ഇളം തണ്ട് വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നത് വഴുതന ചെടിയിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ല്യൂസിനോഡ്സ് ജനുസ്സിലെ ഒരു പുഴു ഇനമാണ് ഇതിന് കാരണം. ഇവയാണ് വഴുതനയുടെ ഇളംതണ്ടും കായും തുരക്കുന്നത്. ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് കാണപ്പെടുന്നു. പൂർണ്ണവളർച്ചയെത്തിയ കീടങ്ങൾ ഇലകളുടെ അടിയിലും പൂമൊട്ടുകളിലും ഇളം കായകളിലും മുട്ടയിടും. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പിങ്ക് നിറത്തിലുള്ള ലാർവ ഇളം തണ്ടുകൾ തുരന്ന് അതിനുള്ളിലേക്ക് കടക്കും. ഇത് ഇളം തണ്ടുകൾ വാടുന്നതിനും കരിയുന്നതിനും കാരണമാകുന്നു. പിന്നീട് ഇവ കായകൾ തുരന്ന് അതിനുള്ളിലുള്ള ഭാഗം ഭക്ഷണമാക്കുകയും കായകൾ ഉപയോഗശൂന്യമാക്കുകയും ചെയ്യും.പുഴുക്കുത്തേറ്റ ഭാഗത്തുള്ള ദ്വാരത്തിലൂടെ പുഴുവിന്റെ വിസർജ്ജ്യം പുറത്തു വരുന്നത് കാണാം.
നിയന്ത്രണ മാർഗങ്ങൾ
· ഒരു സ്ഥലത്ത് തന്നെ തുടർച്ചയായി വഴുതന കൃഷി ചെയ്യുന്നത് ഒഴിവാക്കണം.ആക്രമണ വിധേയമായ ഭാഗങ്ങൾ ശേഖരിച്ചു നശിപ്പിക്കുക.
· ആക്രമാണാരഭത്തിൽ 5 ശതമാനം വീര്യത്തിൽ വേപ്പിൻ കുരു സത്ത് തളിക്കാവുന്നതാണ്.
· ബാസിലസ് തുറിൻജിയൻസിസ് ഫോര്മുലേഷൻ (ഡൈപ്പൽ ) 1 മില്ലി /ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം
· ഒരു സെന്റിന് ഒരു കിലോ എന്ന തോതിൽ തടങ്ങളിൽ വേപ്പിൻ പിണ്ണാക്ക് ചേർത്തു കൊടുക്കാം. ഇത് ഒന്നരമാസത്തെ ഇടവേളകളിൽ രണ്ടുതവണ ആവർത്തിക്കാം.
Discussion about this post