പശുശാസ്ത്രത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് എത്രയും വേഗം ഫണ്ട് ലഭ്യമാക്കണമെന്ന് കേന്ദ്ര ശാസ്ത്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍. ഇതുസംബന്ധിച്ച് അദ്ദേഹം വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ പശുഗവേഷണത്തിന്റെ ഫലങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും അതിനായി പദ്ധതികള്‍ വേഗത്തിലാക്കണമെന്നും വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ മന്ത്രി പറഞ്ഞു.
തദ്ദേശീയ പശുക്കളില്‍ നിന്നുള്ള പ്രധാന ഉല്‍പ്പന്നങ്ങള്‍ അതിവേഗ ഗവേഷണത്തിലൂടെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തല്‍ ‘സുത്ര – പിക’് എന്ന ഗവേഷണ പദ്ധതി വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ശാസ്ത്ര, വ്യാവസായിക ഗവേഷണ കൗണ്‍സില്‍, ആയുഷ് മന്ത്രാലയം, ഊര്‍ജമന്ത്രാലയം, കാര്‍ഷിക ഗവേണഷ കൗണ്‍സില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) തുടങ്ങിയവ ഈ പദ്ധതിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ പശുക്കളുടെ ചാണകം, മൂത്രം, പാല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ടൂത്ത് പേസ്റ്റ്, ഷാംപൂ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുക, കാന്‍സറും പ്രമേഹവും അടങ്ങുന്ന രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള വഴി കണ്ടെത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
പശുവിന്റെ പാല്‍, തൈര്, നെയ്യ്, ചാണകം, മൂത്രം എന്നിവയുടെ മിശ്രിതമായ പഞ്ചഗവ്യത്തിന്റെ ശാസ്ത്രീയവശങ്ങള്‍ പഠിക്കുന്നതിനായി 2017-ലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്ട് പ്രപ്പോസല്‍ പോലും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് ഇതേപദ്ധതി പേരുമാറ്റി 2020-ല്‍ വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ പുരോഗതിയില്ലാത്തത് നിരാശജനകമാണെന്നും കോവിഡ് 19 ഒരു ഒഴിവുകഴിവായി കാണരുതെന്നും മന്ത്രി ഹര്‍ഷ് വര്‍ധന്‍ പഞ്ഞു.
പദ്ധതി വൈകുന്നതിനുള്ള ഒഴിവുകഴിവായി കോവിഡ് മഹാമാരിയെ ഉപയോഗിക്കരുത്. കോവിഡ് ഉണ്ടായിട്ടും മറ്റ് മന്ത്രാലയങ്ങളില്‍ മറ്റ് ജോലികള്‍ നടക്കുന്നുണ്ടെന്നും നമുക്ക് പശുക്കളുമായി വൈകാരിക ബന്ധം ഉള്ളതുകൊണ്ടു മാത്രമല്ല ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post