ഭക്ഷ്യവസ്തുക്കൾക്കായി കേരളീയർ കൂടുതലും അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുത്തുന്ന പച്ചക്കറികളിലെ കീടനാശിനികളുടെ അളവിനെക്കുറിച്ച് നമുക്ക് ആശങ്കകൾ ഏറെയാണ്. കാർഷിക സർവ്വകലാശാലയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഏകദേശം 80 ശതമാനം ഭക്ഷ്യവസ്തുക്കളും സുരക്ഷിതമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചില പച്ചക്കറികളിലും ഭക്ഷ്യവസ്തുക്കളിലും ചെറിയതോതിലെങ്കിലും സ്ഥിരമായി കീടനാശിനികളുടെ അളവ് കാണുന്നുണ്ട്.ഏലക്ക, കറിവേപ്പില, ചീര, മല്ലി, പുതിന, മുളക്, ബീൻസ്, വെണ്ട, പയർ, ജീരകം, ഉലുവ, പെരുംജീരകം, മുളകുപൊടി, ആപ്പിൾ, ഓറഞ്ച്, മുന്തിരി എന്നിവയിലാണ് കീടനാശിനികളുടെ അളവ് താരതമ്യേന കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഏലക്ക. കറിവേപ്പില, മുന്തിരി, മുളക് എന്നിവ വളരെ ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കേണ്ടവയാണ്. ഇല വർഗ പച്ചക്കറികളിൽ കീടനാശിനികളുടെ ഉപയോഗം അമിതമായിട്ടില്ലെങ്കിൽ കൂടി കീടനാശിനിയുടെ അവശിഷ്ടം തങ്ങിനിൽക്കാനിടയുണ്ട്. രോഗ കീടങ്ങളുടെ അമിതമായ ആക്രമണം പലപ്പോഴും കീടനാശിനികളുടെ ഉപയോഗത്തിന് കാരണമാകുന്നു.
എന്നാൽ ശ്രദ്ധയോടെ ഉപയോഗിച്ചാൽ കീടനാശിനിയുടെ അവശിഷ്ട വിഷാംശംമൂലമുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കാനാകും. ഇതിനായി കൃഷിയിടത്തിലും അടുക്കളയിലും ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
കൃഷിയിടത്തിലെ മുൻകരുതലുകൾ
ശുപാർശ ചെയ്തിട്ടുള്ള കീടനാശിനികൾ മാത്രം കൃത്യമായ അളവിൽ കൃത്യസമയത്ത് ഉപയോഗിക്കുന്നത് വഴി കീടനാശിനി പ്രയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കാനാകും. അനേകം തവണ വിളവെടുക്കേണ്ടി വരുന്ന വിളകളിൽ പാകമായ കായകൾ പറിച്ചെടുത്തതിനു ശേഷം മാത്രം കീടനാശിനിപ്രയോഗം നടത്താം. കീടനാശിനി തളിച്ചശേഷം കുറഞ്ഞത് ഒരാഴ്ചയെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രം വിളവെടുപ്പ് നടത്താവൂ . സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിക്കാം.
കീടനാശിനികളിലെ വിഷാംശത്തിന്റെ അളവനുസരിച്ച് അവയ്ക്ക് ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നിങ്ങനെയുള്ള നിറങ്ങൾ നൽകിയിട്ടുണ്ട്. ഇവയിൽ ചുവപ്പ്, മഞ്ഞ എന്നിവ വിഷാംശത്തിന്റെ അളവ് വളരെ കൂടിയവയാണ്. അവ ഒഴിവാക്കി പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള പുത്തൻ തലമുറ കീടനാശിനികളും വേപ്പധിഷ്ഠിത കീടനാശിനികളും ഉപയോഗിക്കുന്നതുവഴി വിഷാംശ അവശിഷ്ടം കുറയ്ക്കാനാകും.
കീടനാശിനികൾ പ്രയോഗിക്കുമ്പോൾ ഗ്ലൗസ്, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ തീർച്ചയായും സ്വീകരിക്കണം. കഠിന വിഷബാധയുടെ ലക്ഷണങ്ങളായ ചർദ്ദിൽ, ശ്വാസതടസ്സം, അബോധാവസ്ഥ, പനി, കഠിനമായ ദാഹം, ചുഴലി എന്നിവയിലേതെങ്കിലും കാണുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം.
അടുക്കളയിലെ മുൻകരുതലുകൾ
പച്ചക്കറികൾ പാകം ചെയ്യുന്നതുവഴി പല അന്തർവ്യാപനം ശേഷിയുള്ള കീടനാശിനികളുടെയും വിഷാംശം ഇല്ലാതാക്കാനാകും. സ്പർശനശേഷിയുള്ള കീടനാശിനികളുടെ അവശിഷ്ടം കുറയ്ക്കാനായി പല മാർഗ്ഗങ്ങൾ സ്വീകരിക്കാം. 20 ഗ്രാം വാളൻപുളി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ പച്ചക്കറികൾ പഴങ്ങൾ എന്നിവ 30 മിനിറ്റ് മുക്കി വച്ചതിനു ശേഷം നന്നായി കഴുകി ഉപയോഗിക്കാം. അതല്ലെങ്കിൽ 20 ml വിനാഗിരി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിലേക്ക് പച്ചക്കറികളും പഴങ്ങളും മുക്കി വയ്ക്കാം. 20 ഗ്രാം കറിയുപ്പ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിനുള്ളിൽ പച്ചക്കറികൾ മുക്കി വയ്ക്കുകയുമാകാം. ശേഷം മൂന്നോ നാലോ വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. മുളക്, ജീരകം എന്നിവ പൊടിക്കുന്നതിനു മുൻപ് നന്നായി കഴുകി ഉണക്കിയെടുക്കുന്നത് നല്ലതാണ്. ഏലക്കയുടെ തോലുകളഞ്ഞ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
ഇത്തരത്തിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് വഴി കീടനാശിനി അവശിഷ്ടം മൂലമു ണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും ഒരു പരിധിവരെ തടയാനാകും. കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തിയിട്ടുള്ളതും എന്നാൽ നമ്മുടെ പരിസരത്ത് കൃഷി ചെയ്യാൻ ഉതകുന്നതുമായ വിളകൾ വീടുകളിൽ തന്നെ നട്ടുവളർത്തുന്നതാണ് ഏറെ സുരക്ഷിതം.
Discussion about this post