കുറച്ചുകാലം മുൻപുവരെ ഔഷധത്തോട്ടങ്ങളിലാണ് ആകാശവെള്ളരി സാധാരണയായി കാണപ്പെട്ടിരുന്നത്. എന്നാലിന്ന് അടുക്കളത്തോട്ടങ്ങൾക്കും ആകാശവെള്ളരി പ്രിയങ്കരി തന്നെ. അനേകം ഔഷധഗുണങ്ങളുള്ള ആകാശവെള്ളരിയുടെ ഫലങ്ങൾ പച്ചക്കറിയായും പഴമായും ഉപയോഗിക്കാം. പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, ഉദരരോഗങ്ങൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് ഔഷധമാണ് ആകാശവെള്ളരി. ആകാശവെള്ളരിയുടെ ഇലകളുപയോഗിച്ചുണ്ടാക്കുന്ന ഔഷധച്ചായയും ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കെതിരെ ഉത്തമമാണ്. വൈറ്റമിൻ സി, ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം എന്നിവയുടെ കലവറയാണ് ഈ ഫലം.
വേഗത്തിൽ വളരുന്നതും കാലങ്ങളോളം വിളവ് നൽകുന്നതുമായ വിളയാണ് ആകാശവെള്ളരി.ഉഷ്ണ പ്രദേശങ്ങളിലാണ് ആകാശവെള്ളരി സാധാരണയായി വളരുന്നത്. ജന്മദേശം അമേരിക്കയാണ് എന്ന് കരുതപ്പെടുന്നു. പാഷൻഫ്രൂട്ട് ഉൾപ്പെടുന്ന പാസിഫ്ലോറ ജനുസ്സിലെ ഏറ്റവും വലിയ ഫലങ്ങൾ നൽകുന്ന സസ്യമാണ് ആകാശവെള്ളരി. പാസിഫ്ലോറ ക്വാട്രാങ്കുലാരിസ് എന്നാണ് ശാസ്ത്രനാമം. ജയന്റ് ഗ്രനടില്ല എന്ന് പൊതുവേ അറിയപ്പെടുന്ന.മലയാളത്തിൽ ശീമ വെള്ളരി എന്നും പേരുണ്ട്. പാഷൻ ഫ്രൂട്ട് പോലെതന്നെ വള്ളികൾ വീശി പടർന്നു വളരുന്ന സസ്യമാണിത്. പാഷൻ ഫ്രൂട്ട് പൂക്കൾക്ക് സമാനമായ സുഗന്ധമുള്ള പൂക്കളും കാണാം. കായകൾ വലിപ്പമേറിയതും ഇളം പച്ച നിറത്തിലുള്ളതുമാണ്. ഉള്ളിൽ മാംസളമായ വെളുത്ത കാമ്പുണ്ട്. ഒപ്പം പൾപ്പും വിത്തുമുണ്ട് . മൂപ്പെത്താത്ത ഇളം കായ്കളെ പച്ചക്കറിയായി ഉപയോഗിക്കാം. പഴുത്ത കായകൾ പഴമായും ജാം, ജെല്ലി, ഫ്രൂട്ട് സാലഡ്, ഐസ്ക്രീം എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.പഴങ്ങളിൽ പാസിഫ്ലോറിൻ എന്ന പദാർത്ഥമടങ്ങിയിട്ടുള്ളതിനാൽ ആകാശവെള്ളരി അമിതമായി കഴിക്കുന്നത് അലസതയും മയക്കവുമുണ്ടാക്കാം.
വിത്തുകൾ, കമ്പുകൾ, ലെയർ ചെയ്ത തൈകൾ എന്നിവ നട്ട് ആകാശവെള്ളരി വളർത്താം. വിത്തുകൾ കായകളിൽ നിന്ന് ശേഖരിച്ചയുടൻതന്നെ പാകാം. പഴക്കമുള്ള വിത്തുകൾ 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ചശേഷം പാകുന്നതാണ് നല്ലത്. രണ്ടുമൂന്നാഴ്ച കൊണ്ട് വിത്ത് മുളച്ച് കിട്ടും.വിത്ത് മുളപ്പിച്ച് നട്ട തൈകൾ രണ്ട് വർഷത്തിനുള്ളിൽ കായ്ക്കും. കമ്പ്നട്ടുണ്ടായ തൈകൾ ഒരു വർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങും.
രണ്ടടി വീതിയും ആഴവും നീളവുമുള്ള കുഴികളിൽ മേൽ മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത് നിറച്ച് തൈകൾ നടാം. വള്ളി വീശുന്നതോടെ പടരാൻ സൗകര്യമൊരുക്കണം. കായ്കൾ എളുപ്പത്തിൽ വിളവെടുക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ പന്തലുകളിൽ വളർത്തുന്നതാണ് നല്ലത്. മരങ്ങളിൽ പടർത്തിയും വളർത്താം.അനിയന്ത്രിതമായ രീതിയിൽ പടർന്നു പന്തലിക്കുന്നത് ഒഴിവാക്കാൻ കമ്പ് കോതുന്നതും നല്ലതാണ്. കടുത്ത മഴക്കാലത്തും വേനൽക്കാലത്തും കമ്പ് കോതൽ ഒഴിവാക്കാം.ആകാശവെള്ളരി എല്ലായ്പോഴും കായ്ക്കുമെങ്കിലും വേനൽക്കാലത്താണ് കൂടുതൽ വിളവ് ലഭിക്കുന്നത്.
Discussion about this post