ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒരു സസ്യമാണ് ആടലോടകം. മിക്ക വീടുകളിലും ആടലോടകം നട്ടുവളര്‍ത്താറുണ്ട്. ആയുര്‍വേദത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണിത്. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ആയുര്‍വേദത്തില്‍ നിരവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലകള്‍.
ചുമ മാറുന്നതിനുളള ഏറ്റവും ഉത്തമമായ മരുന്നാണ് ആടലോടകം. നെഞ്ചിലെ കഫക്കെട്ടു മാറ്റാനുളള ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ ഏറെ പ്രധാനമാണ് ആടലോടകം. ആടലോടകത്തിന്റെ ഇലയുടെ നീര് തേനില്‍ ചേര്‍ത്ത് ദിവസവും മൂന്ന് നേരം വീതം കുടിച്ചാല്‍ ചുമ മാറുകയും, ആടലോടകത്തിന്റെ ഇലയുടെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിച്ചാല്‍ കഫം ഇല്ലാതാകുകയും ചെയ്യുന്നു.
അക്കാന്തേസീ കുടുംബത്തില്‍ പെട്ട ആടലോടകം രണ്ടു തരമുണ്ട്. ചെറിയ ആടലോടകവും വലിയ ആടലോടകവും. ചെറിയ ആടലോടകത്തിന് ഇലയില്‍ 8 ജോടി ഞരമ്പുകള്‍ വരെ കാണും. വലിയ ആടലോടകത്തിന് 14ലേറെ ജോടി ഞരമ്പുകള്‍ വരെ ഉണ്ടാകും. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും. ചിറ്റാടലോടകത്തിന്റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം. ഇതിന് ഔഷധഗുണം കൂടുതലാണ്.
ബി.സി. മൂന്നാം നൂറ്റാണ്ടിലൊ നാലാം നൂറ്റാണ്ടിലൊ എഴുതിയ അമരകോശത്തില്‍ ആടലോടകത്തിന്റെ എട്ടു പര്യായങ്ങള്‍ പറയുന്നു. വൈദ്യമാതാവ്, സിംഹി, വാശിക, വൃഷം, ആരൂഷം, സിംഹാസ്യം, വാസക, വാജിദന്തകം. ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്‌നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി, ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങള്‍ ആടലോടക വേര്‍ ചേര്‍ത്തുണ്ടാക്കുന്നതാണ്.
കൃഷിരീതി
ആടലോടകം ഏത് കാലാവസ്ഥയിലും വളരും. ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും. ഔഷധസസ്യമെന്ന രീതിയില്‍ ഒന്നോ രണ്ടോ ചെടി വീടുകളില്‍ നടുന്നതിന് ഉപരി അതിര്‍ത്തികളില്‍ വേലിയായും ആടലോടകം വളര്‍ത്താം. കൃഷിസ്ഥലമുള്ളവര്‍ക്ക് കൃഷിയിടങ്ങളില്‍ അങ്ങിങ്ങായി ആടലോടകം വളര്‍ത്തുന്നത് കീടനിയന്ത്രണത്തിന് സഹായകരമാണ്. നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിളക്കി അതില്‍ മുറിച്ചെടുത്ത കമ്പുകള്‍ നടാവുന്നതാണ്. അല്‍പം ജലലഭ്യത ഉറപ്പാക്കിയാല്‍ നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിക്കും. ഇലകള്‍ ഒട്ടനവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമേ ജൈവ കീടനാശിനി നിര്‍മ്മാണത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും ആടലോടക ഇല വളരെയധികം ഉപയോഗിച്ച് വരുന്നു.
Discussion about this post