വിത്തുല്പാദന വേളയിൽ അതീവ ശ്രദ്ധ പുലർത്തിയാൽ മാത്രമേ ജനിതക പരിശുദ്ധിയുള്ള വിത്തുകൾ ശേഖരിക്കാനാകൂ. വിത്ത് ശേഖരിക്കുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ പല കാര്യങ്ങളിലും ശ്രദ്ധ വേണം. വാണിജ്യാടിസ്ഥാനത്തിലുള്ള വിത്തുല്പാദനത്തിന് സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് അനുയോജ്യമായ സമയം. വിത്തുല്പാദനം, സംസ്കരണം, സംഭരണം എന്നിവയാണ് പ്രധാന ഘട്ടങ്ങൾ.
ഉൽപാദന വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിത്തുല്പാദനത്തിനായി തിരഞ്ഞെടുക്കുന്നത് വിശ്വാസയോഗ്യമായ വിത്തുകളാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. തിരഞ്ഞെടുത്ത വിളയെ കുറിച്ചും ഇനത്തിന്റെ പ്രത്യേകതയെക്കുറിച്ചും രോഗകീടബാധയെക്കുറിച്ചും അവയുടെ നിയന്ത്രണത്തെ കുറിച്ചും ശരിയായ ധാരണ ഉൽപാദനകന് ഉണ്ടായിരിക്കണം. വിത്തുൽപ്പാദനത്തിനായി സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ചയും വളക്കൂറുമുള്ളതുമായ ഇടങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.മണ്ണിലൂടെ പകരുന്ന രോഗകീടങ്ങളിൽ നിന്നും വിമുക്തമായിരിക്കണം. വിത്തിലൂടെ പകരുന്ന രോഗം ബാധിച്ച ചെടികൾ തൈകളായിരിക്കുമ്പോൾ തന്നെ നശിപ്പിക്കാൻ ശ്രദ്ധിക്കണം. കൃഷിത്തോട്ടത്തിലെ കളകൾ കൃത്യമായി നീക്കം ചെയ്യുകയും വേണം. ആദ്യത്തെ ഒന്നുരണ്ട് തവണ പച്ചക്കറി ആവശ്യത്തിനായി മൂപ്പെത്തുന്നതിനുമുൻപ് കായകൾ വിളവെടുക്കാം. മൂപ്പെത്താതെ ഉണങ്ങിയ വിത്തുകൾ, അവസാന വിളവെടുപ്പിൽ ലഭിക്കുന്ന വലിപ്പം കുറഞ്ഞ കായൾ എന്നിവ വിത്തിനായി ഉപയോഗിക്കരുത്. രാസവളങ്ങൾ അമിതമായ തോതിൽ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സംസ്കരണ വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിത്തിന്റെ അങ്കുരണശേഷി വർദ്ധിപ്പിക്കുന്നതിനും നല്ല വളർച്ച ലഭിക്കുന്നതിനും സംസ്കരണ സമയത്ത് ശ്രദ്ധ നൽകേണ്ടതുണ്ട്. വർദ്ധിച്ച ചൂടും അന്തരീക്ഷത്തിലെ ജലാംശവും മൂലം പല രോഗ കീടങ്ങൾ വിത്തിനെ ബാധിക്കാം. മൂത്തുപഴുത്ത കായ്കളിൽ നിന്നും വിത്തെടുത്ത് വേണ്ടവിധത്തിൽ ഉണക്കി അതിൽനിന്നും നല്ല വിത്തുകൾ ശേഖരിക്കാം. കേടു വന്നതും ചെറുതുമായ വിത്തുകൾ ഒഴിവാക്കണം. 6 മുതൽ 8 ശതമാനം വരെ ജലാംശം നില നിൽക്കുന്ന രീതിയിലാണ് മിക്കവാറും പച്ചക്കറിവിത്തുകളെല്ലാം ഉണക്കേണ്ടത്. കുറഞ്ഞ ചൂടിൽ കൂടുതൽ സമയം ഉണക്കുന്നതാണ് നല്ലത്. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ ലഭിക്കുന്ന ശക്തമായ വെയിലിൽ സിമന്റ് തറയിലിട്ട് വിത്ത് ഉണക്കരുത്. ചാണകം മെഴുകിയ നിലത്തോ ചാക്കിലോ പനമ്പിലോ നിരത്തി ഇടയ്ക്ക് ഇളക്കി വിത്ത് ഉണക്കുന്നതാണ് നല്ലത്.
സംഭരണ വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അന്തരീക്ഷ ജലാംശം, ഊഷ്മാവ്, വിത്തിലെ ജലാംശം എന്നിവയാണ് സംഭരണ വേളയിൽ വിത്തിനെ ബാധിക്കുന്ന ഘടകങ്ങൾ. കുറഞ്ഞ ഊഷ്മാവും ഈർപ്പം കുറഞ്ഞ അന്തരീക്ഷവുമാണ് കൂടുതൽ കാലം വിത്ത് സൂക്ഷിക്കാൻ നല്ലത്. മഴക്കാലത്ത് പൂപ്പലും കീടബാധയും കടന്നു കൂടാൻ സാധ്യതയേറെയാണ്. 6 മുതൽ 8 ശതമാനം ജലാംശം എത്തുന്നതുവരെ ഉണക്കിയ വിത്തുകൾ കട്ടിയുള്ള പോളിത്തീൻ കവറിലോ പ്ലാസ്റ്റിക് പാത്രത്തിലോ വായു കടക്കാത്തവിധം സൂക്ഷിക്കാം. എയർകണ്ടീഷൻ ചെയ്ത മുറികളിൽ കട്ടിയുള്ള പ്ലാസ്റ്റിക് കവറുകളിലാക്കി വിത്തുകൾ കൂടുതൽ കാലം സൂക്ഷിക്കാം. മണ്ണും കല്ലും ചെടിയുടെയും കായ്കളുടെയും അവശിഷ്ടങ്ങളും മോശമായ വിത്തുകളും നീക്കംചെയ്യണം. ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി വിത്ത് ചാക്കുകളിൽ ലേബലൊട്ടിച്ച് ടാഗ് ചെയ്യേണ്ടത് സീഡ് ആക്ട് പ്രകാരം നിർബന്ധമാണ്. വില്പനക്കുള്ള ഫൌണ്ടേഷൻ വിത്തിലും സാക്ഷ്യപ്പെടുത്തിയ വിത്തിലും ശുദ്ധമായ വിത്തിന്റെ അളവ്, അങ്കുരണശേഷി മണൽതരികൾ മൺകട്ടകളുടെ അളവ് മറ്റു വിളകളുടെയും കളകളുടെയും വിത്ത് എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്.
Discussion about this post