രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കൊയർ ഓഫ് കേരള എന്ന ഫ്ലോട്ട് ഒരുക്കി സംസ്ഥാനം. കയറും തെങ്ങുല്പന്നങ്ങളും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്നതാണ് കേരളം ഫ്‌ളോട്ടിലൂടെ പറയുന്നത്. രണ്ടുഭാഗങ്ങളായി തയ്യാറാക്കിയിട്ടുള്ള ഫ്‌ളോട്ടിൽ മുൻഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ചകിരിയുടെയും പശ്ചാത്തലത്തിൽ കേരളത്തിലെ പരമ്പരാഗത കയർ നിർമ്മാണ ഉപകരണമായ റാട്ടും കയർ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ കായൽ പ്രദേശങ്ങളിൽ കാണപ്പെടുന്ന മണൽത്തിട്ടയും കായലിലേയ്ക്ക് ചാഞ്ഞുനിൽക്കുന്ന പ്രവർത്തിക്കുന്ന ചീനവലയും കരയിൽ കായ്ച്ചു നിൽക്കുന്ന തെങ്ങുകളുമാണ് ഫ്‌ളോട്ടിന്റെ പശ്ചാത്തലം. മണൽത്തിട്ടയിൽ പ്രതീകാത്മകമായി ഉയർന്നു നിൽക്കുന്ന കരിക്കുമാതൃകയുടെ ചാരെ തൊണ്ടുതല്ലുന്ന സ്ത്രീകളും വശങ്ങളിൽ വിവിധ പാകത്തിലുള്ള തേങ്ങകളും ഫ്‌ളോട്ടിന്റെ ദൃശ്യചാരുത കൂട്ടുന്നു.
കേരളത്തിന്റെ നാടോടി വിജ്ഞാനീയത്തിൽ ഏറെ പ്രാധാന്യമുള്ള, കുരുത്തോല വസ്ത്രമായും അലങ്കാരമായും മാറുന്ന തെയ്യം ഫ്ലോട്ടിന് മിഴിവേകും. കേരള സംസ്കാരത്തിൻ്റെ രൂപകമായാണ് കയർ മാറുന്നത്. മണ്ണൊലിപ്പു തടയുന്നതിന് കയർ ഭൂവസ്ത്രം വിരിച്ച രീതിയിലാണ് ടാബ്ലോയുടെ പിൻവശത്തെ ഭൂഭാഗം. 12 കലാകാരന്മാരാണ് ഫ്‌ളോട്ടിന് വാദ്യവും തെയ്യവും ചീനവലയുമൊരുക്കുന്നത്. പ്രശസ്ത ടാബ്ലോ ആർട്ടിസ്റ്റ് ബപ്പാദിത്യ ചക്രവർത്തിയാണ് കേരളത്തിന്റെ ഫ്‌ളോട്ട് നിർമ്മിക്കുന്നത്. ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ തോറ്റം ശൈലിയിലുള്ള പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ശ്രീവത്സൻ ജെ മേനോനാണ്. കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസിനാണ് ഫ്‌ളോട്ടിന്റെ മേൽനോട്ടച്ചുമതല. സജീവ് പാഴൂരാണ് ഫ്ലോട്ട് അഡ്വൈസർ.2 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നുള്ള നിശ്ചല ദൃശ്യത്തിന് പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
Discussion about this post