ഫെബ്രുവരി 2 ലോകം തണ്ണീർത്തട ദിനമായി ആചരിക്കവേ ഭൂമിയിൽ ജീവന്റെ നിലനിൽപിന് ആധാരമായ തണ്ണീർത്തടങ്ങളുടെ സംരക്ഷണം പൊതുജനങ്ങളുടെ പങ്കാളിത്തത്തോടും സഹകരണത്തോടെയും മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് മന്ത്രി വി എസ് സുനിൽകുമാർ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി. സംസ്ഥാന സർക്കാർ നടത്തിവരുന്ന നദികളുടെ പുനരുജ്ജീവന പദ്ധതിയിൽ വലിയ രീതിയിലുള്ള ജനകീയ പങ്കാളിത്തമാണ് ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഭൂമിയുടെ വൃക്കകളായ തണ്ണീർത്തടങ്ങളെ അവയുടെ സ്വാഭാവികതയിൽ തന്നെ സംരക്ഷിക്കണമെന്നും ഭാവിതലമുറകൾക്ക് യാതൊരു പോറലുമേൽക്കാതെ കൈമാറണമെന്നുമുള്ള വിശാലമായ കാഴ്ചപ്പാട് ഉള്ളതുകൊണ്ടാണ് കേരളത്തിൽ നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്നും ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ചരിത്രപരമായ ഈ തീരുമാനം എടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
“സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നമ്മുടെ സംസ്ഥാനത്ത് നടന്നുവരുന്ന നദികളുടെ പുനരുജ്ജീവനത്തിൽ നശിച്ചുകൊണ്ടിരിക്കുന്നതും പൂർണമായി ഇല്ലാതായതുമായ നദികളെ പുനരുജ്ജീവിപ്പിച്ച് നാടിന്റെ പച്ചപ്പ് നിലനിർത്തുന്നതിന് നാട്ടുകാർ ഒന്നടങ്കം രംഗത്തുവരുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമാവുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ നദികളുടെ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുന്നു എന്നത് ഏറെ ആവേശകരമാണ്. വരട്ടാർ, മീനച്ചിലാർ -മീന്തയാർ, കോലറയാർ തുടങ്ങി ചെറുതും വലുതുമായ നിരവധി നദികളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സാധ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനവും ചാരിതാർത്ഥ്യവുമുണ്ട്.പരിസ്ഥിതി മൂലധനത്തെ സംരക്ഷിച്ചു കൊണ്ടല്ലാതെ യാതൊരു വികസനവും സാധ്യമാവുകയില്ല എന്നതാണ് യാഥാർത്ഥ്യം. തണ്ണീർത്തടങ്ങൾ നമ്മുടെ പൊതുമുതലാണ്. മാനവരാശിയുടെ നിലനിൽപ്പിന് അവയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും മാത്രമേ ഇത് സാധ്യമാവുകയുള്ളു. മനുഷ്യരാശിയുടെ വളർച്ചയ്ക്ക് മുഖ്യപങ്കുവഹിക്കുന്ന തണ്ണീർത്തടങ്ങളെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം “,എന്ന് തണ്ണീർത്തടദിനം ആശംസിച്ചുകൊണ്ട് മന്ത്രി കുറിച്ചു.
Discussion about this post