കേരളത്തില്‍ തനിവിളയേക്കാള്‍ മിശ്രവിളയായിട്ടാണ് ജാതി പൊതുവെ കൃഷി ചെയ്യുന്നത്. വളരെയധികം തണല്‍ ആവശ്യമുള്ള സസ്യമാണ് ജാതി. നന്നായി വളം ആവശ്യമാണ് ജാതിക്ക്. ജാതി മരത്തെ ബാധിക്കുന്ന രോഗങ്ങളാണ് ഇലപ്പുള്ളി രോഗവും കായ് ചീയല്‍ രോഗവും.
ഇലകളിലെ മഞ്ഞ വലയത്തോടെയുള്ള പുള്ളിക്കുത്തുകളാണ് ഇലപ്പുള്ളി രോഗബാധയുടെ ആദ്യലക്ഷണം. തുടര്‍ന്ന് പുള്ളിക്കുത്തിന്റെ നടുഭാഗം ദ്രവിച്ച് അടര്‍ന്നുപോകും. ഇലയില്‍ ദ്വാരം അവശേഷിക്കുകയും ചെയ്യും. മൂപ്പെത്തിയ കമ്പുകളില്‍ കൊമ്പുണക്കവും കാണാറുണ്ട്. ചെറിയ തൈകളില്‍ ഇലകള്‍ കൊഴിഞ്ഞു പോകുന്നതായും കാണാം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം മഴക്കാലത്ത് രണ്ടോ മൂന്നോ തവണ തളിച്ച് കൊടുക്കുന്നതിലൂടെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കാന്‍ സാധിക്കും.
കോളിറ്റോട്രിക്കം ഗ്ലിയോസ്‌പോറിയോയിഡസ്, ബോട്രിഡിപ്ലോഡിയ തിയോബ്രോമ എന്നീ രണ്ടു കുമിളുകളാണ് കായ് ചീയലിന്റെ രോഗകാരികള്‍. വെള്ളം വീണ് നനഞ്ഞതുപോലെയുള്ള അടയാളങ്ങള്‍ കായ്കളില്‍ കാണുന്നതാണ് രോഗലക്ഷണം. ഈ ഭാഗത്തെ കോശങ്ങള്‍ നിറവ്യത്യാസത്തോടെ നശിച്ചുപോകുന്നു. മാംസളമായ തൊണ്ട് നേരത്തെ പിളരുകയും ജാതിപത്രിയും വിത്തും ചീഞ്ഞുപോകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷണം. ഉള്‍വശത്തെ കോശങ്ങള്‍ ദ്രവിച്ചിരിക്കും. പൊഴിഞ്ഞു വീഴുന്ന കായ്കളിലും കുമിളുകള്‍ ഉണ്ടാകും. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് രോഗം നിയന്ത്രിക്കാം.
Discussion about this post