കേരളത്തിൽ പ്രചാരമേറി വരുന്ന ഒരു മെക്സിക്കൻ ഫല സസ്യമാണ് ഡ്രാഗൺ ഫ്രൂട്ട് അഥവാ മധുരക്കള്ളി. കള്ളിമുൾചെടിയുടെ കുടുംബത്തിൽപ്പെട്ട മധുരക്കള്ളി വിയറ്റ്നാമിലാണ് ഏറ്റവുമധികം കൃഷി ചെയ്യുന്നത്. ഡ്രാഗൺ ഫ്രൂട്ടിന്റെ ആകർഷകമായ വലിയ പുഷ്പങ്ങൾക്ക് നല്ല സുഗന്ധമുണ്ട്. വൈകുന്നേരങ്ങളിലാണ് പൂക്കൾ വിടരുന്നത്. രാത്രി മുഴുവൻ വിടർന്നു തന്നെ നിൽക്കും. അതുകൊണ്ട് ഈ പൂക്കൾ, മൂൺ ഫ്ലവർ എന്ന പേരിലും അറിയപ്പെടുന്നു.
പലനിറങ്ങളിലുള്ള ഡ്രാഗൺ ഫ്രൂട്ടുകളുണ്ട്. വെളുത്ത ദശയും ചുവന്ന തൊലിയും ഉള്ളവയും ദശയ്ക്കും തൊലിക്കും കടുത്ത പിങ്ക് നിറമുള്ളവയും മഞ്ഞ തൊലിയും വെളുത്ത ദശയുമുള്ളവയുമുണ്ട്.
ഉഷ്ണ മിതോഷ്ണ മേഖലകളാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് അഭികാമ്യം. 20 മുതൽ 36 ഡിഗ്രി സെൽഷ്യസ് ചൂടിൽ നന്നായി വളരും. അമിതമായി മഴ ലഭിക്കുന്ന ഇടങ്ങൾ കൃഷിക്ക് അനുയോജ്യമല്ല. നല്ല ജൈവാംശമുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് നല്ലത്. 5.3 മുതൽ 6.7 വരെയാണ് അനുയോജ്യമായ പിഎച്ച്. ഡ്രാഗൺ ഫ്രൂട്ടിന് നല്ല രീതിയിൽ സൂര്യപ്രകാശം വേണം.
വിത്ത് പാകി മുളപ്പിച്ചും തണ്ടു മുറിച്ചുനട്ടും ടിഷ്യുകൾച്ചർ രീതിയിലും തൈകളുൽപാദിപ്പിക്കാം. വിത്ത് പാകിയാൽ മുളച്ചു വരാൻ രണ്ടാഴ്ച മുതൽ ഒരു മാസം വരെയെടുക്കും. ആരോഗ്യകരമായ തൈകൾ ഉൽപാദിപ്പിക്കാൻ തണ്ട് മുറിച്ചുനടുന്നതാണ് നല്ലത്. 20 മുതൽ 25 സെന്റീമീറ്റർ നീളത്തിലുള്ള തണ്ടുകൾ മുറിച്ച് കുമിൾനാശിനിയിൽ മുക്കി പോളി ബാഗുകളിലോ തവാരണകളിലോ നടാം. ഒരു ഭാഗം മണ്ണും ഒരു ഭാഗം ചാണകവും രണ്ടുഭാഗം മണലും കലർന്ന മിശ്രിതമാണ് നടാൻ അനുയോജ്യം. ഇത്തരത്തിൽ നട്ട കമ്പുകളെ വേര് വരുന്നതിനായി തണലുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാം. നീർവാർച്ച ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ആറുമാസംകൊണ്ട് തൈകൾ കൃഷിയിടത്തിൽ നടാൻ പാകമാകും.
നടീലും പരിപാലനവും
60 സെന്റീമീറ്റർ ആഴവും നീളവും വീതിയുമുള്ള കുഴികളിൽ മേൽമണ്ണും ചാണകവും 100 ഗ്രാം സൂപ്പർ ഫോസ്ഫേറ്റും ചേർത്ത് തൈകൾ നടാം. നീർവാർച്ച ഉറപ്പുവരുത്തുന്നതിനായി കുഴികളുടെ അടിവശത്തായി ചുടുകട്ട കഷ്ണങ്ങളും മണലും ഇട്ടുകൊടുക്കാം. ചെടികൾ തമ്മിലും വരികൾ തമ്മിലും മൂന്നു മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം.
ഡ്രാഗൺ ഫ്രൂട്ടിന് 20 വർഷത്തോളം ആയുസ്സുണ്ട്. ഒരു സസ്യത്തിന് 100 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഇത് താങ്ങാൻ കഴിവുള്ള ഉറപ്പുള്ള കോൺക്രീറ്റ് താങ്ങുകാലുകൾ നൽകുന്നത് വളരെ ഗുണകരമാണ്. 10 സെന്റീമീറ്റർ വ്യാസവും 2 മീറ്റർ ഉയരവുമുള്ള താങ്ങു കാലുകളാണ് അനുയോജ്യം. ഇവക്ക് മുകളിൽ റബ്ബർ ടയറുകൾ കെട്ടി ഉറപ്പിക്കുന്നതും നല്ലതാണ്. എ ആകൃതിയിലുള്ള ഫ്രെയിമുകളിലും ഡ്രാഗൺ ഫ്രൂട്ട് വളർത്താറുണ്ട്.
വളരെ വേഗത്തിൽ വളരുന്ന വള്ളികളാണ് ഡ്രാഗൺ ഫ്രൂട്ടിന്റേത്. ഇവ താങ്ങു കാലുകൾക്ക് മുകളിൽ എത്തിയതിനുശേഷം ശിഖരങ്ങൾ ഉണ്ടാകാൻ അനുവദിക്കാം. അഗ്രഭാഗം നുള്ളുന്നത് കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാൻ സഹായിക്കും. 50 ശിഖരങ്ങളും അവയിൽ ഒന്നോരണ്ടോ പാർശ്വ ശാഖകളും അനുവദിക്കാം. ശാഖകൾ മുറിക്കുമ്പോൾ മുറിവിൽ കീടനാശിനി പുരട്ടാൻ ശ്രദ്ധിക്കണം.
കളകൾ കൃത്യമായി നീക്കം ചെയ്യുകയും നല്ല രീതിയിൽ ജലസേചനം നൽകുകയും വേണം. ഏകദേശം ഒരടി ആഴത്തിൽ മാത്രമേ ഡ്രാഗൺ ഫ്രൂട്ടിന്റെ വേരുകൾ വളരുകയുള്ളൂ. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് ജലസേചനം കൃത്യമായി നൽകണം. എന്നാൽ ജലസേചനം അമിതമാകുന്നതും ദോഷകരമാണ്. നീർവാർച്ചാ സൗകര്യം ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കാം. തുള്ളിനനയാണ് ഡ്രാഗൺ ഫ്രൂട്ടിന് ഏറ്റവും അഭികാമ്യം. ഒരു ദിവസം ഒന്നു മുതൽ രണ്ട് ലിറ്റർ വെള്ളം വരെ ഒരു ചെടിക്ക് നൽകാം.
വളപ്രയോഗം
ആദ്യ രണ്ട് വർഷങ്ങളിൽ 15 കിലോഗ്രാം വീതവും പിന്നീട് 20 കിലോഗ്രാം വീതവും കാലിവളം ഓരോ ചെടികൾക്കും നൽകണം. ആദ്യ രണ്ട് വർഷങ്ങളിൽ 200 ഗ്രാം നൈട്രജൻ 50 ഗ്രാം ഫോസ്ഫറസ് 50 ഗ്രാം പൊട്ടാസ്യം എന്ന തോതിലും മൂന്നാം വർഷം മുതൽ 500 ഗ്രാം നൈട്രജൻ 750 ഗ്രാം ഫോസ്ഫറസ് 300 ഗ്രാം പൊട്ടാസ്യം എന്ന തോതിലും നേർവളങ്ങൾ നൽകാം.
ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെയാണ് പൂക്കാലം. പരപരാഗണത്തിലൂടെയാണ് കായകൾ ഉണ്ടാകുന്നത്. തേനീച്ച, തുമ്പി, ഈച്ചകൾ എന്നിവയെല്ലാം പരാഗണത്തിനു സഹായിക്കുന്നു. ഹാൻഡ് പോളിനേഷൻ അഥവാ കൃത്രിമ പരാഗണവും നടത്താം. പൂക്കൾ വിടർന്ന് 30 മുതൽ 50 ദിവസം കൊണ്ട് കായ്കൾ പാകമാകും. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് ഡ്രാഗൺ ഫ്രൂട്ട് കായ്ക്കുന്നത്. ഒരു വർഷത്തിൽ 5 മുതൽ 6 വിളവെടുപ്പ് വരെ നടത്താനാകും. പച്ചനിറത്തിലുള്ള തൊലി നിറം മാറുന്നത് കാണാം. നിറംമാറി നാല് ദിവസങ്ങൾക്ക് ശേഷം വിളവെടുക്കാം. ചെടികൾ നട്ട് ഒന്നര-രണ്ട് വർഷത്തിനുള്ളിൽ വിളവെടുക്കാനാകും. ഒരു ചെടിയിൽ നിന്ന് ഒരു വർഷത്തിൽ 40 മുതൽ 100 ഫലങ്ങൾ വരെ ലഭിക്കും.
Discussion about this post