വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, മണ്ഡരി എന്നീ ചെറുപ്രാണികൾ കൃഷിയിടത്തിലെ പ്രധാന ശല്യക്കാരാണ്. മുളക്, വഴുതന, തക്കാളി തുടങ്ങിയ വഴുതന വർഗ്ഗ പച്ചക്കറികളിൽ വെള്ളീച്ചയുടെ ശല്യം ക്രമാതീതമായി വർദ്ധിക്കുന്നതായി കാണുന്നു. പയറിലെ മുഞ്ഞ ശല്യവും വളരെ കൂടുതലാണ്. ഇലപ്പേനുകളുടെ ആക്രമണം കൊണ്ട് മുളകിന്റെ ഇലകൾ മുകളിലേക്ക് വളഞ്ഞിരിക്കുന്നത് കാണാം. മുളകിൽ മണ്ഡരിയുടേ ആക്രമണം മൂലം ഇലകൾ താഴേക്കു വളയുകയും ഇലയുടെ തണ്ടുകൾ സാധാരണയേക്കാൾ നീണ്ടുവരുന്നതും കാണാം. ഇത്തരം ചെറുപ്രാണികൾ ഇലകളിലും ചെടിയുടെ മറ്റ് ഭാഗങ്ങളിലും പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി കുടിക്കുകയാണ് ചെയ്യുന്നത്. ഇവയുടെ ആക്രമണം തുടക്കത്തിൽതന്നെ മനസ്സിലാക്കുകയും വേണ്ട നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യണം. ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങൾ ആക്രമണത്തിന് മുൻപും ആക്രമണത്തിന്റെ തുടക്കത്തിലും പ്രയോഗിക്കുന്നത് വഴി ഇവയെ തുരത്താനാകും.
നിയന്ത്രണ മാർഗങ്ങൾ
വെർട്ടിസീലിയം എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ ഇലകളുടെ അടിവശത്ത് വീഴത്തക്കവിധത്തിൽ വൈകുന്നേരങ്ങളിൽ തളിച്ചു കൊടുക്കാം.
വേപ്പധിഷ്ഠിത കീടനാശിനികളായ നീമസാൽ, നീം ഗോൾഡ്, നിംബിസിഡിൻ എന്നിവ തളിക്കുന്നത് നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഫലപ്രദമാണ്.
2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കി രണ്ടാഴ്ചയിലൊരിക്കൽ ഇലകളിൽ തളിക്കുന്നതും നല്ലതാണ്.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കുന്ന വിധം
50 ഗ്രാം ബാർസോപ്പ് 500ml ഇളം ചൂടുള്ള വെള്ളത്തിൽ ലയിപ്പിക്കണം. 200 ഗ്രാം വെളുത്തുള്ളിയുടെ അല്ലികൾ 300 ഗ്രാം വെള്ളവുമായി ചേർത്തരച്ച് അരിച്ചെടുക്കണം. 500 ml സോപ്പുലായനി 200ml വേപ്പെണ്ണയിലേക്ക് പതിയെ ഒഴിക്കണം. ഒഴിക്കുന്നതിനൊപ്പം ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. ഈ മിശ്രിതത്തിലേക്ക് നേരത്തെ തയ്യാറാക്കി വച്ച വെളുത്തുള്ളിയുടെ നീര് ചേർത്ത് യോജിപ്പിക്കാം. ഇതിലേയ്ക്ക് 9 ലിറ്റർ വെള്ളം ചേർത്ത് ഇളക്കിയാൽ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കും. ഇത് ചെടികളിൽ സ്പ്രേ ചെയ്യാവുന്നതാണ്.
പയറിലെ മുഞ്ഞ, എപ്പിലാക്ന വണ്ടുകൾ, ചിത്രകീടങ്ങൾ, പച്ചക്കറിയിലെ മണ്ഡരി, വെള്ളീച്ച എന്നിവയ്ക്കെതിരെ ഫലപ്രദമാണ്.
പുകയില കഷായം മറ്റൊരു ഫലപ്രദമായ കീടനാശിനിയാണ്.നാലര ലിറ്റർ വെള്ളത്തിൽ 500 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് ഇട്ടു വെക്കണം. അടുത്ത ദിവസം ഇലകൾ പിഴിഞ്ഞ് നീരെടുക്കാം. അര ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സോപ്പ് ലയിപ്പിച്ചെടുത്ത് പുകയില കഷായത്തിലേക്ക് ചേർത്ത് സൂക്ഷിക്കാം. പുകയില കഷായത്തിൽ അഞ്ചിരട്ടി വെള്ളം ചേർത്ത ശേഷമാണ് ചെടികളിൽ തളിക്കേണ്ടത്
വിപണിയിൽ ലഭ്യമായ മഞ്ഞക്കെണി, നീലക്കെണി എന്നിവ തോട്ടത്തിൽ അവിടവിടെയായി സ്ഥാപിക്കാം. മഞ്ഞ, നീല പെയിന്റ് അടിച്ച കാർഡുകളിൽ ആവണക്കെണ്ണ തേച്ച് കെണികൾ നമുക്ക് തന്നെ തയ്യാറാക്കുകയുമാകാം.
മുളകിലെ മണ്ഡരികളുടെ ആക്രമണം തടയുന്നതിന് കഞ്ഞിവെള്ളം നേർപ്പിച്ച് ഇലകളുടെ അടിയിൽ തളിച്ചു കൊടുക്കാം. ഇത്തരം ജൈവ കീടനിയന്ത്രണരീതികൾ ആക്രമണം ആരംഭിക്കുന്നതിനു മുൻപ് തന്നെ തുടങ്ങണം. രണ്ടാഴ്ചയിലൊരിക്കൽ ഇവ ആവർത്തിക്കാം.
Discussion about this post