കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും എല്ലാവരെയും വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാക്കി. ഈ സമയം ശാരീരിക- മാനസിക ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കാന്‍ ഏവരും ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങളടങ്ങിയ ശുദ്ധമായ പച്ചക്കറികള്‍ നമുക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്യാം. ഇതിലൂടെ മറ്റൊരു ഗുണവുമുണ്ട്. ശരീരത്തിന് മാത്രമല്ല, മനസിനും ഊര്‍ജം നല്‍കാന്‍ കൃഷിയിലൂടെ സാധിക്കുന്നു.
ലോക്ഡൗൺ സമയം കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്താം എന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിനാണ് -വീട്ടിലിരിക്കാം , വിളയൊരുക്കാം. ഇതിന്റെ ഭാഗമായി വഴുതന കൃഷി എങ്ങനെ ചെയ്യാം എന്ന് നോക്കാം.
വിറ്റാമിൻ എ, നാര് എന്നീ പോഷകഗുണങ്ങളാൽ സമ്പന്നമായ പച്ചക്കറിയാണ് വഴുതന. കേരളത്തിലെ അടുക്കള തോട്ടങ്ങളിലെ പ്രധാന വിളകളിലൊന്നാണിത്. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. ജൈവവളങ്ങളോട് നന്നായി പ്രതികരിക്കുന്ന വിളയാണ് വഴുതന. താരതമ്യേന കേട് കുറഞ്ഞ വഴുതനയിൽ ജൈവ കൃഷി എളുപ്പത്തിൽ സാധ്യമാക്കാം.
ഇനങ്ങൾ
ബാക്ടീരിയൽ വാട്ടരോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള, മുട്ടയുടെ ആകൃതിയിലുള്ള കായകളുള്ള ഇനമാണ് സൂര്യ. വെള്ളനിറത്തിൽ കുലകളായി ഉണ്ടാകുന്ന ഇടത്തരം വലിപ്പമുള്ള കായ്കൾ ഉള്ള ഇനമാണ് ശ്വേത. നീണ്ട് തടിച്ച, ഇളം പച്ച നിറമുള്ള കായ്കൾ ഉള്ള ഇനമാണ് ഹരിത. വയലറ്റ് നിറത്തിലുള്ള കായകൾ ഉള്ള സങ്കരയിനം വഴുതനയാണ് നീലിമ. നീളമുള്ള അകത്തേക്ക് വളഞ്ഞ കായകൾ ഉള്ള ഇനമാണ് പൊന്നി.
കൃഷിക്കാലം
മഴക്കാലത്തും മഞ്ഞുകാലത്തും വഴുതനങ്ങ കൃഷി ചെയ്യാം. വേനൽക്കാലത്ത് രോഗങ്ങളും കീടങ്ങളും കൂടുതലായി കാണുന്നു.
ജൈവാംശവും ആഴവും വളക്കൂറും നീർവാർച്ചയുമുള്ള മണ്ണാണ് വഴുതന കൃഷിക്ക് നല്ലത്. മണ്ണിൽ കുമ്മായം ചേർത്ത് പുളിരസം ക്രമപ്പെടുത്തണം. തവാരണകളിലോ പ്രോട്രേകളിലോ വിത്തു പാകി തൈകൾ പറിച്ചുനട്ട് വഴുതനങ്ങ കൃഷി ചെയ്യാം. ഒരു സെന്റ് സ്ഥലത്ത് കൃഷിചെയ്യാൻ രണ്ട് ഗ്രാം വിത്ത് വേണം. തവാരണകൾ ഉണ്ടാക്കുന്നതിനായി രണ്ടര അടി വീതിയും 15 അടി നീളവും ഒരു അടി ഉയരവുമുള്ള വാരങ്ങൾ ഉണ്ടാക്കണം, അതിലേക്ക് 50 കിലോഗ്രാം ചാണകപ്പൊടി, മണ്ണ്, മണൽ എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് മുകൾഭാഗം ഇളക്കണം. തൈ ചീയൽ ഒഴിവാക്കാനായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം നൽകാം. പ്രോട്രേയിൽ ചകിരിച്ചോർ കമ്പോസ്റ്റിനൊപ്പം ട്രൈക്കോഡർമ ചേർത്ത് ഉപയോഗിക്കാം. മണ്ണ് സൂര്യതാപം ചെയ്യുന്നത് നല്ലതാണ്. വിത്ത് പാകുന്നതിന് രണ്ടാഴ്ച മുൻപ് നനച്ച് പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടിയാൽ സൂര്യ താപനം വഴി മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കാം. ശേഷം ഷീറ്റ് മാറ്റി 5 സെന്റീമീറ്റർ അകലത്തിൽ ചെറു ചാലുകൾ എടുത്ത്, അതിൽ വിത്തുപാകി മണ്ണുകൊണ്ട് മൂടണം.വിത്ത് പാകുന്നതിന് മുൻപ് 20 ഗ്രാം സ്യൂഡോമോണസ് ഫ്ളൂറസൻസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്. ഉറുമ്പുശല്യം കുറയ്ക്കാനായി രണ്ടു ഭാഗം മഞ്ഞൾപ്പൊടിയിൽ ഒരു ഭാഗം കായപ്പൊടി ചേർത്ത് തടങ്ങളിൽ വിതറാം.
തൈകൾ പറിച്ചു നടുന്നതിന് മുൻപ് സ്യൂഡോമോണാസ് ഫ്ളൂറസൻസ് 100 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ അഞ്ചുമിനിറ്റ് മുക്കിവയ്ക്കാം. 35 ദിവസം പ്രായമായ തൈകൾ പറിച്ചു നടാം. ഒരു മീറ്റർ അകലത്തിൽ വാരങ്ങളെടുത്ത് വേണം തൈകൾ പറിച്ചുനടാൻ. കുറ്റിയായി വളരുന്ന ഇനങ്ങൾക്ക് രണ്ടടിയും പടർന്നു വളരുന്ന ഇനങ്ങൾക്ക് രണ്ടര അടിയും ഇടയകലം നൽകാം.
വളപ്രയോഗം
നടുന്നതിന് രണ്ടാഴ്ച മുൻപ് ഒരു സെന്റിന് രണ്ട് കിലോ എന്ന തോതിൽ കുമ്മായം ചേർത്ത് പുളിരസം ക്രമപ്പെടുത്തണം. മണ്ണ് പരിശോധിച്ച് പി എച്ച് അളവ് നിർണയിച്ച ശേഷമാണ് കുമ്മായം ചേർക്കേണ്ടത്. ഒരു സെന്റിൽ വഴുതന കൃഷി ചെയ്യാൻ 100 കിലോഗ്രാം ജൈവവളം വേണം. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച കാലിവളം അടിവളമായി നൽകുന്നതാണ് നല്ലത്. അല്ലെങ്കിൽ 20 കിലോ കോഴിവളമോ വെർമി കമ്പോസ്റ്റോ നൽകാം. പറിച്ചുനട്ട ശേഷം 10 ദിവസം ഇടവിട്ട് മേൽവളം നൽകണം. ഒരു കിലോഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച പച്ച ചാണക ലായനിയോ ബയോഗ്യാസ് സ്ലറിയോ, കടലപ്പിണ്ണാക്ക് മിശ്രിതമോ മേൽവളമായി നൽകണം.
ഗ്രോബാഗിലെ കൃഷിക്ക് ഒരു ഭാഗം വീതം ചാണകപ്പൊടിയും എല്ലുപൊടിയും മണ്ണിരക്കമ്പോസ്റ്റും ചാരവും ഒപ്പം അരഭാഗം വീതം കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും ചേർത്ത് കൂട്ടിക്കലർത്തി ഓരോ ചിരട്ട വീതം ആഴ്ചയിലൊരിക്കൽ തടത്തിൽ ചേർത്തുകൊടുക്കാം.
ജലസേചനം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. വേനൽക്കാലത്ത് രണ്ട് ദിവസം ഇടവിട്ട് നനച്ചു കൊടുക്കാം. ഒരു സീസണിലെ വിളവെടുപ്പ് കഴിഞ്ഞാൽ ശിഖരങ്ങൾ കോതി മാറ്റി നന്നായി ജൈവവളം നൽകണം.
രോഗങ്ങളും നിയന്ത്രണവും
വഴുതനയിലെ ചെടി കരിച്ചിലും കായ്ചീയലും
ഫോമോപ്സിസ് വിഭാഗത്തിൽപെട്ട കുമിൾ മൂലമാണ് വഴുതനയിൽ ചെടി കരിച്ചിലും കായ് ചീയലുമുണ്ടാക്കുന്നത്. ഈ രോഗം ആദ്യം ഇലകളെയും തണ്ടുകളെയുമാണ് ബാധിക്കുന്നത്. ഇലകളിലും തണ്ടുകളിലും ചാര നിറത്തിലോ തവിട്ടു നിറത്തിലോ ഉള്ള പുള്ളികൾ കാണാം. ഇവ പിന്നീട് വലുതാകുകയും കൂടിച്ചേരുകയും ചെയ്യും. ക്രമേണ ഇല കൊഴിയുന്നതും തണ്ടുകൾ ഉണങ്ങുന്നതും കാണാം. കുമിളിന്റെ വളർച്ച കറുത്ത കുത്തുകളായി കാണപ്പെടുന്നു. ഫോംമോപ്സിസ് ഫംഗസിന്റെ ആക്രമണത്താൽ കായകളിലും തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള പാടുകൾ ഉണ്ടാവുകയും അവ ക്രമേണ വലുതായി കായകളുടെ ഉൾഭാഗത്തെ ബാധിക്കുകയും കായകൾ മൊത്തമായി ചീഞ്ഞ് പോകുകയും കൊഴിയുകയും ചെയ്യുന്നു. രോഗംബാധിച്ച കായലുകളിലും കുമിളിന്റെ വളർച്ച കാണാം. മണ്ണിനോട് ചേർന്നു നിൽക്കുന്ന കായകളിലും കായ് തുരപ്പന്റെ ആക്രമണം ബാധിച്ച കായകളിലും ഈ രോഗം വളരെ തീവ്രമായി കണ്ടുവരുന്നു.
നിയന്ത്രണ മാർഗങ്ങൾ
രോഗം ബാധിച്ച സസ്യഭാഗങ്ങൾ മുറിച്ചുമാറ്റി തീയിട്ട് നശിപ്പിക്കണം. ഒപ്പം കൊഴിഞ്ഞുവീണ ഇലകളും കായ്കളും ശേഖരിച്ച് നശിപ്പിക്കുകയും വേണം. ഒരേയിടത്ത് സ്ഥിരമായി വഴുതന കൃഷി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം. ഒപ്പം വിള പരിക്രമണവും നടത്തണം. വെള്ളരി വർഗ്ഗത്തിൽപ്പെട്ട വിളകളോ പയർ വർഗ്ഗത്തിൽപെട്ട വിളകളോ പരിക്രമണത്തിന് തിരഞ്ഞെടുക്കാം. വിത്ത് പാകുന്നതിന് മുൻപ് മിത്ര സൂക്ഷ്മാണുക്കളായ ട്രൈക്കോഡർമ അല്ലെങ്കിൽ സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതിൽ വിത്തിൽ പുരട്ടി നടുന്നതും വളരെ നല്ലതാണ്. ഈ സൂക്ഷ്മാണുക്കൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുന്നതും രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം രണ്ടാഴ്ചയിലൊരിക്കൽ ഈ ലായനി ചെടികളിലും കായ്കളിലും തളിച്ചു കൊടുക്കുന്നതും രോഗത്തെ ചെറുക്കാൻ സഹായിക്കും. രോഗബാധ തീവ്രമാകുകയാണെങ്കിൽ രോഗം ബാധിച്ച സസ്യഭാഗങ്ങൾ മുറിച്ചുമാറ്റി ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കാം. അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 50WP രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതിയാകും. കായകൾ ഭാരം കൊണ്ടും മറ്റും മണ്ണിലേക്ക് തട്ടി നിൽക്കാറുണ്ട്. ഇത് രോഗം പകരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ അത്തരം കായകൾ മുകളിലേക്ക് കെട്ടിവയ്ക്കാൻ ശ്രദ്ധിക്കണം. വെള്ളം ചെടികളുടെ ചുവട്ടിൽ മാത്രം ഒഴിക്കാൻ ശ്രദ്ധിക്കാം. ഇലകളും തണ്ടുകളും കായകളും നനയുന്നത് ഒഴിവാക്കാം. രോഗബാധ കൂടുതലുള്ള ഇടങ്ങളിൽ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ ഹരിത, പൂസ് വൈഭവ് എന്നിവ കൃഷി ചെയ്യുന്നത് നല്ലതാണ്.
ബാക്ടീരിയൽ വാട്ടം
രോഗംമൂലം ചെടികൾ വാടുകയും മുരടിക്കുകയും ഇലകൾ മഞ്ഞളിച്ച് വാടി തൂങ്ങുകയും കരിഞ്ഞുണങ്ങുകയും ചെയ്യും. തണ്ടു പിളർന്നു നോക്കിയാൽ ഉൾഭാഗം കടും തവിട്ടു നിറത്തിലോ കറുപ്പുനിറത്തലോ കാണാം. രോഗം മൂർച്ഛിക്കുമ്പോൾ ചെടികൾ മൊത്തമായി നശിച്ചുപോകുകയും ചെയ്യും.
നിയന്ത്രണ മാർഗങ്ങൾ
രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ സൂര്യ, ശ്വേത, ഹരിത, നീലിമ എന്നിവ കൃഷി ചെയ്യാം. പയറു വർഗ വിളകൾ കൊണ്ട് വിള പരിക്രമണം നടത്തണം. ഒരോ ചുവട്ടിലും 25 ഗ്രാം വീതം വേപ്പിൻ പിണ്ണാക്ക് ചേർത്തു കൊടുക്കാം. തൈകൾ നടുന്നതിന് രണ്ടാഴ്ച മുൻപ് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം കൊണ്ട് തടങ്ങൾ നനച്ചു കൊടുക്കാം. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ തെളിഞ്ഞ ചാണക ലായനിയിൽ കലക്കി ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. വാട്ടരോഗം കണ്ട ചെടി വേരോടെ പിഴുതെടുത്ത് നശിപ്പിക്കണം. ഒപ്പം ചെടി നിന്ന തടത്തിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഒഴിച്ചു കൊടുത്ത് അണുനശീകരണം നടത്താം. അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 50WP, 3 ഗ്രാം ഒരു ലിറ്റർ തെളിഞ്ഞ ചാണക ലായനിയിൽ കലക്കി ഒഴിക്കുകയും ആകാം. തടങ്ങളിൽ 25 ഗ്രാം ബ്ലീച്ചിങ് പൗഡർ ഇടുന്നതും അണു നശീകരണത്തിന് നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ അര ഗ്രാം സ്ട്രെപ്റ്റോസൈക്ലിൻ കലക്കി തൊട്ടടുത്തുള്ള ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം.
കുറ്റില രോഗം
ഇലകൾ കുറ്റിലകളായി മാറുന്നതാണ് പ്രധാന രോഗലക്ഷണം. മുട്ടുകൾ തമ്മിലുള്ള അകലം കുറയുന്നതും ചെടിയുടെ വളർച്ച മുരടിക്കുന്നതും കാണാം. രോഗം ബാധിച്ച ചെടികൾ പൂക്കുകയോ കായ പിടിക്കുകയോ ചെയ്യില്ല.
ഈ രോഗം ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേക്ക് പകർത്തുന്നത് പച്ചത്തുള്ളൻമാരാണ്. അതിനാൽ ഇവയെ നിയന്ത്രിക്കുന്നതിനുള്ള ജൈവ രാസ കീടനാശിനികൾ ഉപയോഗിക്കാം. ഒപ്പം രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതുമാറ്റി നശിപ്പിക്കണം.
കീട നിയന്ത്രണം
5 ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത്, വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ, ഗോമൂത്രം കാന്താരി മുളക് മിശ്രിതം, കിരിയാത്ത്- സോപ്പ് വെളുത്തുള്ളി മിശ്രിതം എന്നിവ രണ്ടാഴ്ചയിലൊരിക്കൽ മാറിമാറി തളിക്കുന്നത് തണ്ടും കായും തുരക്കുന്ന പുഴു, സ്‌ഫിൻജിട് പുഴു, ഇലപ്പേൻ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കും.
Discussion about this post