ഭക്ഷ്യവസ്തുക്കൾക്ക് സ്വാദും സുഗന്ധവും നൽകുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് വാനില കൃഷി ചെയ്യുന്നത്. ഐസ്ക്രിം, കേക്ക് എന്നിവയുടെ നിർമ്മാണത്തിൽ രുചിയും മണവും കൂട്ടുന്നതിന് ഇതിന്റെ കായിൽ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിർമ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും വാനില ഉപയോഗിക്കുന്നുണ്ട്.
ഓർക്കിഡ് വർഗ്ഗത്തിൽപ്പെട്ട സുഗന്ധവിളയായ വാനില ചൂടും ഇടയ്ക്കിടെ മഴയുമുള്ള കാലാവസ്ഥയിൽ നന്നായി വളരും. എന്നാൽ വളർച്ചയ്ക്ക് തണലും ഒപ്പം ജൈവാംശമേറിയ മണ്ണും വേണം. വനപ്രദേശങ്ങളിലും കാട് തെളിയിച്ച ഇടങ്ങളിലും നന്നായി വളരുന്ന വാനില തുറസ്സായ സ്ഥലങ്ങളിൽ കൃഷി ചെയ്യുമ്പോൾ ആവശ്യത്തിന് തണൽ മരങ്ങൾ വച്ചു പിടിപ്പിക്കേണ്ടതുണ്ട്. കൃഷിയിടത്തിൽ നീർവാർച്ചയും ഉറപ്പുവരുത്തണം.
130 സെന്റീമീറ്റർ ഉയരത്തിലുള്ള താങ്ങുകൾ വള്ളികൾ പടരുന്നതിനായി നൽകണം. ശീമക്കൊന്ന, മുരിക്ക്, കാട്ടാവണക്ക് എന്നിവ താങ്ങിന് പറ്റിയ മരങ്ങളാണ്. വാനില വള്ളികൾ ശരിയായ രീതിയിൽ പടർത്തി വിടുന്നതിനും പരാഗണം എളുപ്പമാക്കുന്നതിനും താങ്ങ് മരങ്ങളുടെ വളർച്ച നിയന്ത്രിക്കേണ്ടതുണ്ട്. ഒന്നര മീറ്റർ ഉയരം എത്തുന്നതോടെ താങ്ങു മരങ്ങളെ ശിഖരങ്ങളുണ്ടാകാൻ അനുവദിക്കാം.
വള്ളി മുറിച്ചുനട്ടും 60 സെന്റീമീറ്റർ നീളമുള്ള വേരുപിടിപ്പിച്ച തൈകൾ നട്ടും ടിഷ്യുകൾച്ചർ തൈകൾ നട്ടും വാനില വളർത്താം. 40 സെന്റീമീറ്റർ ആഴവും വീതിയും നീളവുമുള്ള കുഴികളിൽ മഴക്കാലം ആരംഭിക്കുന്നതോടെ വള്ളി നടാം. ചെടികൾ തമ്മിൽ 2.7 മീറ്ററും വരികൾ തമ്മിൽ 1.8 മീറ്ററും അകലം പാലിക്കണം.
ലൂപിംഗ്
വാനില കൃഷിയിൽ ഏറെ പ്രധാനപ്പെട്ട രീതിയാണ് ലൂപിംഗ്. മരങ്ങളുടെ ശിഖരങ്ങൾ വരെ എത്തിയ വള്ളി അവിടെ തന്നെ വളർച്ച ക്രമീകരിച്ച് രണ്ട് മീറ്ററോളം വളർത്തിയ ശേഷം താഴേക്ക് തൂക്കിയിടുകയും മണ്ണിൽ മുട്ടുന്നതിനു മുൻപായി താങ്ങു മരങ്ങളിലൂടെ തന്നെ മുകളിലേക്ക് വളർത്തുകയും ചെയ്യണം. ഈ രീതിയെയാണ് ലൂപിംഗ് എന്ന് വിളിക്കുന്നത്. വള്ളികളുടെ വളർച്ച ക്രമീകരിക്കുന്നതിനും കൃത്രിമപരാഗണം, വിളവെടുപ്പ് മുതലായവ എളുപ്പമാക്കുന്നതിനുമാണ് ലൂപിംഗ് നടത്തുന്നത്.
ചെടിച്ചുവട്ടിൽ നിന്നും കളകൾ നീക്കം ചെയ്യുമ്പോൾ വേരിന് ക്ഷതമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജൂൺ- ജൂലൈ, സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ പച്ചിലയോ കാലിവളമോ കൊണ്ട് പുതയിടുകയും വേണം.
നട്ട് മൂന്നാം വർഷം മുതൽ വാനില പുഷ്പിക്കാനാരംഭിക്കും. ഇലമുട്ടിലാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. വള്ളിയുടെ നാമ്പ് നുള്ളുന്നത് പൂങ്കുലകൾ രൂപപ്പെടാൻ സഹായിക്കും.
പരാഗണം
വാനില പൂക്കളുടെ പ്രത്യേക രൂപം മൂലം സ്വയം പരാഗണം നടക്കില്ല. അതുകൊണ്ട് തന്നെ നാം കൈകൊണ്ട് കൃത്രിമപരാഗണം നടത്തിയാലേ കായ്കളുണ്ടാവുകയുള്ളൂ. രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പരാഗണം നടത്താം. പരാഗണം നടത്തി നാല് ദിവസത്തിനു ശേഷവും പൂവ് കൊഴിയാതെ ചെടിയിൽ നിൽക്കുകയാണെങ്കിൽ പരാഗണം വിജയിച്ചു എന്ന് മനസ്സിലാക്കാം.
കായ്കൾ മൂപ്പെത്താൻ 9 മുതൽ 11 മാസം വരെയെടുക്കും. കടുംപച്ച നിറത്തിലുള്ള വാനില ബീൻസിന്റെ ചുവടറ്റത്തുനിന്ന് നേരിയ മഞ്ഞനിറം മുകളിലേക്ക് പടരാൻ തുടങ്ങുന്നത് മൂപ്പെത്തിയതിന്റെ ലക്ഷണമാണ്. മുഴുവനും മഞ്ഞനിറമായി കായ പിളർന്നു പോകുന്നതിനു മുൻപേ പറിച്ചെടുക്കണം. വിളവെടുത്ത് മൂന്നു ദിവസങ്ങൾക്കുള്ളിൽ കായകൾ സംസ്കരിക്കണം.
സംസ്കരണം
വൃത്തിയാക്കിയ കായകൾ 65 ഡിഗ്രി സെൽഷ്യസ് ചെറുചൂടുവെള്ളത്തിൽ മൂന്നു മിനിറ്റ് നേരം മുക്കി തുവർത്തിയെടുത്ത് ചൂടോടെ തന്നെ കമ്പിളിയിൽ പൊതിഞ്ഞ് തടിപ്പെട്ടിയിലടച്ച് സൂക്ഷിക്കണം. അടുത്തദിവസം കായകൾ കമ്പിളിയോടുകൂടി പുറത്തെടുത്ത് അതിൽ തന്നെ നിരത്തി മൂന്നുനാലു മണിക്കൂർ വെയിൽ കൊള്ളിക്കണം. പിന്നീട് കായകൾ ചൂടായിരിക്കുന്ന സമയത്ത് തന്നെ കമ്പിളിയിൽ പൊതിഞ്ഞ് അര മണിക്കൂർ കൂടി വെയിലത്ത് വയ്ക്കാം. ശേഷം കമ്പിളിക്കെട്ടിനെ തടി പെട്ടിയിൽ വയ്ക്കാം. ഈ രീതി ആറ് മുതൽ എട്ട് ദിവസം വരെ ആവർത്തിക്കണം. പിന്നീട് വായുസഞ്ചാരമുള്ള മുറിയിൽ തടികൊണ്ടുള്ള ഷെൽഫുകളിൽ കായകൾ നിരത്തിവെച്ച് 25 മുതൽ 30 ദിവസം വരെ ഉണക്കിയെടുക്കണം.
സാവധാനം ഉണക്കിയെടുത്ത കായകൾ നീളവും നിറവുമനുസരിച്ച് വേർതിരിച്ച് പശ ഇല്ലാത്ത കറുത്ത ചരട് കൊണ്ട് രണ്ടറ്റവും കെട്ടാം. അമ്പതിന്റെയോ നൂറിന്റെയോ ഇത്തരം കെട്ടുകൾ ഈർപ്പം വലിച്ചെടുക്കാനോ നഷ്ടമാകാനോ കഴിയാത്ത തരത്തിൽ മെഴുക് കടലാസിൽ പൊതിഞ്ഞ ശേഷം വീണ്ടും കമ്പിളിയിൽ പൊതിഞ്ഞ് തടി പെട്ടിക്കുള്ളിൽ മൂന്ന് നാല് മാസം വരെ സൂക്ഷിക്കണം. ഈ സമയത്ത് വാനിലയിൽ സുഗന്ധം പൂർണ്ണമായും വികസിക്കും. ചിലപ്പോൾ കായയുടെ പുറത്ത് വെളുത്ത വാനിലിൻ പരലുകൾ കാണാൻ സാധിക്കുകയും ചെയ്യും. സംസ്കരിച്ചെടുത്ത കായയുടെ ഈർപ്പം 18 മുതൽ 20 ശതമാനം വരെയായിരിക്കണം. നന്നായി സംസ്കരിച്ചെടുത്ത കായകൾക്ക് നല്ല തവിട്ടുനിറമായിരിക്കും.
Discussion about this post