അലങ്കാര സസ്യ കൃഷിയിലുള്ള താൽപര്യം കൊണ്ടാണ് തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലം സ്വദേശിയായ വിനോദ് ഓർക്കിഡ്, ഹെലിക്കോണിയ, ക്രോട്ടൺ എന്നിങ്ങനെയുള്ള ചെടികൾ ശേഖരിച്ച് തുടങ്ങിയത്. പിന്നീട് നഴ്സറി ഉടമയായ ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് അഗ്ളോനിമ കൃഷിയിലേക്ക് വിനോദ് ചുവടുവച്ചത്. കേരളത്തിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന ഒരു അലങ്കാര സസ്യമാണ് അഗ്ലോനിമ. എങ്കിലും വ്യാവസായിക അടിസ്ഥാനത്തലുള്ള കൃഷി അധികം പ്രചാരത്തിലില്ല. എന്നാൽ പച്ചയും വെള്ളയും കലർന്ന ഇനങ്ങൾക്ക് ഉത്തരേന്ത്യയിൽ നല്ല മാർക്കറ്റുണ്ട്. ഇത് മനസ്സിലാക്കിയാണ് വിനോദ് ആഗ്ളോനിമകൃഷി ആരംഭിച്ചത്.
കൃഷിയിലെ കൂട്ട് അച്ഛൻ
അഗ്ളോനിമയുടെ നൂറോളം ഇനങ്ങൾ ഇന്ന് വിനോദിന്റെ ശേഖരത്തിലുണ്ട്. പലതരത്തിലും നിറത്തിലുമുള്ള ഇനങ്ങളുണ്ടെങ്കിലും ബട്ടർഫ്ലൈ എന്നറിയപ്പെടുന്ന ഇനമാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഒരേക്കർ സ്ഥലത്താണ് കൃഷി.ഇനങ്ങൾ ശേഖരിക്കുന്നതിനും അവയെ കൃത്യമായി പരിപാലിക്കുന്നതിനും വിനോദിനെ ഏറ്റവുമധികം സഹായിക്കുന്നത് അച്ഛനാണ്. വിനോദും ഭാര്യയായ ജിൻസിയും അഗ്രികൾച്ചർ അസിസ്റ്റന്റ്മാരായി ജോലി നോക്കുകയാണ്. ജോലിത്തിരക്ക് കാരണം മുഴുവൻ സമയവും കൃഷിയിടത്തിൽ ചിലവഴിക്കാൻ കഴിയുന്നില്ലെങ്കിലും കൃഷി വിജയകരമായി മുന്നോട്ടു പോകുന്നത് അച്ഛൻ അപ്പുക്കുട്ടന്റെ കഠിനാധ്വാനം കൊണ്ടുമാത്രമാണെന്ന് വിനോദ് പറയുന്നു.
അല്പം കൃഷിക്കാര്യങ്ങൾ…
ആരോഗ്യത്തോടെ വളരുന്നതിന് 50% തണൽ വേണ്ട സസ്യമാണ് അഗ്ലോനിമ. ഒരു മീറ്ററോളം ഉയരം വയ്ക്കും. തെങ്ങ്, റബ്ബർ എന്നിവയ്ക്കൊപ്പം ഇടവിളയായി കൃഷി ചെയ്യാം.ഷേഡ്നെറ്റുകൾക്കുള്ളിൽ തനി വിളയായും വളർത്താം.
അഗ്ലോനിമയുടെ ടോപ് കട്ടിങ്ങിനും വേര് വന്ന തൈകൾക്കുമാണ് കൂടുതൽ ഡിമാൻഡ്. ബെഡ്ഡുകളെടുത്ത് ഒരടി അകലത്തിൽ തൈകൾ നട്ടാൽ നാലഞ്ചുമാസം കൊണ്ട് ടോപ്പ് കട്ടിംഗ് ശേഖരിക്കാം. ഇത്തരത്തിൽ ശേഖരിച്ച ടോപ്പ് കട്ടിങ്ങുകൾ കയറ്റിയയക്കുന്നതിനായി നഴ്സറി കൾക്ക് നൽകും. ഒപ്പം വേര് വന്ന കട്ടിങ്ങുകളും നൽകുന്നുണ്ട്. ഒരിക്കൽ നട്ട് കട്ടിങ്ങുകൾ ശേഖരിച്ചശേഷം പിന്നീട് ഇതേ ബെഡ്‌ഡിൽനിന്ന് തന്നെ വീണ്ടും മുളകൾ വന്നുതുടങ്ങും. തുടർന്ന് രണ്ട് മാസത്തിലൊരിക്കൽ ഇത്തരത്തിൽ കട്ടിങ്ങുകൾ ശേഖരിക്കാം.
വീടുകളിൽ വളർത്തുമ്പോൾ…
അഗ്ലോനിമ വീടുകളിൽ വളർത്തുമ്പോൾ അവയുടെ ആരോഗ്യവും ഭംഗിയും നിലനിർത്തുന്നതിന് മണ്ണ്, മണൽ അല്ലെങ്കിൽ ചകിരിച്ചോറ്, ചാണകപ്പൊടി അല്ലെങ്കിൽ കരിയിപ്പൊടി എന്നിവ ചേർന്ന മാധ്യമത്തിൽ നടുന്നതാണ് നല്ലത്. ചുവന്ന ഇനങ്ങൾക്ക് മാധ്യമത്തിൽ 40% ഉമി ചേർക്കുന്നതും നല്ലതാണ്. ആഴ്ചയിൽ രണ്ടു തവണ നനച്ചാൽ മതിയാകും. എന്നാൽ മണ്ണ് വരണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണം. അകത്തളങ്ങളിൽ വളർത്തുമ്പോൾ ആഴ്ചയിൽ ഒരുതവണ നനച്ചാൽ മതി. ഇലകളുടെ ഭംഗി നിലനിർത്തുന്നതിന് മൈക്രോന്യൂട്രിയന്റ് മിക്സ്ചർ സ്പ്രേ നൽകുന്നത് നല്ലതാണെന്ന് വിനോദ് സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നു.
കൃഷി ആരംഭിക്കാൻ താല്പര്യമുള്ളവർക്കായി
അഗ്ലോനിമ കൃഷി ആരംഭിക്കാൻ താല്പര്യമുള്ളവർ ആദ്യം ചെയ്യേണ്ടത് ചെടികൾ വിറ്റഴിക്കാനുള്ള മാർഗം കണ്ടെത്തുക എന്നതാണ്. ഉത്തരേന്ത്യയിൽ വീടുകളിലും വലിയ കെട്ടിടങ്ങളിലും വായു ശുദ്ധീകരിക്കുന്നതിന് ഇൻഡോർ പ്ലാന്റായി അഗ്ലോനിമ ഉപയോഗിക്കുന്നുണ്ട്. പച്ചയും വെള്ളയും കലർന്ന നിറങ്ങൾക്കാണ് കൂടുതൽ താല്പര്യം. ഇവ നഴ്സറികൾ കൃഷിക്കാരിൽ നിന്നും മൊത്തമായി ശേഖരിച്ച് കയറ്റിയയയ്ക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള നഴ്സറികൾ കണ്ടെത്താനായാൽ അഗ്ലോനിമ കൃഷി ലാഭകരമാണെന്ന് വിനോദ് പറയുന്നു.
അഗ്ലോനിമ കൂടാതെ ഫില്ലോടെൻഡ്രോൺ, കലാത്തിയ, ഡ്രസീന തുടങ്ങിയ ഇലച്ചെടികളും വിനോദ് കൃഷിചെയ്യുന്നുണ്ട്.അച്ഛൻ അപ്പുക്കുട്ടൻ, അമ്മ കത്രീന, ഭാര്യ ജിൻസി , രണ്ടു കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബം കൃഷിയിൽ മുഴുവൻ സപ്പോർട്ടുമായി വിനോദിനൊപ്പമുണ്ട്.
Discussion about this post