കൃഷിയിടത്തിൽ ഇടവിളയായും ബോർഡർ വിളയായും ചോളം നട്ടുപിടിപ്പിക്കുന്നത് കൊണ്ട് അനേകം ഗുണങ്ങളുണ്ട്. പ്രധാന വിളകളെ വെള്ളീച്ച മുഞ്ഞ തുടങ്ങിയ മൃദുശരീരികളായ ശത്രുകീടങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് ചോളം കെണി വിളയായി നട്ടുവളർത്താം. ഒരു ദിവസംകൊണ്ട് നൂറോളം മുഞ്ഞകളെയും മറ്റു ശത്രുകീടങ്ങളേയും തിന്നു നശിപ്പിക്കാൻ സാധിക്കുന്ന മിത്രകീടങ്ങളായ ലെയ്സ് വിങ് ബഗ്ഗുകളുടെ എണ്ണം കൃഷിയിടത്തിൽ വർദ്ധിപ്പിക്കാൻ ചോളം കൃഷി ചെയ്താൽ മതിയാകും. കേരളത്തിലെ കാലാവസ്ഥയിൽ എളുപ്പത്തിൽ കൃഷി ചെയ്യാനാകുന്ന വിള കൂടിയാണ് ചോളം. മുറ്റത്തും മട്ടുപ്പാവിലുമെല്ലാം നട്ടുവളർത്താം. വേണമെങ്കിൽ ഗ്രോബാഗുകളിലും കൃഷി ചെയ്യാം.
ചോളത്തിന്റെ ധാന്യമണികൾ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമാക്കാം. ഇലകളും ഇളം തണ്ടുകളും മികച്ച കാലിത്തീറ്റയാണ്. വിളവെടുത്തതിനുശേഷം സസ്യഭാഗങ്ങൾ മണ്ണിലേക്ക് ഉഴുതു ചേർത്ത് മണ്ണിന്റെ ജൈവാംശവും ആരോഗ്യവും വർദ്ധിപ്പിക്കാം. നെൽവയൽ വരമ്പുകളിൽ ചോളം ബോർഡർ വിളയായി നട്ടുപിടിപ്പിക്കുന്നത് വഴി നീരൂറ്റിക്കുടിക്കുന്ന കീടങ്ങളിൽ നിന്നും പ്രധാന വിളയായ നെല്ലിനെ രക്ഷിക്കാനാകും. ചോള വിത്തുകൾ മുളപ്പിച്ച മൈക്രോഗ്രീൻസ് പോഷകസമൃദ്ധമായ കാലിത്തീറ്റയാണ്. മണ്ണില്ലാ കൃഷി രീതിയായ ഹൈഡ്രോപോണിക്സിലൂടെ വളരെ എളുപ്പത്തിൽ ചോളത്തിന്റെ മൈക്രോഗ്രീൻസ് ഉത്പാദിപ്പിക്കാനാകും.
ബേബി കോൺ ഉപയോഗിച്ച് സാലഡ്, സൂപ്പ് എന്നിവ തയ്യാറാക്കാം. മൂപ്പെത്തിയവ വേവിച്ചും ചുട്ടെടുത്തും ഭക്ഷണമാക്കാം. ഉണങ്ങിയ ചോളമണികൾ പൊടിച്ച് വിവിധ വിഭവങ്ങൾ തയ്യാറാക്കാം. ചോളപ്പൊടി കോഴി, താറാവ് എന്നിവയ്ക്ക് ഏറ്റവും നല്ല തീറ്റകളിൽ ഒന്നാണ്. ഇതുവഴി തീറ്റച്ചിലവും കുറയ്ക്കാനാകും.
മഴയെ ആശ്രയിച്ചുള്ള കൃഷി ജൂൺ-ജൂലൈ മാസത്തിലോ ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലോ തുടങ്ങാം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൃഷി ഇറക്കാം.മൂപ്പെത്തിയ വിത്താണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത് .ഒരു സെന്ററിലേക്ക് 80 ഗ്രാം വിത്ത് മതിയാവും .ചെടികൾ തമ്മിൽ 60 സെന്റീമീറ്റർ അകലവും വരമ്പുകൾ തമ്മിൽ 30 സെന്റീമീറ്റർ അകലവും പാലിക്കണം. മഴക്കാലത്ത് 120 ദിവസം കൊണ്ടും വേനൽ കാലത്ത് 90 -110 ദിവസം കൊണ്ടും വിളവെടുക്കാം.
Discussion about this post