടി ദിവസം രണ്ടുനേരം 3 ഗ്രാം വീതം പൊടി കഴിക്കുക. മലബന്ധവും ഹൃദയപ്രശ്‌നങ്ങളും ഇത് തടയുന്നു.
അരടീസ്പൂണ്‍ തിപ്പലിപ്പൊടി വറുത്ത ജീരകവും കുറച്ച് ഇന്തുപ്പും മാത്രം ചേര്‍ത്ത് വെറും വയറ്റില്‍ രണ്ടുനേരം കഴിച്ചാല്‍ പൈല്‍സിന് ശമനം ലഭിക്കും. തിപ്പലി, ഇന്തുപ്പ് ഇവ തുല്യ അളവില്‍ എടുത്ത് ആട്ടിന്‍ പാല്‍ ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്
വിഷജന്തുക്കള്‍ കടിച്ചാല്‍ വിഷം പോകുന്നതിനും തിപ്പലി ഫലപ്രദമാണ്.
പൊണ്ണത്തടി കുറയാനും തിപ്പലി മികച്ച ഔഷധമാണ്. 2 ഗ്രാം തിപ്പലിവേര് പൊടിച്ചത് തേന്‍ ചേര്‍ത്ത് ദിവസം 3 നേരം കഴിക്കുക. കുറച്ച് ആഴ്ച തുടര്‍ച്ചായായി കഴിച്ചാല്‍ പൊണ്ണത്തടി മാറും. ഇത് കഴിച്ച് ഒരു മണിക്കൂര്‍ നേരത്തേക്ക് ഖരരൂപത്തിലുള്ള ഒരാഹാരവും കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇരട്ടിമധുരവും തിപ്പലിപ്പൊടിയും തുല്യ അളവില്‍ എടുക്കുക. പഞ്ചസാര അതേ അളവില്‍ ചേര്‍ക്കുക. ഇതു കഴിച്ചാല്‍ ചുമയും ഛര്‍ദ്ദിയും സുഖമാക്കുന്നു. തേന്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.
തിപ്പലി, കുരുമുളക്, ചുക്ക് ഇവ പൊടിച്ച് ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് ഓരോടീസ്പൂണ്‍ വീതം മൂന്നു നേരം കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിന് ശമനമുണ്ടാകും.
Discussion about this post