കോട്ടയം: മെത്രാൻ കായൽ പാടശേഖരത്തിൽ വീണ്ടും പൊന്ന് വിളയിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇത്തവണ 90 കര്‍ഷകരാണ് 15000 രൂപ ചിലവിട്ട് ഇവിടെ പാട്ടകൃഷി നടത്തുന്നത്. സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാറാണ് ഇക്കൊല്ലത്തെയും വിത ഉത്സവം ഉദ്ഘാടനം ചെയ്തത്.
371 ഏക്കറിലാണ് വിത്തു വിതയ്ക്കുന്നത്. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ നെല്‍വിത്താണ് ഉപയോഗിക്കുന്നത്. 50 ശതമാനം സബ്സിഡി നിരക്കിലാണ് സർക്കാർ
കർഷകർക്ക് വിത്ത് ലഭ്യമാക്കിയത്.
നെല്‍കൃഷി ലാഭകരമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതുകൊണ്ടാണ് മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ നാലാം തവണയും കൃഷി തുടരാനാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലാഭകരമായി കൃഷി നടത്തുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പലയിനങ്ങളിലായി ഏകദേശം 63000 രൂപ സബ്സിഡിയുണ്ട്. വൈദ്യുതി, വെള്ളം, വിത്ത് തുടങ്ങിയവ സൗജന്യമായി ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2017 ൽ മെത്രാൻ കായൽ ബ്രാൻഡ് അരി സർക്കാർ വിപണിയിലെത്തിച്ചിരുന്നു.
തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി നെല്‍കൃഷി പരമാവധി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ നെല്ലുത്പാദനം എട്ടര ലക്ഷം മെട്രിക് ടണ്ണും അരി ഉത്പാദനം ഏഴു ലക്ഷം മെട്രിക് ടണ്ണുമാണ്. നെല്ലുത്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല്‍പ്പതു ശതമാനമാണ് വര്‍ധിച്ചത്.
രാജ്യത്ത് നെല്ലിന് ഏറ്റവും മികച്ച താങ്ങുവില നല്‍കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിൽ 26.90 രൂപ നല്‍കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ താങ്ങുവില ശരാശരി 17.30 രൂപ മാത്രമാണ്.
സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന ബിനു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ് തുടങ്ങിയവര്‍ വിത്ത് വിതയ്ക്കൽ ഉദ്ഘാടനത്തിൽ സാക്ഷ്യം വഹിക്കാനെത്തി.
Discussion about this post