മറ്റൊരു മാമ്പൂക്കാലം കൂടി വരവായി എന്നാൽ മാമ്പൂ കണ്ട് കൊതിക്കാൻ മാത്രമേ പലർക്കും സാധിക്കുകയുള്ളു. പലയിടങ്ങളിലും മാമ്പഴക്കാലം ആസ്വദിക്കുന്നത് കായീച്ചകളാണ്. അനേകം മാമ്പൂക്കളും കണ്ണിമാങ്ങകളും കൊഴിഞ്ഞ ശേഷം വിളഞ്ഞു കിട്ടുന്ന മാങ്ങകളും കായീച്ചകൾ ആക്രമിച്ച് നശിപ്പിക്കുന്നു. എന്നിരുന്നാലും കായീച്ചകളുടെ ആക്രമണ രീതിയും ജീവിത ചക്രവും മനസ്സിലാക്കിയാൽ ഒരു പരിധിവരെ നമുക്ക് ഇവയെ നിയന്ത്രിക്കാനാകും.
വിളഞ്ഞുപഴുക്കാറായ കായകളെയാണ് സാധാരണയായി കായീച്ചകൾ ആക്രമിക്കുന്നത്. ഇവ മാങ്ങകളുടെ തൊലിക്കുള്ളിൽ മുട്ടയിടുന്നു. മുട്ടകൾ മാങ്ങയ്ക്കുള്ളിൽ വിരിയുകയും വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ വിളഞ്ഞു തുടങ്ങിയ മാങ്ങ തിന്നു നശിപ്പിക്കുകയും ചെയ്യും. നന്നായി വിളഞ്ഞതോ പഴുത്തതോ ആയ മാങ്ങകൾ മുറിച്ചു നോക്കിയാൽ അവയ്ക്കുള്ളിൽ പുഴുക്കൾ വളരുന്നത് കാണാം. ഇത്തരത്തിൽ കായീച്ചകൾ ആക്രമിച്ച മാങ്ങകൾ പഴുത്ത് മണ്ണിലേക്ക് വീണു കഴിഞ്ഞാൽ പുഴുക്കൾ മണ്ണിൽ സമാധി ദിശയിലേക്ക് കടക്കും. ഇവ വിരിഞ്ഞ് കായീച്ചകളായി പുറത്തുവരികയും ചെയ്യും. മാമ്പഴം കൂടാതെ പേരയ്ക്ക, പപ്പായ എന്നീ വിളകളെയും കായീച്ചകൾ ആക്രമിക്കാറുണ്ട്.
കായീച്ചകളുടെ ആക്രമണം തടയാനുള്ള മാർഗങ്ങളിലൊന്ന് മൂത്ത മാങ്ങകൾ നേരത്തെ തന്നെ പറിച്ചെടുക്കുക എന്നതാണ്. വിളഞ്ഞ മാങ്ങകൾ പറിച്ചെടുത്ത ശേഷം 5% വീര്യമുള്ള ഉപ്പുവെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ ഒരു മണിക്കൂർ മുക്കിവച്ചശേഷം തുടച്ചെടുത്ത് പഴുപ്പിക്കാം. ചെറുചൂടുവെള്ളത്തിൽ ഒരു ശതമാനം ഉപ്പിട്ട് 15 മിനിറ്റ് മുക്കിവയ്ക്കുകയുമാകാം.
പൊഴിഞ്ഞു വീഴുന്ന മാങ്ങകൾ കൃത്യമായി ശേഖരിച്ച് ആഴത്തിൽ കുഴിച്ചിടുകയോ കത്തിച്ച് നശിപ്പിക്കുകയോ ചെയ്യണം. മാവിന്റെ ചുവടിന് ചുറ്റുമുള്ള മണ്ണ് ഇളക്കി കൊടുക്കുന്നത് സമാധി ദശയിലുള്ള പുഴുക്കളെ നശിപ്പിക്കാൻ സഹായിക്കും.
ബിവേറിയ ബാസിയാന എന്ന മിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു മാവിൻ ചുവട്ടിൽ രണ്ട് ലിറ്റർ എന്ന കണക്കിൽ ഒഴിച്ചു കൊടുക്കാം.
മാമ്പഴയീച്ചകളെ നശിപ്പിക്കാനുള്ള പ്രധാന മാർഗമാണ് കെണികൾ. മീഥൈൽ യൂജിനോൾ എന്ന പദാർത്ഥം ആണീച്ചകളെ ആകർഷിക്കാൻ കഴിവുള്ളവയാണ്. ഇത് അടങ്ങിയിട്ടുള്ള ഫെറമോൺ കെണികൾ ഇവയെ നിയന്ത്രിക്കാൻ ഫലപ്രദമാണ്. ഇത്തരത്തിലുള്ള കെണികൾ കാർഷിക സർവകലാശാലയിൽ ലഭ്യമാണ്. 25 സെന്റിന് ഒരു കെണി എന്നതോതിൽ മാമ്പഴക്കെണി ഉപയോഗിച്ച് കായീച്ചകളെ കുടുക്കാം. തുളസിയിൽ മീഥൈൽ യൂജിനോൾ അടങ്ങിയിട്ടുള്ളതിനാൽ തുളസിക്കെണി ഉപയോഗിച്ചും മാമ്പഴ ഈച്ചകളെ നിയന്ത്രിക്കാനാകും. തുളസിയില ചതച്ചതും ശർക്കരയും കീടനാശിനിയും ഉപയോഗിച്ച് കെണി തയ്യാറാക്കാം. ഒരു ചിരട്ടയിൽ ഇവ ചേർത്ത് ഒരു മാവിന് നാല് കെണികൾ എന്നതോതിൽ മാവിൽ ഉറികൾ പോലെ തൂക്കിയിടാം. നാല് ദിവസത്തിലൊരിക്കൽ പുതിയ ഇലകൾ ഉപയോഗിക്കണം. കീടനാശിനിയായി ക്ലോറാൻട്രാനിലിപ്രോൾ, ഫിപ്രോനിൽ എന്നിവ ഉപയോഗിക്കാം.
Discussion about this post