ഇലകളിൽ വർണ്ണ വിസ്മയം തീർക്കുന്ന സസ്യമാണ് കോളിയസ്. ലാമിയേസി കുടുംബത്തിൽപെട്ട സസ്യമാണിത്. മാസം മാറി, കണ്ണാടിച്ചെടി എന്നീ പേരുകളിലാണ് നമ്മുടെ നാട്ടിൽ കോളിയസ് അറിയപ്പെടുന്നത്. വെയിലത്തും തണലത്തും വളർത്താനാവും. എന്നാൽ നിറങ്ങളുടെ ചാരുത ഏറ്റവുമധികം വ്യക്തമാകുന്നത് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ നടുമ്പോഴാണ്.
പലതരത്തിലും നിറത്തിലുമുള്ള കോളിയസ് ചെടികൾ ഒരുമിച്ചു നിർത്തുന്നത് പൂന്തോട്ടത്തെ കൂടുതൽ ആകർഷകമാക്കും.വളരെ എളുപ്പത്തിൽ നട്ടുവളർത്താവുന്ന സസ്യമാണിത്. മൂന്ന് മുട്ടുകളുള്ള തണ്ടുകൾ ചട്ടികളിലോ പോളിത്തീൻ കവറിലൊ ഗ്രോബാഗിലോ തറയിലോ നട്ട് തൈകൾ ഉൽപാദിപ്പിക്കാം.വെള്ളത്തിൽ ഇട്ടു വെച്ചാലും വേഗത്തിൽ വേര് വരും.
കോളിയസ് കൂടുതൽ ഭംഗിയോടും ആകർഷകമായും കാണുന്നതിന് ഇവ നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ നടണം. നല്ല നീർവാർച്ചയുള്ള മണ്ണു വേണം. ലോലമായ തണ്ടുകളും ഇലകളും കൃത്യമായി നന ലഭിച്ചില്ലെങ്കിൽ വാടിപ്പോകാൻ സാധ്യതയുണ്ട്.
ചാണകപ്പൊടി, നന്നായി നേർപ്പിച്ച ഗോമൂത്രം, പിണ്ണാക്ക് തെളി നേർപ്പിച്ചത്, ചാണകത്തെളി എന്നിങ്ങനെയുള്ള ജൈവവളങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ മണ്ണിൽ ചേർത്തു കൊടുത്താൽ ഇവ പെട്ടെന്നുതന്നെ തഴച്ചുവളരും. ഇവയുടെ പൂക്കൾ കാഴ്ചയിൽ ഭംഗിയുള്ളവയാണെങ്കിലും പൂക്കാൻ അനുവദിച്ചാൽ ചെടിയുടെ മൊത്തത്തിലുള്ള ഭംഗി നഷ്ടപ്പെടും. ചെടികൾ പെട്ടെന്ന് നശിച്ചുപോകുകയും ചെയ്യും.അതുകൊണ്ടുതന്നെ പൂക്കാൻ തുടങ്ങുമ്പോൾ തുമ്പ് വെട്ടി നിർത്തുന്നത് നല്ലതാണ്.
പല നിറങ്ങളിലും ആകൃതിയിലുമുള്ള ഇലകളുള്ള കോളിയസ് ചെടികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അകത്തളങ്ങളിൽ സൂക്ഷിക്കുന്ന ഇൻഡോർ ഇനങ്ങളും പ്രചാരത്തിലുണ്ട്.
Discussion about this post