ആകർഷകമായ നിറങ്ങളിൽ വിടർന്നു നിൽക്കുന്ന ജർബറ പൂക്കളെ ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. ഗാർഡൻ ബെഡ്ഡുകളിലും ചട്ടികളിലും നട്ടുവളർത്താൻ ഏറെ അനുയോജ്യമായ ഒരു അലങ്കാരസസ്യമാണിത്. കൂടാതെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കും സാധ്യതകളേറെയാണ്. വിപണി കണ്ടെത്താനായാൽ ലാഭകരമായി തന്നെ ജർബറ കൃഷി ചെയ്യാം.
ഇനങ്ങൾ
സൂര്യകാന്തിയുടെ കുടുംബത്തിൽപെട്ട ജർബറയുടെ അനേകം ഇനങ്ങൾ വിപണിയിലുണ്ട്. റൂബി റെഡ്, മഞ്ഞ നിറത്തിലുള്ള സൂപ്പർനോവ, റോസ് നിറത്തിലുള്ള റൊസാലിൻ, പിങ്ക് എലഗൻസ്, ഓറഞ്ച് നിറത്തിലുള്ള ഗോലിയാത്ത്, ക്രീം നിറത്തിലുള്ള സ്നോ ഫ്ലേക്ക്, അർക്ക അശ്വ, യേർകാട് 1, യേർകാട് 2 എന്നിങ്ങനെ അനേകം ഇനങ്ങൾ ലഭ്യമാണ്.
പ്രജനനരീതി
അലങ്കാരസസ്യമായി വീടുകളിൽ ജർബറ വളർത്തുമ്പോൾ ചിനപ്പുകൾ അടർത്തിയെടുത്ത് നടുന്നതാണ് നല്ലത്. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ടിഷ്യുകൾച്ചർ പ്രജനനരീതിയാണ് ഉത്തമം.
കൃഷി രീതികൾ
ജർബറ കൃഷി ചെയ്യുന്ന മണ്ണ് അണുനശീകരണം നടത്തുന്നത് പലവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. ഇതിനായി നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ 20 സെന്റിമീറ്റർ ഉയരത്തിൽ ബെഡ് ഉണ്ടാക്കിയ ശേഷം ഒരു ചതുരശ്ര മീറ്ററിന് അഞ്ച് ലിറ്റർ വെള്ളം എന്ന തോതിൽ നനച്ച് 150 ഗേജ് കനമുള്ള നിറമില്ലാത്ത പോളിത്തീൻ കവർ ഉപയോഗിച്ച് അടച്ചു സൂക്ഷിക്കാം. 35 ദിവസങ്ങൾക്ക് ശേഷം ഈ മണ്ണ് കൃഷിക്കായി ഉപയോഗിക്കാം. കള വിത്തുകളും രോഗ കീടങ്ങളും നശിക്കുന്നതിന് സൂര്യതാപീകരണം നല്ലതാണ്. ഇങ്ങനെ തയ്യാറാക്കിയ മണ്ണിലേക്ക് ചാണക പൊടി, മണൽ, ഉമി എന്നിവ 2:1:1 എന്ന അനുപാതത്തിൽ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ജർബറ കൃഷിചെയ്യാൻ അനുയോജ്യമായ പി എച് 6 മുതൽ 6.5 വരെയാണ്.
ചെടികൾക്കിടയിലും വരികൾക്കിടയിലും 35 മുതൽ 40 സെന്റീമീറ്റർ വരെ അകലം പാലിക്കണം. നടുന്ന സമയത്ത് ഇലക്കവിളുകളിൽ മണ്ണ് വീഴാതിരിക്കാൻ ശ്രദ്ധിക്കണം.വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ട്രിപ്പ് ജലസേചന രീതി ഉപയോഗിക്കാം. ചട്ടികളിൽ നടുമ്പോൾ മണ്ണില്ലാത്ത മാധ്യമങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. കൊക്കോ പീറ്റ്, വെർമികുലൈറ്റ്, പെർലൈറ്റ് എന്നിവ ഉപയോഗിക്കാം
വളപ്രയോഗം
അലങ്കാര സസ്യമായി വീടുകളിൽ ജർബറ വളർത്തുമ്പോൾ പൂർണമായും ജൈവരീതിയിൽ തന്നെ കൃഷി ചെയ്യാം. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ലാഭകരമാക്കുന്നതിന് നേർവളങ്ങൾ നൽകുന്നത് നല്ലതാണ്. ആദ്യ മൂന്ന് മാസം 20 ഗ്രാം യൂറിയ, 70 ഗ്രാം രാജ് ഫോസ്, 30 ഗ്രാം പൊട്ടാഷ് എന്നിവ ഒരു ചതുരശ്ര മീറ്ററിന് ( 6-7 ചെടികൾ ) എന്ന തോതിൽ നൽകാം. ഇത് രണ്ടു തവണകളായി വേണം നൽകാൻ. പുഷ്പിക്കാൻ തുടങ്ങുമ്പോൾ 30 ഗ്രാം യൂറിയ 100 ഗ്രാം രാജ്ഫോസ് 50 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയും രണ്ടു തവണകളായി ചേർത്തുകൊടുക്കാം.
ബെഡ്ഡുകളിൽ നിന്നും കളകൾ അപ്പപ്പോൾ നീക്കം ചെയ്യണം. ആദ്യത്തെ രണ്ടു മാസം ഉണ്ടാകുന്ന പൂമൊട്ടുകൾ പറിച്ചു മാറ്റാം. 15 ദിവസത്തിലൊരിക്കൽ മണ്ണിളക്കിക്കൊടുക്കുന്നതും നല്ലതാണ്.
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ തളിച്ചു കൊടുക്കാം. മഞ്ഞക്കെണി, നീലക്കെണി എന്നിങ്ങനെയുള്ള കെണികൾ ഉപയോഗിക്കുന്നതും നല്ലതാണ്.
Discussion about this post