വൈകല്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. കൃഷിയിടത്തില്‍ പൊന്നുവിളയിക്കുന്ന കഥയാണ് വേങ്ങര ഊരകം പുല്ലഞ്ചാലിലെ കാരാട് അരുണ്‍ കുമാറിന് പറയാനുള്ളത്. അരുണിന്റെ കൃഷി വിശേഷമറിയുന്നതിന് മുമ്പ് അരുണ്‍ എന്ന 52കാരനായ ഭിന്നശേഷിക്കാരനെ കുറിച്ചറിയണം.
ജന്മനാ കാലുകള്‍ക്ക് ശേഷിയില്ലാത്ത അരുണിന് പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാനാകില്ല. കൈകള്‍ നിലത്തൂന്നി നിരങ്ങി നീങ്ങിയാണ് അരുണ്‍ സഞ്ചരിക്കാറുള്ളത്. വ്യക്തമായി സംസാരിക്കാനും കഴിയില്ല. എന്നാല്‍ അരുണ്‍ ഒറ്റയ്ക്ക് 50 വാഴയാണ് വെച്ചത്. ശാരീരിക പരിമിതകള്‍ ഒന്നിനും ഒരു തടസമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് അരുണ്‍.
കൈക്കോട്ട് എടുത്ത് മണ്ണ് കിളക്കുന്ന ചിത്രം സഹിതം സോഷ്യല്‍മീഡിയയിലാണ് അരുണിന്റെ പ്രചോദനമേകുന്ന കഥ പങ്കുവെച്ചിരിക്കുന്നത്. ഇത് ആദ്യമായല്ല അരുണ്‍ കൃഷി ചെയ്യുന്നത്. മറ്റൊരാള്‍ പാട്ടത്തിന് എടുത്ത സ്ഥലത്തില്‍ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. അതിരാവിലെ തുടങ്ങും അരുണ്‍ കൃഷിയിടത്തില്‍ അധ്വാനം. ഉച്ചയോടെ മാത്രമേ ജോലി നിര്‍ത്തൂ. വഴ നടുന്നത് മുതല്‍ അതില്‍ നിന്ന് വിളവെടക്കുന്നത് വരെ അരുണിന് വിശ്രമമുണ്ടാകില്ല. ചെറിയ സഹായമൊക്കെ ഒപ്പം ഉള്ളവര്‍ ചെയ്തു നല്‍കും. കൃഷി വകുപ്പില്‍ നിന്നും അരുണിന് സഹായങ്ങള്‍ നല്‍കുന്നുണ്ട്. മണ്ണിനെ സ്‌നേഹിച്ച് കൃഷിയിലൂടെ മറ്റുള്ളവര്‍ക്ക് അരുണ്‍ പകര്‍ന്നു നല്‍കുന്നത് വലിയൊരു സന്ദേശമാണ്.
Discussion about this post