വളരെക്കാലം മുൻപ് തന്നെ മനുഷ്യർ കൃഷി ചെയ്തു തുടങ്ങിയ വിളയാണ് ചെറുചണ. ഇന്ന് ചെറുചണവിത്തുകൾ ആരോഗ്യദായകമായതും പലതരം രോഗങ്ങളിൽനിന്നും സംരക്ഷിക്കുന്നതുമായ സൂപ്പർ ഫുഡ് എന്ന രീതിയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് . എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് ചെറു ചണവിത്തിനുള്ളത്. എന്നാൽ ഇതിന് ദോഷവശങ്ങളുമുണ്ട്. ചെറു ചണവിത്തിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാം.
കായകൾക്കും നാരിനു വേണ്ടിയും അലങ്കാരച്ചെടിയായും വളർത്തുന്ന സസ്യമാണ് ചെറുചണ. ലിനം ഉസിറ്റാറ്റിസ്സിമം എന്നാണ് ശാസ്ത്രനാമം. അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട് . വസ്ത്രങ്ങൾ, ചായം, കടലാസ്, ഔഷധങ്ങൾ, മത്സ്യബന്ധന വലകൾ, സോപ്പ് മുതലായവുടെ നിർമ്മാണത്തിന് ചെറുചണ ഉപയോഗിക്കുന്നു. ചെറുചണയുടെ നാരിൽ നിന്നാണ് ലിനൻ എന്ന തുണി നിർമ്മിക്കുന്നത്. ലോകത്താകമാനം ഫ്ലാക്സ്, ലിൻ സീഡ് എന്നീ പേരുകളിലാണ് ചെറുചണ അറിയപ്പെടുന്നത്.
ലോകത്തിലേക്ക് തന്നെ ഏറ്റവും ആരോഗ്യപ്രദമായ വിത്തുകളിലൊന്നായാണ് ചെറുചണവിത്തിനെ കണക്കാക്കുന്നത്.ഇതിലടങ്ങിയിട്ടുള്ള ഒമേഗാ-3- ഫാറ്റി ആസിഡ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതു കൂടാതെ പ്രോട്ടീൻ, വൈറ്റമിൻ ഇ, ബി കോംപ്ലക്സ്, ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹരോഗം, കാൻസർ, സ്ട്രോക്ക് എന്നിവയെ പ്രതിരോധിക്കുന്നതിന് ചെറു ചണവിത്ത് ഉപയോഗിക്കാറുണ്ട്. ആന്റി ഓക്സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണിത്. ആന്റിഓക്‌സിഡന്റുകൾ ചർമാരോഗ്യം സംരക്ഷിക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യും. ചെറു ചണവിത്തിലുള്ള ഫ്ലാവനോയിഡുകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിവുള്ളവയാണ്. ഫ്ളാക്സിൽ അടങ്ങിയിട്ടുള്ള ആൽഫ ലിനോലെനിക് ആസിഡ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനാലും ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാലും ഡയറ്റ് പിന്തുടരുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഫ്ലാക്സ്. ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിനും ചെറു ചണവിത്ത് ഉപയോഗിക്കാറുണ്ട്. കണ്ണുകൾ, കിഡ്നി, നഖം, മുടി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചെറു ചണവിത്ത് ഉത്തമമാണ്. അറബി ഭിഷഗ്വരന്മാർ ധാരാളം ഉപയോഗിച്ചിരുന്ന സസ്യമാണിത്. ചെറുചണയുടെ തണ്ടിന്റെയുള്ളിലെ നാരുപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ ശരീരം ചൂടാകാതെ കാക്കുകയും വിയർപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതേ നാര് കത്തിച്ച പുകയേൽക്കുന്നത് ഉന്മാദത്തിലും മോഹാലസ്യത്തിലും ഫലപ്രദമാണ്.
ബ്രൗൺ നിറത്തിലും സ്വർണനിറത്തിലുമുള്ള ചെറുചണ വിത്തുകളുണ്ട്. ഇവ വിത്തായും പൊടിച്ചും എണ്ണയാക്കിയും മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ പൊടിയും എണ്ണയും വളരെവേഗം നശിച്ചു പോകുന്നവയാണ്. വായുകടക്കാത്ത കണ്ടെയ്നറുകളിലാണ് വിത്തുകൾ സൂക്ഷിക്കേണ്ടത്. ഇങ്ങനെ ഒരു വർഷം വരെ വിത്തുകൾ സൂക്ഷിക്കാം. പൊടിച്ച രൂപത്തിലുള്ളവ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. ചെറു ചണവിത്തിന്റെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതിനായി പൊടിച്ചുപയോഗിക്കണം. ആവശ്യാനുസരണം വിത്തുകളെടുത്ത് പൊടിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു ദിവസം ഒരു ടേബിൾസ്പൂൺ എന്ന രീതിയിൽ മാത്രം ചെറു ചണ വിത്തുകൾ ഉപയോഗിക്കാം. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം. റൊട്ടി, പൂരി, ഡെസേർട്ടുകൾ, സാലഡ് എന്നിവയിൽ ചേർത്ത് ഉപയോഗിക്കാം.
ഇങ്ങനെയൊക്കെയാണെങ്കിലും ചെറു ചണവിത്തുകൾ നമ്മെ ദോഷകരമായും ബാധിക്കാം. അമിതമായ തോതിൽ ഇവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് മൂലം ദഹനപ്രശ്നങ്ങളും വയറു വേദനയുമുണ്ടാകാം. ചെറു ചണവിത്തുകൾ കഴിക്കുന്നവർ ധാരാളമായി വെള്ളം കുടിക്കേണ്ടതുണ്ട്. ദഹനപ്രശ്നങ്ങളും ദഹനേന്ദ്രിയ സംബന്ധമായ പ്രശ്നങ്ങളുമുള്ളവർ ചെറു ചണവിത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ചിലരിൽ ചെറു ചണവിത്ത് അലർജിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുണ്ടാക്കാം. നന്നായി വിളയാത്ത വിത്തുകൾ വിഷമാണെന്ന് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ അവ തീർച്ചയായും ഒഴിവാക്കാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ചെറുചണവിത്തടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.
Discussion about this post