ചെടികൾ വളർത്താൻ സമയമില്ലെന്നു കരുതി വിഷമിക്കേണ്ട. അകത്തളങ്ങളിൽ തന്നെ വളരെ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന അനേകം സസ്യങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വീടിനുള്ളിലും ഓഫീസിലുമെല്ലാം വളരെയെളുപ്പത്തിൽ അഴകോടെ വളർത്താൻ സാധിക്കുന്ന ചില സസ്യങ്ങളെ പരിചയപ്പെടാം
മണി പ്ലാന്റ്
അകത്തളങ്ങളിലെ അലങ്കാരവള്ളികളാണ് മണി പ്ലാന്റുകൾ. ഏതു രീതിയിലും ഏതു മാധ്യമത്തിലും വളർത്താം. മഞ്ഞ, വെള്ള, പച്ച എന്നീ നിറങ്ങൾ ചേർന്ന പത്തോളം സങ്കരയിനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വായുവിനെ ശുദ്ധീകരിക്കാൻ ഈ സസ്യത്തിന് കഴിവുണ്ട്. പലരും ഇതിനെ ഒരു ഭാഗ്യ ചെടിയായി കണക്കാക്കുന്നു
ഭാഗികമായി വെയിൽ ലഭിക്കുന്ന ഇടങ്ങളിൽ മണി പ്ലാന്റ് വളർത്താം. തൈകൾക്കായി ചെടിയുടെ അധികം പ്രായമാകാത്ത തണ്ടുകൾ ഉപയോഗിക്കാം. ചില്ലു ഗ്ലാസിൽ ശുദ്ധജലം നിറച്ച് തണ്ട് ഇറക്കി വച്ചാൽ അതിൽ നിന്നും വേരു വരും. ചട്ടികളിൽ കയറ് ചുറ്റിയ കമ്പുകൾ നാട്ടി മണി പ്ലാന്റ് ആകർഷകമാം വിധം പടർത്താം. കുപ്പികളിലും ഈ സസ്യം വളർത്താനാകും. മണി പ്ലാന്റിന്റെ വേരുകൾക്ക് വെള്ളത്തിലും ആരോഗ്യത്തോടെ വളരാനാകും.
പീസ് ലില്ലി
കടും പച്ച നിറത്തിലുള്ള ഇലകളും തൂവെള്ള പൂക്കളുമുള്ള പീസ് ലില്ലി ഏവർക്കും പ്രിയങ്കരിയാണ്. വീടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊർജ്ജം നൽകാനും ഈ ചെടിക്ക് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഇൻഡോർ പ്ലാന്റ് ആയി വളർത്താൻ യോജിച്ച സസ്യമാണ് പീസ് ലില്ലി. സൂര്യപ്രകാശം വളരെ കുറഞ്ഞ മുറികളിലും ഇവ വളർത്താനാകും. വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ള സസ്യമാണിത്.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാൽ മതിയാകും. മിതമായ രീതിയിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വളപ്രയോഗം നൽകിയാൽ മതി. വളർന്നു നിറഞ്ഞാൽ പോട്ടിങ് മിശ്രിതം മാറ്റി വീണ്ടും വലിയ ചട്ടികളിൽ നടാം. ഇലകളിൽ പൊടി അടിഞ്ഞു കൂടുമ്പോൾ കഴുകുകയോ തുടയ്ക്കുകയോ ചെയ്യാം.
ഡ്രസീന
അകത്തളങ്ങളിൽ വളർത്താൻ അനുയോജ്യമായ മറ്റൊരു സസ്യമാണ് ഡ്രസീന. ബെൽറ്റ് പോലെ നേർത്ത നീണ്ട ഇലകളുള്ള ഡ്രസീന കാഴ്ചയിൽ ഏറെ മനോഹരമാണ്. എവിടെവച്ച് വേണമെങ്കിലും മുറിച്ച് ചെടിയുടെ വളർച്ച നിയന്ത്രിക്കാമെന്ന പ്രത്യേകതയും ഡ്രസീനക്കുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ആവശ്യമുള്ള പൊക്കത്തിൽ ചെടിയുടെ വളർച്ച ക്രമീകരിക്കാം. മുറിക്കുന്ന തണ്ടിന് താഴെ പുതിയ മുകുളങ്ങളുണ്ടാകും. അത് മറ്റൊരു ചെടിയായി വളർത്തുവാനും കഴിയും. അകത്തളങ്ങളിൽ മൂന്ന് അടി പൊക്കത്തിൽ ഡ്രസീന വളർത്തുന്നത് ആകർഷണീയത കൂട്ടും. ഫ്രണ്ട്ഷിപ്പ് ബാംബൂ അഥവാ ലക്കി ബാംബൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇനമാണ് ഡ്രസീന ചെടികളിൽ ഏറ്റവും ജനപ്രിയമായത്. മനോഹരമായ ചട്ടികളിൽ പോട്ടിംഗ് മിശ്രിതം നിറച്ച് ഡ്രസീന നടാം. ഏതുതരം പോട്ടിങ് മിശ്രിതത്തിലും നന്നായി വളരും. നടുമ്പോൾ തണ്ടുകളുടെ മുക്കാൽഭാഗം മണ്ണിന് മുകളിലായിരിക്കാൻ ശ്രദ്ധിക്കണം. വളരെ കുറച്ച് വെള്ളം മതി. ഇലകളിൽ ഹാൻസ് പ്ലേയർ ഉപയോഗിച്ച് വെള്ളം തളിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ല. ലക്കി ബാംബുവിന് വെള്ളത്തിലും മണ്ണിലും വളരാൻ കഴിയും. രണ്ടുഭാഗം മണ്ണും ഒരുഭാഗം മണലും ചേർന്ന മിശ്രിതം ലക്കി ബാംബു നടാൻ ഉപയോഗിക്കാം.
സ്നേക് പ്ലാന്റ്
അമ്മായിഅമ്മയുടെ നാക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സർപ്പപ്പോള അഥവാ സ്നേക് പ്ലാന്റുകൾ വീടിനുള്ളിൽ വളർത്താൻ യോജിച്ചവയാണ്.സാൻസിവേറിയ എന്നാണ് ഇവയുടെ യഥാർത്ഥ പേര്.
ലോകമെമ്പാടുമായി എഴുപതിൽപരം സാൻസിവേറിയ ഇനങ്ങൾ കാണപ്പെടുന്നുണ്ട്. പച്ച, മഞ്ഞ എന്നീ നിറങ്ങൾ കലർന്ന ഇലകളിൽ വെള്ള പുള്ളിയോട് കൂടിയവയാണ് കൂടുതലും. വട്ടത്തിൽ പടർന്നുവളരുന്ന ഇനങ്ങളും ഉരുണ്ട ഇലകളുള്ള ഇനങ്ങളുമുണ്ട്. ചട്ടിയിൽ കുത്തനെ മുളച്ചുപൊന്തുന്ന സസ്യങ്ങൾക്ക് സർപ്പത്തിന്റെ പത്തിയുമായി നല്ല സാമ്യമുണ്ട്.
ആകർഷകമായ രൂപത്തോടൊപ്പം വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവും ഈ ചെടികളെ പ്രിയമുള്ളതാക്കുന്നു. മറ്റ് ചെടികളിൽ നിന്നും വ്യത്യസ്തമായി രാത്രിയിൽ കാർബൺഡയോക്സൈഡ് വലിച്ചെടുക്കുന്നതിനാൽ കിടപ്പുമുറികളിൽ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സസ്യമാണ് സാൻസിവേറിയ. വായുവിലുള്ള വിഷവാതകങ്ങൾ നീക്കംചെയ്യാൻ കഴിവുള്ളതിനാൽ ബാത്റൂം പ്ലാന്റായും നാഗപ്പോള വളർത്താം. പുതിയ ബിസിനസ് ആരംഭിക്കുമ്പോൾ സാൻസിവേറിയ സമ്മാനമായി നൽകാറുണ്ട്. ഇത് ഭാഗ്യദേവതയെ ആനയിക്കും എന്നാണ് വിശ്വാസം.
അകത്തളങ്ങളിൽ സൂക്ഷിക്കുമ്പോൾ പ്രത്യേകം തിരഞ്ഞെടുത്ത ഇളംപച്ച, വെള്ള, മഞ്ഞ എന്നീ നിറങ്ങളിലുള്ള ആകർഷകമായ ചട്ടികൾ ഉപയോഗിക്കുന്നത് കാഴ്ചയ്ക്ക് കൗതുകം പകരും. ആഴമുള്ളതും വീതി കുറഞ്ഞതുമായ ചട്ടികളാണ് നല്ലത്. നല്ല നീർവാർച്ചയുള്ള മാധ്യമത്തിലാണ് സാൻസിവേറിയ നടേണ്ടത്. ഒരു ഭാഗം മണ്ണും രണ്ടുഭാഗം മണലും യോജിപ്പിച്ച് മാധ്യമമായി ഉപയോഗിക്കാം. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ അത് ചെടികൾ വളരെ പെട്ടെന്ന് ചീഞ്ഞ് പോകാൻ ഇടയാക്കും ചട്ടിയിലെ മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുന്നതാണ് നല്ലത്. വളരെ കുറഞ്ഞ തോതിലുള്ള നന മതി.
മാതൃ ചെടിയുടെ കടക്കൽ നിന്നും പുതിയ തൈകളുണ്ടാകും. അവ പറിച്ചു മാറ്റി പുതിയ ചട്ടികളിൽ വളർത്തിയെടുക്കാം. ഒരു ചെടിയുടെ ചുവട്ടിൽ നിന്ന് തന്നെ അനേകം തൈകളുണ്ടാകും. സാൻസിവേറിയകൾ അകത്തളത്തിലെന്നപോലെ പുറത്തും നന്നായി വളരും. എന്നാൽ അകത്തു നിന്നും വളരെ പെട്ടെന്ന് നേരിട്ടുള്ള സൂര്യപ്രകാശത്തിലേക്ക് മാറ്റരുത്. ഇത് ഇലകൾക്ക് പൊള്ളലേൽക്കാനിടയാക്കും. ഉള്ളിൽ ചെന്നാൽ വയറിന് പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇവയുടെ ഇലകൾ കുട്ടികളോ വളർത്തുമൃഗങ്ങളോ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സി സി പ്ലാന്റ്
സെഡ് സെഡ് അഥവാ സി സി പ്ലാന്റ് എന്ന് അറിയപ്പെടുന്ന ചെടി കണ്ടാൽ കൃത്രിമ രീതിയിൽ നിർമ്മിച്ചതാണെന്നേ തോന്നൂ. ഓവൽ ആകൃതിയിലുള്ള ഇലകളാണ്. മാംസളമായ തണ്ടുകളും മെഴുകു പോലെ തിളങ്ങുന്ന ആവരണവുമുണ്ട്. നേരിട്ടല്ലാതെയുള്ള വെളിച്ചം ലഭ്യമാകുന്ന ഇടങ്ങളിൽ വളർത്താം. നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചാൽ ഇലകളിൽ പൊള്ളലേറ്റേക്കാം. വളരെ കുറച്ച് വെള്ളം മതി. അധികമായാൽ വേരുകൾ അഴുകാനും ഇലകൾ മഞ്ഞ നിറമാകാനും സാധ്യതയുണ്ട്. കാര്യമായ വളപ്രയോഗങ്ങൾ ഒന്നും തന്നെ ആവശ്യമില്ല.
പേപ്പറൊമിയ
റേഡിയേറ്റർ പ്ലാന്റ്, ബേബി റബ്ബർ എന്നീ പേരുകളിലും പെപ്പറോമിയ അറിയപ്പെടുന്നുണ്ട്. പൈപ്പറേസിയെ കുടുംബത്തിൽപ്പെട്ട പെപ്പറൊമിയക്ക് കുരുമുളകിനോട് സാദൃശ്യമുള്ള ഇലകളുണ്ട്. കുരുമുളകിന്റെ തിരി പോലെയുള്ള പൂങ്കുലകളുമുണ്ടാകാറുണ്ട്.
വൈവിധ്യമാർന്ന നിറങ്ങളിലുള്ള ഇലകളാണ് പെപ്പറോമിയയുടെ പ്രത്യേകത. ഇലകൾ കൊഴുത്തതും മിനുസമുള്ളതും ദൃഢതയുള്ളതുമാണ്. 50 സെന്റീമീറ്റർ വരെ മാത്രമേ പേപ്പറൊമിയ ഉയരം വയ്ക്കുകയുള്ളൂ.
പെപ്പറോമിയ പല ഇനങ്ങളിലുണ്ട്. പടർന്നുവളരുന്നവയും നേരേ മുകളിലേക്ക് വളരുന്നവയുമുണ്ട്. വൈവിധ്യമാർന്ന നിറങ്ങളിലുള്ള ഇവയുടെ ഇലകൾ ആകർഷണീയമാണ്. കടും പച്ച ഇലകൾ, ഇളം പച്ചയും മഞ്ഞയും കലർന്ന ഇലകൾ, ചുവപ്പു നിറത്തിലുള്ള അരികുകളുള്ള ഇലകൾ എന്നിങ്ങനെ പല നിറങ്ങളിൽ ഇലകളുള്ള ഇനങ്ങൾ ലഭ്യമാണ്. ഇതുകൂടാതെ ചുളുങ്ങിയ പ്രതലമുള്ള ഇലകൾ ഉള്ളവയുമുണ്ട്. ഇവ കടുംപച്ച, വയലറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ജനാലയുടെ അരികുകളിലും ഓഫീസ് മുറികളിലും വാഷ്റൂമിലും അടുക്കളയിലുമെല്ലാം ഇവ സൂക്ഷിക്കാം. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആറിഞ്ച് വലിപ്പമുള്ള ചട്ടികളിൽ രണ്ടുഭാഗം മണലും ഒരു ഭാഗം ചകിരിച്ചോറും നിറച്ച മിശ്രിതത്തിൽ ഈ ചെടി നടാം. പടരുന്ന ഇനങ്ങൾ തൂക്കിയിടാൻ പാകത്തിനുള്ള ചട്ടികളിൽ വളർത്താം. പെപ്പറൊമിയക്ക് വെള്ളവും വളവും വളരെ കുറച്ചു മാത്രം മതി. ആഴ്ചയിലൊരിക്കൽ ഹാൻഡ്സ്പ്രേയർ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്താൽ മതിയാകും. ആവശ്യമെങ്കിൽ മാസത്തിലൊരിക്കൽ ഒരു സ്പൂൺ ജൈവവളം നൽകാം.
കാഴ്ച്ചയിൽ മെഴുകിൽ നിർമ്മിച്ച ചെടി പോലെയാണ് പെപ്പറോമിയ. ഓഫീസുകളും വീടുകളും അലങ്കരിക്കാൻ ഏറ്റവും ഉതകുന്ന അകത്തള ചെടിയാണിത്.
Discussion about this post