പച്ചക്കറികള്‍ നടുമ്പോള്‍ ഉള്ള വലിയൊരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. ഇതില്‍ പ്രധാനിയാണ് കായീച്ച. പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കക്കിരി, കോവല്‍ എന്നീ പച്ചക്കറികളേയും മാവ്, പേര തുടങ്ങിയ പഴവര്‍ഗ്ഗങ്ങളേയുമാണ് കായീച്ച കൂടുതലായും ആക്രമിക്കുന്നത്. പെണ്‍ കായീച്ചകളാണ് പണി തരുന്നത്. അവ കായകളില്‍ മുട്ടയിടും. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കള്‍ കായ തുരന്ന് ഉള്‍ഭാഗം ഭക്ഷിക്കുന്നു. പച്ചക്കറി വളര്‍ച്ച മുരടിക്കുകയും കായ അഴുകി പോവുകയും ചെയ്യും. കുമ്പളം, മത്തന്‍ തുടങ്ങിയവയില്‍ കായകള്‍ തീരെ ചെറിയ പരുവത്തിലാകുമ്പോള്‍ തന്നെ ഈ കീടം കയറി ആക്രമിക്കും. രാവിലെയാണ് ഇവയുടെ ആക്രമണം കൂടുതലായി ഉണ്ടാകുക.
കായീച്ചയെ തുരത്താനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു ഭാഗം തുറന്ന പ്ലാസ്റ്റിക് കിറ്റില്‍ ഒരു പിടി തുളസിയില ഇടുക. തുറന്ന ഭാഗം മുകളിലേക്കു വരത്തക്കവണ്ണം പച്ചക്കറി തോട്ടത്തില്‍ പ്ലാസ്റ്റിക് കിറ്റ് വയ്ക്കുക. കായീച്ച പറന്നെത്തി തുളസിയിലയെ പൊതിയും. ഈച്ചയുടെ വരവ് നിന്നാല്‍ പ്ലാസ്റ്റിക് കിറ്റിന്റെ തുറന്ന ഭാഗം അടച്ച് അവയെ നശിപ്പിക്കാം.
പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്നുനാലു കഷണങ്ങളാക്കി, മുറിച്ച ഭാഗങ്ങളില്‍ തരിരൂപത്തിലുള്ളതും ലഭ്യമായതുമായ കീടനാശിനികളിലൊന്ന് പതിപ്പിച്ചശേഷം ചിരട്ടകളില്‍ വച്ചു പന്തലില്‍ തൂക്കിയിടുക. പ്രാണികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ട് വിഷമയമായ പഴച്ചാര്‍ കഴിച്ചു ചത്തൊടുങ്ങുന്നു.
രണ്ടു ദിവസം ശേഖരിച്ചുവച്ച പുളിപ്പിച്ച തേങ്ങാവെള്ളത്തില്‍ മൂന്നുതരി യീസ്റ്റ് ചേര്‍ത്ത് ഒരു ചിരട്ടയില്‍ അതിന്റെ അരഭാഗം നിറയ്ക്കുക. ഇതില്‍ ലേശം തരി രൂപത്തിലുള്ള കീടനാശിനി ഇട്ട് ഇളക്കുക. തേങ്ങാവെള്ളത്തിനു മുകളില്‍ ഒരു കഷണം പച്ച ഓലക്കാല്‍ ഇടുക. എന്നിട്ടു ചിരട്ട പന്തലില്‍ തൂക്കിയിടുക. പ്രാണികള്‍ ഓലക്കാലില്‍ ഇരുന്നു വിഷം കലര്‍ന്ന തേങ്ങാവെള്ളം കുടിച്ചു ചാകും.
ഒരു ചിരട്ട പോളിത്തീന്‍ കൂട്ടിനുള്ളില്‍ ഇറക്കിവച്ച് അതില്‍ 5 ഗ്രാം ഉണക്കമീന്‍ പൊടി ഇടുക. കുറച്ചു വെള്ളം ചേര്‍ത്തു മീന്‍പൊടി നനയ്ക്കുകയും അല്‍പം വിഷത്തരികള്‍ ഇതില്‍ കലര്‍ത്തുകയും വേണം. കൂടിന്റെ മുകള്‍ഭാഗം കൂട്ടിക്കെട്ടുക. ചിരട്ടയ്ക്കു മുകളിലുള്ള ഭാഗത്ത് ഈച്ചകള്‍ക്കു കയറാന്‍ തക്ക വലുപ്പത്തിലുള്ള ദ്വാരങ്ങള്‍ ഇട്ടശേഷം കെണി പന്തലില്‍ തൂക്കിയിടണം. ഒരാഴ്ച പിന്നിടുന്നതോടെ പുതിയ കെണികള്‍ വയ്ക്കണം.
ഒരു ചിരട്ടയുടെ പകുതിവരെ കഞ്ഞിവെള്ളം നിറയ്ക്കുക. ഇതില്‍ ശര്‍ക്കര 10 ഗ്രാം പൊടിച്ചു ചേര്‍ക്കുക. പിന്നീടു മൂന്നു നാലു തരി യീസ്റ്റും ഒരു നുള്ളു വിഷത്തരികളും ചേര്‍ക്കുക. എന്നിട്ടു കെണി പന്തലില്‍ തൂക്കിയിടണം. വിഷം ചേര്‍ത്ത കഞ്ഞിവെള്ളം കഴിച്ചു കീടങ്ങള്‍ ചാകും.
Discussion about this post