എന്നും പൂത്തുലഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ പൂന്തോട്ടത്തിന് മാറ്റുകൂട്ടുന്നതിനൊപ്പം മനസ്സിന് സന്തോഷവും പകരും. കിളികൾക്കും ശലഭങ്ങൾക്കുമെല്ലാം പ്രിയപ്പെട്ട ഇടം കൂടിയാണ് പൂമരങ്ങൾ. മുറ്റത്ത് കൊഴിഞ്ഞുവീഴുന്ന പുഷ്പങ്ങളും കണ്ണിനിംബം നൽകുന്ന കാഴ്ച തന്നെ. സ്ഥലപരിമിതി മൂലം പല പൂമരങ്ങളും വീട്ടിൽ നട്ടുപിടിപ്പിക്കുക പ്രയാസമായിരിക്കും. എന്നിരുന്നാലും അധികം ഉയരത്തിൽ വളർന്നു പോകാത്ത ചെറു പൂമരങ്ങൾ നമുക്ക് വീടുകളിൽ നട്ടുപിടിപ്പിക്കാനാകും. കൃത്യമായി കൊമ്പ്കോതി മരങ്ങളുടെ ആകൃതി സംരക്ഷിക്കുകയും ഉയരം നിയന്ത്രിക്കുകയും വേണമെന്നുമാത്രം. അത്തരത്തിലുള്ള 5 മരങ്ങൾ പരിചയപ്പെടാം.
നാഗചെമ്പകം
പ്ലുമേറിയ പുഡിക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന നാഗ ചെമ്പകം വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കാനുതകുന്ന ചെറു പൂമരമാണ്. ഗോൾഡൻ ആരോ എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നുണ്ട്. അസാധാരണമായ സ്പൂൺ ആകൃതിയിലുള്ള ഇലകളാണ് ഈ സസ്യത്തിന്റെ പ്രത്യേകത. വെള്ളനിറത്തിലുള്ള വലിപ്പമേറിയ അഞ്ചിതൾ പൂക്കളുടെ മധ്യഭാഗത്ത് മഞ്ഞനിറമാണ്. ഒപ്പം നീളമുള്ള പൂന്തണ്ടുകളും കാണാം. ഇവ കൂട്ടം കൂട്ടമായി വിടർന്നു നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്. ഓരോ കുലയിലും കുറഞ്ഞത് 10 പൂക്കളെങ്കിലുമുണ്ടാകും.
ചട്ടിയിലും തറയിലുമെല്ലാം നാഗ ചെമ്പകം വളർത്താം. ഏറ്റവും നല്ലത് തറയിൽ വളർത്തുന്നതാണ്. കമ്പ് നട്ടാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. നീർവാർച്ചയും വളക്കൂറുമുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ മണ്ണിലാണ് നാഗചെമ്പകം നടേണ്ടത്. വേരുപിടിച്ച് അല്പം വളർന്നു കിട്ടിയാൽ പിന്നെ കാര്യമായ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ല. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യത്തിന് നനയും നൽകണം. ഉയരത്തിലേക്ക് പൊങ്ങി പോകുന്ന സ്വഭാവമുള്ള ചെടിയാണിത്. ഇത് തടയാനായി കൃത്യമായി കൊമ്പ് കോതി നിർത്താം.
ബോട്ടിൽ ബ്രഷ് ട്രീ
ആരെയും ആകർഷിക്കുന്ന പുഷ്പ വൃക്ഷമാണ് ബോട്ടിൽ ബ്രഷ് ട്രീ . പൂന്തോട്ടത്തിന് ഒരു പ്രത്യേക ഭംഗി നൽകാൻ ഈ വൃക്ഷത്തിന് സാധിക്കും. ബോട്ടിൽ കഴുകാൻ ഉപയോഗിക്കുന്ന ബ്രഷിന്റെ ആകൃതിയിലുള്ള ചുവന്നപൂക്കളുള്ളതിനാലാണ് ഈ വൃക്ഷത്തിന് ബോട്ടിൽ ബ്രഷ് ട്രീ എന്ന പേരുവന്നത്. ഓസ്ട്രേലിയയിൽ ഉത്ഭവിച്ച ഈ സസ്യത്തിന്റെ യഥാർത്ഥനാമം കാലിസ്റ്റിമോൺ എന്നാണ്. ഇവ നല്ല ഉയരത്തിൽ വളരുമെങ്കിലും കമ്പ് കോതി നിർത്തുകയാണെങ്കിൽ ചെറിയ വലിപ്പത്തിൽ തന്നെ വളർത്താനാകും. ഇടത്തരം മൂപ്പുള്ള കമ്പുകൾ നട്ട് തൈകൾ ഉൽപാദിപ്പിക്കാം. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിലാണ് തൈകൾ നടേണ്ടത്. ആഴ്ചയിലൊരിക്കലെങ്കിലും നനയ്ക്കാൻ ശ്രദ്ധിക്കണം.
അരളി
വീട്ടുമുറ്റത്ത് നട്ടു വളർത്താൻ ഏറ്റവും അനുയോജ്യമായ ചെറു പൂമരങ്ങളിലൊന്നാണ് അരളി. എല്ലാത്തരം കാലാവസ്ഥയിലും വളരുന്ന സസ്യമാണിത്. അപ്പോസൈനേസികുടുംബത്തിൽപ്പെട്ട അരളിയുടെ ശാസ്ത്രനാമം നീരിയം ഒലിയാണ്ടർ എന്നാണ്.ഒരു നിത്യഹരിത സസ്യമായ അരളിയിൽ എപ്പോഴും പൂക്കളുണ്ടാകും. മഞ്ഞ, വെള്ള, പിങ്ക്, റോസ് എന്നിങ്ങനെ പല നിറങ്ങളിലുള്ള അരളിച്ചെടികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.ഒറ്റ ലയർ മാത്രം ഇതളുകളുള്ളവയും അടുക്കുകളായി പൂക്കുന്നവയുമുണ്ട്. കമ്പുകൾ മുറിച്ചുനട്ടും എയർ ലെയറിങ് വഴിയും തൈകൾ ഉൽപ്പാദിപ്പിക്കാം. നല്ലനീർവാർച്ചയും വളക്കൂറുമുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ മണ്ണിൽ നട്ടാൽ വളരെ കുറഞ്ഞ പരിചരണം മാത്രം നൽകിയാൽ മതിയാകും. ആരോഗ്യത്തോടെ വളർന്ന് ശിഖരങ്ങളുണ്ടാക്കാൻ തുടങ്ങിയാൽ പിന്നെ ഇടയ്ക്ക് നന നൽകിയാൽ മാത്രം മതി. സ്ഥലപരിമിതി പരിമിതിയുണ്ടെങ്കിൽ വലിയ ചട്ടികളിലും അരളി നട്ടു വളർത്താം. ചാണകപ്പൊടി, ചകിരിചോറ്, മണൽ, മണ്ണ് എന്നിവ ചേർത്ത മിശ്രിതത്തിൽ ചട്ടികളിൽ അരളി നടാം. നന്നായി പൂക്കുന്നില്ലെങ്കിൽ കൊമ്പ് കൊതി നിർത്താം. അരളിച്ചെടിയുടെ സസ്യഭാഗങ്ങൾ മനുഷ്യരുടെയോ കന്നുകാലികളുടെയോ ഉള്ളിൽ ചെല്ലാതെ പ്രത്യേകം ശ്രദ്ധിക്കണം.അരളിയുടെ എല്ലാഭാഗവും പച്ചയ്ക്ക് വിഷമയമാണ്.
യെല്ലോ ബെൽസ്
കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ചെറുപൂമരമാണ് യെല്ലോ ബെൽസ്.ടെക്കോമ സ്റ്റാൻസ് എന്നാണ് ശാസ്ത്രനാമം. വെള്ളം കുറഞ്ഞ വരണ്ട ഇടങ്ങളിൽ പോലും ഇവ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിൽ ടെക്കോമ ലഭ്യമാണ്.
നിലത്തും ചട്ടിയിലും ഇവ വളർത്താം. ചട്ടിയിൽ നടുമ്പോൾ നീർവാർച്ചയും ജൈവാംശവും ഉറപ്പുവരുത്തണം. ആവശ്യത്തിന് മാത്രം വെള്ളം നനച്ചാൽ മതിയാകും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നട്ടാൽ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. കൃത്യമായി കമ്പ്കോതാൻ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ പുഷ്പിക്കും. ഒപ്പം മരത്തിന്റെ ആകൃതിയും നിലനിർത്താം. ആവശ്യമെങ്കിൽ ഏതുതരം ജൈവവളവും മണ്ണിനോടൊപ്പം ചേർത്തുകൊടുക്കാം. ഇടത്തരം മൂപ്പുള്ള കമ്പുകൾ മണ്ണിൽ നട്ട് തൈകൾ ഉൽപാദിപ്പിക്കാം.
നന്ത്യാർവട്ടം
അപ്പോസൈനേസി സസ്യകുടുംബത്തിൽപ്പെട്ട നന്ത്യാർവട്ടത്തിന്റെ ശാസ്ത്രീയ നാമം ടാബർനെ മൊണ്ടാന എന്നാണ്. ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും നന്ത്യാർവട്ടം വളരും. ഒരു ചെറു മരത്തിനോളം വലിപ്പം വയ്ക്കുന്ന സസ്യമാണിത്. 5 ഇതളുകളുള്ള വെളുത്ത പൂക്കൾ ഏറെ ആകർഷകമാണ്. 6-8 പൂക്കളുള്ള കുലകളായാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾക്ക് ചെറു സുഗന്ധവുമുണ്ട്. രാത്രിയിലാണ് ഇവ വിടരുന്നത്. കമ്പുകൾ മുറിച്ചുനട്ടും ചുവട്ടിൽനിന്നും മുളച്ചുവരുന്ന ചെറു തൈകൾ പറിച്ചു നട്ടും ഇവ വളർത്തിയെടുക്കാം. നട്ട് ഒരു വർഷത്തിനുള്ളിൽ പൂത്തു തുടങ്ങും. നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം എന്നിവ നേത്ര രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
Discussion about this post