അനശ്വരതയുടെ വിത്തെന്നാണ് എള്ള് അറിയപ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതു കൊണ്ടാണ് അങ്ങനെ അറിയപ്പെടുന്നത്. ‘സെസാമം ഇന്‍ഡിക്ക’ എന്നതാണ് എള്ളിന്റെ ശാസ്ത്രീയ നാമം. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്ത് എള്ളു കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എള്ളു കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന മണല്‍നിലങ്ങളാണ്.
താഴ്ന്ന നിലങ്ങളില്‍ ഡിസംബര്‍-ഏപ്രില്‍ മാസങ്ങളാണ് എള്ളിന്റെ നടീല്‍ക്കാലം. കരപ്പാടത്ത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളാണ് നടീല്‍ക്കാലം. കരപ്പാടങ്ങളില്‍ മൂപ്പു കൂടിയ ഇനങ്ങളും നെല്‍പ്പാടങ്ങളില്‍ മൂപ്പു കുറഞ്ഞ ഇനങ്ങളുമാണു കൃഷിക്ക് യോജിച്ചത്. വിത്താണ് നടീല്‍ വസ്തു. ഹെക്ടറൊന്നിന് 4-5 കി.ഗ്രാം വിത്ത് രണ്ടോ മൂന്നോ ഇരട്ടി മണലുമായി കലര്‍ത്തി ഒരേപോലെ വീഴത്തക്കവിധം വിതയ്ക്കണം.
നിലം രണ്ടോ നാലോ തവണ ഉഴുത് നല്ലവണ്ണം ഉഴുതശേഷം കട്ടകള്‍ ഉടച്ച് കളകളും മറ്റും നീക്കം ചെയ്തു മണ്ണ് പരുവപ്പെടുത്തിയശേഷം വേണം കൃഷിയിറക്കാന്‍. അടിവളമായി ചാണകമോ കംപോസ്റ്റോ ഹെക്ടറിന് അഞ്ച് ടണ്‍ എന്ന അളവില്‍ ചേര്‍ക്കുക. എള്ള് വിതയ്ക്കുമ്പോള്‍ അധികം ഈര്‍പ്പം പാടില്ല. വിത്ത് എല്ലാ സ്ഥലത്തും ഒരു പോലെ വീഴത്തക്കവിധം വിതറണം.
കായ്കള്‍ക്ക് മഞ്ഞനിറമാകുമ്പോള്‍ ചെടികള്‍ പിഴുതെടുക്കണം. രാവിലെ വിളവെടുക്കേണ്ടതാണ്. വേരുകള്‍ മുറിച്ചുമാറ്റിയശേഷം കെട്ടുകളായി 3-4 ദിവസം വയ്ക്കുക. ഇലകള്‍ കൊഴിഞ്ഞുകഴിയുമ്പോള്‍ വെയിലത്ത് നിരത്തി വടി കൊണ്ടടിച്ച് കായ്കള്‍ പൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇതാവര്‍ത്തിക്കണം. ആദ്യത്തെ ദിവസം എടുക്കുന്ന എള്ള് വിത്തിനായി ഉപയോഗിക്കാം. വിത്ത് സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് 7 ദിവസത്തെ ഉണക്ക് വേണ്ടി വരും.
Discussion about this post