സ്ഥലത്തിന്റെ പരിമിതിയാണ് കൃഷിയിൽ നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. എന്നാൽ ഇത്തിരിയിടത്തു തന്നെ നമുക്ക് വേണ്ടതെല്ലാം കൃഷി ചെയ്യാനാകും. അതിനു സഹായിക്കുന്ന അനേകം കൃഷി രീതികളുമുണ്ട്. അതിലൊന്നാണ് ഇരട്ട വാഴകൃഷി. ഒരു കുഴിയിൽ തന്നെ രണ്ട് വാഴ നടാം. ഒരു കുഴിയിൽ നിന്ന് രണ്ട് കുലകൾ ഉൽപ്പാദിപ്പിക്കാൻ ഇത് സഹായിക്കും. വലിയതോതിൽ വാഴ കൃഷി ചെയ്യുന്നവർക്ക് ഇരട്ടവാഴക്കൃഷിയിലൂടെ 40 ശതമാനത്തോളം കൂലിച്ചിലവ് കുറയ്ക്കാനാകും.ഒരു വാഴയ്ക്ക് നൽകുന്ന വളത്തിന്റെ 33% വളം മാത്രം അധികം നൽകിയാൽ മതിയാകും. ശക്തമായ കാറ്റിനെ പ്രതിരോധിക്കുന്നതിനായി ഇരു വാഴകൾ തമ്മിൽ കൂട്ടിക്കെ ട്ടുകയുമാകാം.ഇങ്ങനെ ഇരട്ടവാഴക്കൃഷിയിലൂടെ കൃഷിച്ചിലവ് കുറയ്ക്കുകയും ഉല്പാദനം വർധിപ്പിക്കുകയും ചെയ്യാം. ഒപ്പം സ്ഥലത്തിന്റെയും വെള്ളം, വളം എന്നിവയുടെയും പരമാവധി ഉപയോഗവും സാധ്യമാക്കാനാകും.
എന്നാൽ ഇരട്ട വാഴ കൃഷിചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇടയകലം തന്നെ പ്രധാനം. സാധാരണ വാഴക്കൃഷിയിൽ വരികൾ തമ്മിൽ രണ്ടു മീറ്റർ അകലം നൽകുമ്പോൾ ഇരട്ടവാഴക്കൃഷിയിൽ മൂന്നു മീറ്റർ അകലം നൽകണം. കുഴികൾ തമ്മിൽ രണ്ട് മീറ്റർ അകലം മതിയാകും. 50 സെന്റീമീറ്റർ നീളവും ആഴവും വീതിയുമുള്ള കുഴികളെടുത്ത് അതിലേക്ക് കന്നുകൾ നടാം. നടുന്നതിന് 2 ആഴ്ച മുമ്പ് തന്നെ കുഴികളെടുത്ത് കുമ്മായം ചേർത്ത് മണ്ണ് വെയിലു കൊള്ളിക്കണം. രണ്ടാഴ്ചയ്ക്കുശേഷം ഒരു കുഴിയിൽ 10 കിലോഗ്രാം കാലിവളം മേൽമണ്ണുമായി ചേർത്ത് നിറയ്ക്കാം.
ടിഷ്യുകൾച്ചർ വാഴകളോ കന്നുകളോ നടാനായി ഉപയോഗിക്കാം. ടിഷ്യുകൾച്ചർ വാഴകൾ നടുമ്പോൾ ഒരേ പ്രായത്തിലുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഉൽപ്പാദനക്ഷമതയുള്ള മാതൃ വാഴകളിൽ നിന്ന് മൂന്ന്- നാല് മാസം പ്രായമായ സൂചിക്കന്നുകൾ നടാനായി തിരഞ്ഞെടുക്കാം. കന്നുകൾക്ക് 700 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ഭാരമുണ്ടായിരിക്കണം.നന്നായി ചെത്തി വൃത്തിയാക്കിയ കന്നുകൾ ചാണകവും ചാരവുമടങ്ങിയ കുഴമ്പിൽ മുക്കി നാല് ദിവസം വെയിലത്ത് വച്ച് ഉണക്കുക. ശേഷം നടാനായി ഉപയോഗിക്കാം.
കന്നുകൾ വ്യത്യസ്ത ദിശയിലേക്ക് ‘വി’ ആകൃതിയിൽ വളരുന്നത് കുലകൾ എതിർദിശയിലായിരിക്കാൻ സഹായിക്കും. വിളവെടുപ്പ് എളുപ്പമാക്കാൻ ഇത് ഏറെ ഗുണം ചെയ്യും. ഇതിനായി മാണഭാഗം കുഴിയുടെ ഉള്ളിലേക്ക് മുഖാമുഖമായി വരത്തക്ക രീതിയിൽ കന്നുകൾ എതിർ ദിശകളിലേക്ക് ചരിച്ച് വയ്ക്കാം. കന്നുകൾ തമ്മിൽ 30 മുതൽ 45 സെന്റീമീറ്റർ വരെ അകലം പാലിക്കണം.
കന്നുകാലികൾ, കോഴി, താറാവ് എന്നിവ ഉൾപ്പെടുന്ന സംയോജിതകൃഷിരീതിയിൽ ഇരട്ട വാഴ കൃഷി കൂടി ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്.
Discussion about this post