നമ്മുടെ നാട്ടിൽ ഏറെ പ്രചാരത്തിലുള്ള ഒരു വിദേശ സസ്യമാണ് അഡീനിയം. ബോൺസായിയായി വളർത്താൻ കഴിയുന്നത് കൊണ്ടും പല നിറങ്ങളിലുള്ള ആകർഷകമായ പൂക്കളുള്ളതുകൊണ്ടും അഡീനിയത്തിന് ആരാധകരേറെയാണ്.
ആഫ്രിക്ക, അറേബ്യൻ പെനിൻസുല എന്നിവിടങ്ങളാണ് അഡീനിയത്തിന് ജന്മദേശം. ഡെസേർട്ട് റോസ് എന്ന പേരിലും അഡീനിയം അറിയപ്പെടുന്നുണ്ട്. ജലാംശം കുറഞ്ഞ വരണ്ട മണ്ണിൽ വളരാൻ പോന്നവയാണ് അഡീനിയം. ചെടിയുടെ ചുവട്ടിലെ ഉരുണ്ട ഭാഗത്തെ കോടെക്സ് എന്ന് വിളിക്കുന്നു. ജലം ശേഖരിച്ചു വയ്ക്കാൻ കഴിവുള്ള ഭാഗമാണിത്.
അഡീനിയം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജലസേചനം
അഡീനിയം വളർത്തുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ജലസേചനത്തിന് തന്നെയാണ്. കൂടുതലായി വെള്ളം നൽകേണ്ട ആവശ്യമില്ല. മണ്ണിന്റെ നനവ് പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം നൽകാം
നടീൽ മിശ്രിതം
നല്ല നീർവാർച്ചയുള്ള മണ്ണിലാണ് അഡീനിയം നടേണ്ടത്. നീർവാർച്ച ഉറപ്പുവരുത്തുന്നതിനായി പോട്ടിങ് മിശ്രിതത്തിൽ മണൽ, ചകിരിച്ചോറ് എന്നിവ ചേർക്കാം. ചട്ടിയുടെ അടിയിലായി ഓടിൻ കഷണങ്ങളിടുന്നതും നല്ലതാണ്.
സൂര്യപ്രകാശം
സൂര്യപ്രകാശം ഏറെ ഇഷ്ടപ്പെടുന്ന സസ്യമാണ് അഡീനിയം. നന്നായി വെയിൽ ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചാൽ കൂടുതൽ പൂക്കളുണ്ടാകും.
വളപ്രയോഗം
കൂടുതൽ പൂക്കൾ വിരിയുന്നതിനായി വളപ്രയോഗം നടത്താം. കമ്പോസ്റ്റ്, പുളിപ്പിച്ച പെണ്ണാക്ക് തെളി നേർപ്പിച്ചത്, എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. പഴത്തൊലി രണ്ടുദിവസം ഇട്ടു വെച്ച വെള്ളം നേർപ്പിച്ചു തളിക്കുന്നതും ഏറെ ഗുണകരമാണ്. തേയിലകൊത്ത്, ഉള്ളിത്തൊലി, മുട്ടത്തോട് എന്നിവ ചേർത്ത മിശ്രിതവും എല്ലുപൊടിയുമെല്ലാം വളമായി ഉപയോഗിക്കാം. ഇവ മാസത്തിലൊരിക്കലെങ്കിലും നൽകുന്നത് നന്നായി പുഷ്പിക്കാൻ സഹായിക്കും.
പ്രൂണിങ്
ചെടിയുടെ ആകർഷണീയത നിലനിർത്തുന്നതിനും കൂടുതൽ പൂക്കളുണ്ടാകുന്നതിനും പൂത്തു കഴിഞ്ഞ ശിഖരങ്ങൾ കോതു ന്നത് നല്ലതാണ്. മുറിച്ചെടുത്ത ഭാഗത്ത് കുമിൾനാശിനി പുരട്ടുന്നത് രോഗങ്ങൾ വന്ന് ചെടി നശിച്ചുപോകുന്ന തടയും.
തൈകളുടെ ഉത്പാദനം
വിത്തുപാകിയും കമ്പു നട്ടും അഡീനിയം വളർത്തിയെടുക്കാം. പൂക്കളിൽ നിന്നുണ്ടാകുന്ന നീണ്ട കായക്കുള്ളിൽ അപ്പൂപ്പൻതാടി പോലെ വിത്തുകൾ കാണപ്പെടും. വിളഞ്ഞ് മൂത്ത വിത്തുകൾ പാകി തൈകൾ കിളിപ്പിക്കാം. എന്നാൽ വിത്തു പാകി കിളിപ്പിക്കുന്നവയ്ക്ക് മാതൃസസ്യത്തിലെ അതേ നിറത്തിലുള്ള പൂക്കൾ ലഭിക്കണമെന്നില്ല. അതിനാൽ കമ്പ് നടുന്നതാണ് കൂടുതൽ നല്ലത്. ചെടിയിൽ നിന്നും വരുന്ന ചെറു ശിഖരങ്ങൾ പോട്ടിങ് മിശ്രിതത്തിൽ മാറ്റി നട്ട് തൈകളാക്കി മാറ്റാം. ഗ്രാഫ്റ്റ് ചെയ്ത തൈകളും നടാനായി ഉപയോഗിക്കാം. കമ്പ് നട്ട് വളർത്തുന്നവയുടെ ചുവട് ഉരുണ്ടു വരാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കും.
അടീനയെ ഏറ്റവും ആകർഷകമാക്കുന്നത് ഇതിന്റെ ഉരുണ്ട് ചുവടാണ്. ബോൺസായി ചെടിയായി വളർത്തുമ്പോൾ ഇവയുടെ ഭംഗി കൂട്ടുന്നതിനായി കൂടുതൽ വിസ്താരമുള്ള ചട്ടികളിൽ നടുന്നത് നല്ലതാണ്. ഭംഗിക്കായി ചുവട്ടിൽ വെള്ളാരം കല്ലുകളും ഇട്ടുകൊടുക്കാം. അഡീനിയത്തിന്റെ തണ്ടിൽ നിന്നും വരുന്ന കറ കണ്ണിൽ പുരളാതെയും ഉള്ളിൽ എത്താതെയും ശ്രദ്ധിക്കണം. പ്രൂണിങ് ചെയ്യുന്ന സമയത്ത് ഗ്ലൗസ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
Discussion about this post