തിരക്കുപിടിച്ച ജീവിതപാച്ചിലില്‍ പലപ്പോഴും വെറുതെയിരിക്കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല. ഒരു ആവേശത്തിന് നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ പോലും സമയം കിട്ടാത്തവരും ഉണ്ടാകും. അങ്ങനെയുള്ളവര്‍ പലപ്പോഴും ചെടികള്‍ നനയ്ക്കാന്‍ സമയം കണ്ടെത്തുന്നത് രാത്രിയായിരിക്കും.
ചെടി പരിപാലനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നന തന്നെയാണ്. എന്നാല്‍ എല്ലാ ചെടികള്‍ക്കും ഒരു പോലെയല്ല വെള്ളത്തിന്റെ അളവ് വേണ്ടിവരുന്നത്. ചില ചെടികള്‍ക്ക് വെള്ളം കൂടുതലായാലും നാശം സംഭവിക്കും. മറ്റു ചില ചെടികള്‍ക്ക് രണ്ടു തവണയെങ്കിലും നനയ്‌ക്കേണ്ടിയും വരും. അതുകൊണ്ട് തന്നെ നമ്മുടെ സൗകര്യം നോക്കി നനയ്ക്കുന്നത് അഭികാമ്യവുമല്ല.
എന്നാല്‍ രാത്രി നനയ്ക്കുന്നത് കൊണ്ട് ചെടികള്‍ക്ക് പ്രശ്‌നമുണ്ടോ?
രാത്രി നനയ്ക്കുന്നത് ചെടികള്‍ക്ക് ഗുരുതരമായ ദോഷം ചെയ്യും. കാരണം പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം ലഭിക്കുകയും ബാക്കി ജലം വെയിലേറ്റ് പോകുകയും ചെയ്യും. എന്നാല്‍ രാത്രിയിലെ സാഹചര്യം അങ്ങനെയല്ല. ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ചെടികളില്‍, പ്രത്യേകിച്ച് ഇലകളില്‍ തങ്ങി നില്‍ക്കും. ഇത് ഇലകളില്‍ ഫംഗസുണ്ടാകാനുള്ള സാഹചര്യമൊരുക്കും. നനഞ്ഞ ഇലകളും ഈര്‍പ്പമുള്ള കാലാവസ്ഥയും ഫംഗസിന് അനുയോജ്യമായ സാഹചര്യമാണൊരുക്കുന്നത്. അതുകൊണ്ട് തന്നെ വൈകി ചെടി നനയ്ക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്.
രാവിലെയോ അല്ലെങ്കില്‍ വൈകുന്നേരമോ ആണ് ചെടികള്‍ നനയ്ക്കാന്‍ അനുയോജ്യമായ സമയം. രാവിലെ തണുത്തിരിക്കുന്ന കാലാവസ്ഥയില്‍ വെള്ളം പെട്ടെന്ന് തന്നെ മണ്ണിലേക്കിറങ്ങാനും വേരുകളിലേക്ക് എത്താനും സഹായിക്കും. നനയ്ക്കുമ്പോള്‍ ഒരുപാട് വെള്ളം ബാഷ്പീകരിച്ച് പോകാനുള്ള സാധ്യത ഈ സമയത്ത് കുറവാണ്. അതുമാത്രമല്ല, രാവിലെ നനയ്ക്കുമ്പോള്‍ ചെടികളില്‍ ദിവസം മുഴുവന്‍ വെള്ളം നിലനില്‍ക്കാനും സഹായിക്കും. വെയിലിന്റെ കാഠിന്യത്തെ പ്രതിരോധിക്കാനും ഇത് ചെടികളെ സഹായിക്കും.
ഇനി അഥവാ രാവിലത്തെ തിരക്കില്‍ നനയ്ക്കാന്‍ കഴിയാത്തവരാണെങ്കില്‍ വൈകീട്ടൊരു സമയം കണ്ടെത്തുക. വെയില്‍ പോയ ശേഷം നനയ്ക്കുന്നതാണ് ഉത്തമം.
സമയം തീരെ കുറവുള്ളവര്‍ ഡ്രിപ്പ്, അല്ലെങ്കില്‍ സോക്കര്‍ ഇറിഗേഷന്‍ സംവിധാനങ്ങളൊരുക്കുന്നതാകും ഉത്തമം. ഇത് നനയുടെ കാര്യം എളുപ്പമാക്കാന്‍ സഹായിക്കും.
Discussion about this post