കണ്ണൂർ ഇരിട്ടിയിലെ യുവകർഷകനായ ബ്രിജിത്ത് കൃഷ്ണയുടെ സംരംഭം ജനശ്രദ്ധയാകർഷിക്കുന്നു. ഫെബ്രുവരി 26, 27 തീയതികളിൽ നടന്ന ദേശീയ കാഷ്യൂ സെമിനാറിൽ ബ്രിജിത്ത് കൃഷ്ണ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. പോഷക സമ്പന്നവും രുചികരവുമായ മുളച്ച കശുവണ്ടിപരിപ്പിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനം ലോകത്തിന് പരിചയപ്പെടുത്തുകയാണ് അദ്ദേഹം. 20 കിലോ വരെ മുളപ്പിച്ച കശുവണ്ടിയാണ് ബ്രിജിത്ത് ഇപ്പോൾ ദിനംപ്രതി ഉല്പാദിപ്പിക്കുന്നത്.
ലോക്ഡൗൺ കാലത്താണ് ബ്രിജിത്ത് ഈ സംരംഭം ആരംഭിച്ചത്. ആവശ്യക്കാരില്ലാതെ കെട്ടിക്കിടന്ന മൂന്ന് കിന്റലോളം കശുവണ്ടി മുളച്ച് തുടങ്ങിയപ്പോഴാണ് അവകൊണ്ട് രുചികരമായ വിഭവങ്ങൾ തയ്യാറാക്കി നൽകാനാരംഭിച്ചത്. മുളപ്പിച്ച കശുവണ്ടിപ്പരിപ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങൾക്ക് ആവശ്യക്കാരേറിയതോടെ പിന്നീട് ടൺ കണക്കിന് കശുവണ്ടി ശേഖരിച്ച് മുളപ്പിച്ച കശുവണ്ടി തയ്യാറാക്കേണ്ടിവന്നു. കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള മാടക്കത്തറ കാഷ്യു റിസർച്ച് സ്റ്റേഷനാണ് മുളപ്പിച്ച കശുവണ്ടി തയ്യാറാക്കാനുള്ള സാങ്കേതിക വിദ്യ ബ്രിജിത്തിന് നൽകിയത്.
വ്യാവസായിക അടിസ്ഥാനത്തിൽ വൻതോതിൽ കശുവണ്ടി മുളപ്പിക്കുന്ന രീതി കശുവണ്ടി കർഷകർക്കെല്ലാം പുതിയ വ്യവസായ സാധ്യതയാണ് തുറന്നു നൽകുന്നത്. കശുവണ്ടിയുടെ മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ രംഗത്തെ മാറ്റത്തിന്റെ ചുവടുവയ്പ്പാണിത്.
മുളപ്പിച്ച കശുവണ്ടിപ്പരിപ്പ് കൊറിയർ വഴി എവിടെയും എത്തിച്ചു കൊടുക്കുന്നുണ്ട് ബ്രിജിത്ത്. സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്. മുളപ്പിച്ച കശുവണ്ടിപരിപ്പ് ഒരാഴ്ചവരെ ഫ്രീസറിൽ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യാം. ഹോട്ടൽ മെനുവിലും ഗ്രീൻ കാഷ്യൂ വിഭവങ്ങൾ നിറഞ്ഞുകഴിഞ്ഞു.
കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിലെ മലയോര ഗ്രാമങ്ങളിൽ ആദ്യ മഴക്ക് ശേഷം കശുമാവിന് ചുവട്ടിൽ കശുവണ്ടി മുളച്ചു വരാറുണ്ട്.ഇവിടത്തുകാർ ഇത് ശേഖരിച്ച് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. എന്നാൽ മഴക്കാലം കനക്കുന്നതോടെ കശുവണ്ടിപരിപ്പിന്റെ ലഭ്യത അവസാനിക്കും. ഇവിടത്തുകാർക്കെന്നല്ല ഇനിമുതൽ ആർക്കും മുളച്ച കശുവണ്ടിപ്പരിപ്പിനായി മഴക്കാലമാരംഭിക്കാൻ കാത്തിരിക്കണ്ട. കശുമാവുകൾ ധാരാളമുള്ള വടക്കൻ കേരളത്തിലെ കർഷകർക്ക് പുതിയ വ്യവസായ സാധ്യത നൽകുന്നതോടൊപ്പം ലോകത്തിന് ഒരു പുത്തൻ രുചി അനുഭവം സമ്മാനിക്കുകയാണ് ബ്രിജിത്ത് കൃഷ്ണ
Discussion about this post