ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിൽ വിജയകരമായി വളർത്തിയരിടുക്കാവുന്ന വിദേശ ഫലവൃക്ഷമാണ് പുലാസൻ. റംബൂട്ടാനോട് സാമ്യമുള്ളതും എന്നാൽ അതിനേക്കാൾ രുചിയും മധുരവുമുള്ള ഫലമാണിത്. ഫിലോസാൻ എന്നും അറിയപ്പെടുന്നുണ്ട്. മ്യാൻമാർ- മലയ് പെനിൻസുല പ്രദേശങ്ങളാണ് പുലാസാന്റെ ജന്മദേശം.’ പുലാസ്’ എന്ന വാക്കിനർത്ഥം തിരിക്കുക എന്നാണ്. മരത്തിൽനിന്ന് പഴങ്ങൾ അടർത്തിയെടുക്കേണ്ടത് ചുറ്റിത്തിരിച്ചാണ്. അതിനാലാണ് ഈ ഫലത്തിന് പുലാസാൻ എന്ന് പേര് ലഭിച്ചത്.
വൈറ്റമിൻ സി, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ് പുലാസൻ. വിരശല്യം, പൊണ്ണത്തടി, കേശ- ചർമ സംരക്ഷണം എന്നിവയ്ക്കെല്ലാം പുലാസൻ ഉത്തമമാണ് . ഈ പഴത്തിൽ നിന്നും ജാം, ജെല്ലി, പ്രിസർവ്, ഐസ്ക്രീം പുഡിങ് എന്നിവയ്ക്കായുള്ള ഫ്ലേവറിങ് ഏജന്റ് എന്നിവ നിർമിക്കാനാകും. വിത്തിൽ നിന്നും ശീതളപാനീയം ഉൽപാദിപ്പിക്കാം.
ചെറിയ മുള്ളുകളുള്ള കട്ടിയുള്ള ചുവന്ന പുറംതോടാണ് പുലാസന്റേത്. റംബൂട്ടാനേക്കാൾ സൂക്ഷിപ്പ് കാലം ഈ ഫലത്തിനുണ്ട്. മധുരമുള്ള കാമ്പ് വിത്തിൽ നിന്നും എളുപ്പത്തിൽ വേർതിരിച്ചെടുക്കാം. വിത്തിന് ബദാമിനോട് സാമ്യമുള്ള രുചിയാണ്.
നല്ലനീർവാർച്ചയും ജൈവംശവുമുള്ള മണ്ണാണ് പുലാസൻ കൃഷി ചെയ്യുന്നതിന് ഉത്തമം. പെൺ മരവും ആൺ മരവും വെവ്വേറെയുള്ള വൃക്ഷമായതിനാൽ ബഡ്ഡ് ചെയ്ത തൈകൾ നടുന്നതാണ് നല്ലത്. ബഡ്ഡ് ചെയ്ത തൈകൾ മൂന്നുമുതൽ അഞ്ചു വർഷത്തിനുള്ളിൽ പൂക്കാൻ തുടങ്ങും. ഫെബ്രുവരി മാസമാണ് പൂക്കാലം. ജൂൺ- ജൂലൈ മാസത്തിൽ കായ്കൾ നിറയും.പൂക്കൾ വിരിഞ്ഞ് 18 ആഴ്ചകൾക്കുള്ളിൽ കായ്കൾ മൂപ്പെത്തും. ഒരു വൃക്ഷത്തിൽ നിന്ന് ഓരോ വർഷവും 5000 മുതൽ 6000 കായ്കൾ വരെ ലഭിക്കും. എയർലെയറിങ് ചെയ്ത് തൈകൾ ഉൽപാദിപ്പിക്കാം.
Discussion about this post