കരിമ്പിനെ ബാധിക്കുന്ന പ്രധാന രോഗമാണ് ചെഞ്ചീയല്‍. കരിമ്പിന്റെ തണ്ട് ഉണങ്ങുന്നതാണ് പ്രധാന ലക്ഷണം. ഇത്തരം തണ്ടുകള്‍ പൊളിച്ചുനോക്കിയാല്‍ ഉള്‍വശത്ത് കടുത്ത ചുവപ്പുനിറവും കുറുകെ വെളുത്ത പാടുകളും കാണാം. കൂടാതെ ദുര്‍ഗന്ധവും ഉണ്ടാകും. രോഗം ബാധിച്ച തലക്കങ്ങള്‍ നടുന്നതിലൂടെയും, ഒഴുകുന്ന വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്.
രോഗം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ :
രോഗം ബാധിച്ച കരിമ്പ് എത്രയും പെട്ടെന്ന് വെട്ടിയെടുക്കണം. വിളവിലും ഗുണമേന്മയിലുമുള്ള നഷ്ടം കുറയ്ക്കുന്നതിനും, രോഗം പടരാതിരിക്കുന്നതിനും ഇത് സഹായിക്കും. വിളവെടുത്തതിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ മുഴുവനായും കത്തിച്ചു കളയണം.
ഏതെങ്കിലും ചെടിയില്‍ രോഗം കാണുകയാണെങ്കില്‍ ഉടനെ തന്നെ അവ വേരോടെ പിഴുതെടുത്ത് കത്തിച്ചു കളയണം.
രോഗം ബാധിച്ച വിളയില്‍നിന്ന് കാലാക്കരിമ്പു കൃഷി (കുറ്റിവിള) (rattoon) ചെയ്യരുത്.
രോഗബാധിത പ്രദേശത്ത് നിന്നും മറ്റു പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃഷിയിടത്തില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കുന്നതിന് നീര്‍വാര്‍ച്ചാ സൗകര്യം മെച്ചപ്പെടുത്തണം.
രോഗം കൂടുതലുള്ള പ്രദേശങ്ങളില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കരിമ്പിനുപകരം നെല്ലോ, മരച്ചീനിയോ കൃഷി ചെയ്യുക.
രോഗബാധയുള്ള ചെടികളില്‍ നിന്നോ, പ്രദേശങ്ങളില്‍ നിന്നോ നടാനുള്ള തലക്കങ്ങള്‍ എടുക്കാതിരിക്കുക.
രോഗബാധിത പ്രദേശങ്ങളില്‍ നീന്നും നടീല്‍ വസ്തുക്കള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍/ചട്ടങ്ങള്‍ ഏര്‍പ്പെടുത്തണം.
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.
നടുന്നതിന് മുമ്പ് തലക്കങ്ങളുടെ മുറിഭാഗം ചെമ്പ് ചേര്‍ന്ന ഏതെങ്കിലും കുമിള്‍നാശിനിയില്‍ മുക്കുക.
പകരുന്ന ഗ്രാസ്സിസ്റ്റണ്ട്, കാലാക്കരിമ്പ് മുരടിപ്പ് എന്നീ വൈറസ് രോഗങ്ങളെ താപപരിചരണം കൊണ്ട് നിയന്ത്രിക്കാം. രോഗബാധയില്ലാത്ത തലക്കങ്ങളുടെ ഉപയോഗം, പ്രതിരോധശേഷിയുള്ള ഇനങ്ങളുടെ കൃഷി, യഥാസമയം കലര്‍പ്പുകള്‍ നീക്കം ചെയ്യല്‍ എന്നിവയിലൂടെയും ഈ രോഗങ്ങളെ നിയന്ത്രികാവുന്നതാണ്.
Discussion about this post