കേരളീയര്‍ക്ക് അടുക്കളയില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഒന്നാണ് കറിവേപ്പില. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണ് കറിവേപ്പില. സ്വാദിനും മണത്തിനും വേണ്ടി കറികളില്‍ ചേര്‍ക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്. കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാല്‍ കറിവേപ്പില എന്ന ഈ ഇലയ്ക്കുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. നാട്ടുവൈദ്യത്തിലും കറിവേപ്പില മുന്നിലാണ്. ഇതിന്് പല അസുഖങ്ങളും പരിഹരിയ്ക്കാന്‍ സാധിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കറിവേപ്പിന്റെ ഒരു തൈ ഇല്ലാതെ നമ്മുടെ അടുക്കളത്തോട്ടം പൂര്‍ണതയില്‍ എത്തില്ല.
ഓരോ വീട്ടിലും ഒരു കറിവേപ്പ് എന്ന രീതി നാം നിര്‍ബന്ധമായും ശീലിക്കണം. പക്ഷേ കറിവേപ്പ് വയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിക്കുക, പുതിയ മുള പൊട്ടാതിരിക്കുക എന്നിവയെല്ലാം. ഇതെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ കറിവേപ്പില നടുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം.
നീര്‍വാര്‍ച്ചയുള്ള എല്ലാ മണ്ണിലും കറിവേപ്പ് നടാം. വിത്ത് പാകി, കിളിര്‍പ്പിച്ചും വേരില്‍നിന്ന് അടര്‍ത്തിയ തൈ നട്ടും കറിവേപ്പ് വളര്‍ത്താം.മണ്ണും കാലിവളവും മണ്ണിരക്കമ്പോസ്റ്റും ചേര്‍ത്തിളക്കി തൈകള്‍ നടണം. കുഴിയില്‍ ആവശ്യത്തിന് നീര്‍വാര്‍ച്ചകിട്ടാന്‍ മണലും ചേര്‍ക്കാം. വൈകിട്ട് തൈനടുന്നതാണ് നല്ലത്. ഉണങ്ങിയ കാലിവളപ്പൊടി, ആട്ടിന്‍കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരവളം ഇവയെല്ലാം ചേര്‍ക്കാം. വേനലില്‍ നന്നായി പുത ഇട്ടു കൊടുത്താല്‍ കൊടും വേനലിലും നല്ല ഇലകള്‍ കിട്ടും. വളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കറിവേപ്പിനു മുകളില്‍ ഇടയ്ക്കിടെ തളിക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ രക്ഷിക്കുകയും അതേപോലെ തളിരിലകള്‍ വളരാനും സഹായിക്കും. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു. ഇത് മൂടോടെ കറിവേപ്പ് നശിച്ച് പോവുന്നതിനും കാരണമാകും. ചുവട്ടില്‍ ചാരം ഇടുന്നത് ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിക്കുന്നതിനും നല്ലതാണ്. അതേപോലെ പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ച് കൊടുക്കുന്നതും കറിവേപ്പില്‍ പുതിയ ഇലകള്‍ വളരാന്‍ സഹായിക്കും. കറിവേപ്പിലയുടെ ഇല പറിച്ചെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. അതിന് ഒരു രീതിയുണ്ട്. കറിവേപ്പിന്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍ പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു. തണ്ടോടെ ഇലകള്‍ പറിക്കുമ്പോള്‍ ചെടി അധികം ഉയരത്തില്‍ വളരുകയും ചെയ്യില്ല.
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണ് കറിവേപ്പില. ഇതില്‍ കാര്‍ബസോള്‍, ലിനോയെ, ആല്‍ഫ ടര്‍ബിനോള്‍ എന്നിവയുള്‍പ്പെടെയുള്ള പല ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതിലൂടെ ഫ്രീ റാഡിക്കലുകളെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. ഇവയാണ് പലപ്പോഴും പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. നമ്മുടെ രോഗ പ്രതിരോധശേഷി കുറയ്ക്കുന്നതും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുമെല്ലാം കാരണം ഇത്തരം ഫ്രീ റാഡിക്കലുകളാണ്. കറിവേപ്പിലയ്ക്ക് ഇതെല്ലാം നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.
Discussion about this post