വീട്ടാവശ്യത്തിനുള്ള സവാള അടുക്കളത്തോട്ടത്തിൽ തന്നെ കൃഷി ചെയ്യാം. സവാള കൃഷി ചെയ്യേണ്ട രീതികൾ മനസ്സിലാക്കാം.
ഇനങ്ങൾ
കേരളത്തിലെ കൃഷിക്ക് യോജിച്ച ഇനങ്ങളാണ് അഗ്രിഫൗണ്ട് ഡാർക്ക് റെഡ്, അർക്ക കല്യാൺ എന്നിവ.
തീരെ ചെറിയ കറുത്ത വിത്തുകളാണ് ഉള്ളിയുടേത്. ഇവ പ്രോട്രേകളിൽ പാകി മുളപ്പിച്ച് തൈകൾ പറിച്ചു നടുന്നതാണ് നല്ലത്. സാധാരണ പച്ചക്കറികളെക്കാൾ കൂടുതൽ കാലം ഇവ പ്രോട്രേയിൽ തന്നെ വളർത്തണം. 6 മുതൽ 8 ആഴ്ചകൾക്ക് ശേഷം പറിച്ചു നട്ടാൽ മതിയാകും.
ഒരു മീറ്റർ വീതിയും 20 സെന്റീമീറ്റർ ഉയരവുമുള്ള തടങ്ങളെടുത്ത് ഉള്ളി പറിച്ചുനടാം. വരികൾ തമ്മിൽ 15 സെന്റീമീറ്ററും ചെടികൾ തമ്മിൽ 10 സെന്റീമീറ്ററും ഇടയകലം നൽകാൻ ശ്രദ്ധിക്കണം. ഗ്രോബാഗിലും ഉള്ളി നടാം. ഒരു ഗ്രോബാഗിൽ രണ്ടുമൂന്ന് തൈകൾ നട്ടാൽ മതിയാകും.
വളപ്രയോഗം
പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുകയോ കൃത്യമായ തോതിൽ നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയോ ചെയ്യാം. നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയാണെങ്കിൽ അടിവളമായി ഒരു സെന്റിന് 350 ഗ്രാം യൂറിയ, 800 ഗ്രാം രാജ് ഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. ഒരു മാസത്തിനുശേഷം 350 ഗ്രാം യൂറിയ, 200 ഗ്രാം പൊട്ടാഷ്, എന്നിവ വീണ്ടും നൽകാം.
ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുക്കാം. ഇലകളുടെ അഗ്രഭാഗത്തു നിന്ന് ഉള്ളിലേക്ക് കരിഞ്ഞു വരുന്നത് കാണാം. ഇതാണ് മൂപ്പെത്തുന്നതിനുള്ള ലക്ഷണം. 50% ഇലകൾ ഇത്തരത്തിൽ ഉണങ്ങിയതിനുശേഷം നന നിർത്താം. ഒരാഴ്ച കഴിഞ്ഞ് വിളവെടുക്കുകയും ചെയ്യാം.
പിഴുതെടുത്ത ഉള്ളികൾ രണ്ടുമൂന്നു ദിവസം തണലത്ത് കൂടിയിടണം. പിന്നീട് മൂന്നുദിവസം വെയിലത്ത് ഉണക്കാം. ശേഷം വായുസഞ്ചാരമുള്ള മുറിയിൽ തൂക്കിയിട്ട് ഉണക്കണം. ഉണങ്ങിയശേഷം ഉള്ളികളുടെ തണ്ടുമായി ചേരുന്ന ഭാഗം ഒരിഞ്ച് വിട്ട് മുറിച്ചു കളയാം. തല ഉണങ്ങിക്കഴിഞ്ഞാൽ ഉള്ളികൾ കുറേക്കാലത്തേക്ക് സൂക്ഷിച്ചുവയ്ക്കാനാകും.
Discussion about this post