പലനിറങ്ങളിൽ വിടർന്നുനിൽക്കുന്ന പത്തുമണിപ്പൂക്കളെ ഇഷ്ടമാകാത്തവർ ചുരുക്കമാണ്. ഇവയെ വളർത്താൻ വലിയ പരിചയസമ്പത്തൊന്നും വേണ്ട. മനോധർമം പോലെ ഏതുരീതിയിലും വളർത്താം. ചട്ടികളിലോ കുപ്പികളിലോ വെർട്ടിക്കൽ ഗാർഡനായോ ഹാങ്ങിങ് പോട്ടുകളിലോ നിലത്ത് ഗ്രൗണ്ട് കവറായോ…. അങ്ങനെ എന്തെല്ലാം സാധ്യതകൾ. ഉദ്യാന സസ്യങ്ങൾ പരിപാലിച്ച് ശീലമില്ലാത്തവർക്ക് അത് തുടങ്ങാൻ പറ്റിയ സസ്യമാണ് പത്തുമണി അഥവാ പോർട്ടുലാക്ക. നല്ല സൂര്യപ്രകാശമുണ്ടെങ്കിലേ നന്നായി പുഷ്പിക്കുകയുള്ളൂ എന്ന ഒരേയൊരു നിബന്ധന മാത്രം.
ഉദ്യാനത്തിൽ പോർട്ടുലാക്ക പോലെ സന്തോഷം തരുന്ന സസ്യങ്ങൾ കുറവ് തന്നെ. അതിനാൽ ആരാധകരും ഏറെയാണ്. ആരെയും ആകർഷിക്കുന്ന രീതിയിൽ ഇവ പുഷ്പിച്ച കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. അതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഇനങ്ങൾ
പോർട്ടുലാക്ക എന്ന സസ്യക്കൂട്ടത്തിൽ അനേകം ഇനങ്ങളുണ്ട്. വീതികുറഞ്ഞ സൂചി പോലെയുള്ള ഇലകളുള്ളവയാണ് സാധാരണയായി പോർട്ടുലാക്ക എന്നറിയപ്പെടുന്ന പത്തുമണിച്ചെടികൾ. ഇവയുടെ പുഷ്പങ്ങളിൽ ധാരാളം അടുക്കുകളുണ്ടാവും. പൂക്കൾ വൈകുന്നേരം 3 മണി വരെയൊക്കെ വിടർന്നു തന്നെ നിൽക്കും.
ഒറ്റ ലെയർ മാത്രം ഇതളുകളുള്ളതും കൂടുതലായും ഇരട്ട വർണമുള്ളതുമായ വലിയ പൂക്കളുള്ള പത്തുമണിയാണ് ജംബോ. ഒറ്റ നിറമുള്ള ജംബോ ഇനങ്ങളുമുണ്ട്. അവയിലൊന്നാണ് പർപ്പിൾ. വെള്ളനിറവും പിങ്കും കലർന്ന വൈറ്റ് പിങ്ക്,പീച്ച് നിറം കലർന്ന പീച്ച് യെല്ലോ എന്നിവ ഏറെ പ്രശസ്തമാണ്.
വീതിയേറിയ ഇലകളുള്ളവയെ എട്ടുമണിച്ചെടി അഥവാ പഴ്‌സ്ലേൻ എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് താരതമ്യ കനമേറിയ തണ്ടും തീഷ്ണ വർണ്ണങ്ങളിലുള്ള പുഷ്പങ്ങളുമുണ്ടാകും. ഇതളുകൾ ഒറ്റ ലെയർ മാത്രമുള്ളവരായിരിക്കും. അനേകം അടുക്കുകളുള്ള സിൻഡ്രല്ല എന്ന ഇനവും എട്ടുമണിയിലുണ്ട്. ഇനിയുമുണ്ട് മറ്റനേകം ഇനങ്ങൾ.
മലയാളത്തിൽ കൊഴുപ്പ എന്നറിയപ്പെടുന്ന കോമൺ പഴ്‌സ്ലേൻ പോർട്ടുലാക്ക ഇനത്തിൽപ്പെട്ട സസ്യമാണ്. ഇവയ്ക്ക് മഞ്ഞനിറത്തിലുള്ള ചെറു പൂക്കളണ്ടാകും. ഉപ്പുചീര എന്നും കൊഴുപ്പയെ വിളിക്കാറുണ്ട്. ഇലക്കറിയായി പാകം ചെയ്തും അല്ലാതെയും കഴിക്കാൻ സാധിക്കുന്ന ഒരു ഔഷധ സസ്യം കൂടിയാണ് കൊഴുപ്പ. ഈർപ്പം നിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഒരു കള സസ്യമായി കാണാറുണ്ട്.
നടീൽ
അല്പം ഫലപുഷ്ടിയുള്ള വെറും മണ്ണിൽ നട്ടാൽ തന്നെ പോർട്ടുലാക്ക അത്യാവശ്യം നന്നായി പൂക്കും. വലിയ ശ്രദ്ധയൊന്നും ആവശ്യമില്ലതാനും. ഫലപുഷ്ടി കുറഞ്ഞ മണ്ണിൽ അല്പം ജൈവവളം ചേർത്തു കൊടുക്കാം. എന്നാൽ നിറഞ്ഞ് പൂക്കാൻ ചില പൊടിക്കൈകൾ നല്ലതാണ്.
നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശക്തികുറഞ്ഞ സസ്യമായ പോർട്ടുലാക്കയ്ക്ക് ഇളക്കമുള്ള മണ്ണാണ് നല്ലത്. നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണ് വേണം. അതല്ലെങ്കിൽ പ്രത്യേക അനുപാതത്തിലുള്ള പോട്ടിങ് മിശ്രിതം ഉപയോഗിക്കാം. വേരോടാൻ ചകിരിച്ചോറും, വളർത്താനായി വെർമി കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയും, ഉറപ്പിനായി കല്ലു നീക്കിയ പൊടിഞ്ഞ മണ്ണും ഒരേ തോതിൽ ചേർത്തുനിർമ്മിച്ച മിശ്രിതം ഏറെ ഉത്തമം.
ഇനി നടീൽ നോക്കാം. വിത്ത് പാകിയും കമ്പുകൾ നട്ടും ഇവ വളർത്താം. കമ്പ് നട്ട് വളർത്തുന്നതാണ് ഏറ്റവും എളുപ്പം. മൂത്ത് വിളഞ്ഞ മാതൃ ചെടിയിൽനിന്നും 4 ഇഞ്ച് നീളത്തിൽ മുഴുത്ത തണ്ടുകൾ മുറിച്ചെടുത്ത് പോട്ടിങ് മിശ്രിതത്തിലേക്ക് നടാം. ഒരു ചെറിയ ചട്ടിയിൽ 4 കുഞ്ഞു തണ്ടുകൾ വരെ നടാം. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചെടി വേരുപിടിച്ച് വളർന്നു തുടങ്ങും.
ശേഷം നന്നായി പുഷ്പിക്കുന്നതിനു പലതരം ജൈവ വളങ്ങൾ ഉപയോഗിക്കാം. ചാണകത്തെളി വളരെ നല്ലതാണ്. പുളിപ്പിച്ച പിണ്ണാക്ക്തെളി വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച് തളിക്കുന്നതും ഉത്തമം. പെട്ടെന്ന് നല്ല വളർച്ച ലഭിക്കാൻ മത്തി ശർക്കര മിശ്രിതം നല്ലതാണ്. ഇത് ചില കീടങ്ങളെയും അകറ്റിനിർത്തും. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിക്കുകയോ രണ്ടാഴ്ചയിലൊരിക്കൽ മാറിമാറി ഉപയോഗിക്കുകയോ ആകാം.ഇടയ്ക്ക് മണ്ണിളക്കി ചാണകപ്പൊടി ചേർക്കാം. വളരെ ചെറിയ തോതിൽ വളം ചേർത്താൽ മതിയാകും.
കമ്പ് കോതൽ
ചെടി ഏകദേശം നന്നായി പുഷ്പിച്ചു കഴിഞ്ഞാൽ പിന്നെ വളർച്ച കുറയുന്നത് കാണാം. അപ്പോൾ കമ്പ് കോതണം. പകുതിവെച്ച് തണ്ടുകൾ ഒടിച്ചെടുത്ത് നീക്കാം. ഒടിച്ചെടുത്ത തണ്ടുകൾ നടാനായി ഉപയോഗിക്കുകയുമാകാം. കമ്പ് കോതിയ ശേഷം ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കി ചായപ്പൊടി, നന്നായി പൊടിച്ച മുട്ടത്തോട്, പഴത്തൊലി വെള്ളത്തിലിട്ട ലായനി എന്നിവ യോജിപ്പിച്ച് ചുവട്ടിൽ ചേർത്ത് കൊടുക്കുന്നത് നന്നായി പുഷ്ടിയോടെ വളർന്നു പൂക്കാൻ സഹായിക്കും. ചായപ്പൊടിയിൽ നിന്നും പഞ്ചസാര, പാൽ എന്നിവ കഴുകി നീക്കാൻ ശ്രദ്ധിക്കണം.
എല്ലാ ദിവസവും ഒരു നേരം ആവശ്യത്തിനുമാത്രം ജലസേചനം നൽകാം. വെള്ളം അധികമായാൽ ചുവട് അഴുകാനും ചീഞ്ഞു പോകാനും സാധ്യതയുണ്ട്. ചട്ടികളിലും തടങ്ങളിലും നീർവാർച്ച ഉറപ്പുവരുത്തണം.
പലനിറത്തിലുള്ള പത്തുമണികൾ ഒരുമിച്ച് നടുമ്പോൾ പരപരാഗണത്തിലൂടെ പുതിയ നിറങ്ങളിലും വ്യത്യസ്ത നിറങ്ങൾ കലർന്ന രീതിയിലും പുതിയ പുഷ്പങ്ങൾ വിടരുന്നത് കാണാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴ
തീവ്രമായ മഴ പത്തുമണിക്ക് യോജിച്ചതല്ല. മഴയത്ത് നിൽക്കുന്ന ചെടികൾ ചീഞ്ഞ് നശിക്കുന്നത് കാണാറുണ്ട്. ചട്ടികളിലാണ് നട്ടിരിക്കുന്നതെങ്കിൽ മഴക്കാലത്ത് മഴ കൊള്ളാത്ത രീതിയിൽ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കാം. കീടാക്രമണം വരുന്നുണ്ടോ എന്ന് നോക്കണം.
തണൽ
നല്ല സൂര്യപ്രകാശമാണ് പുഷ്പിക്കാൻ ആദ്യം വേണ്ടത്. തണലിൽ നന്നായി വളരുമെങ്കിലും പൂവുകൾ സാധാരണയായി വളരെക്കുറവായിരിക്കും. ഒപ്പം കീടാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ട്.
കീടാക്രമണം
പൂമൊട്ടുകൾ തിന്നു നശിപ്പിക്കുന്ന ചെറുകിടങ്ങളെ കണ്ടാൽ തുരത്താനായി വേപ്പധിഷ്ഠിത കീടനാശിനിയായ നിംബിസിഡിൻ ഉപയോഗിക്കാം.
പ്രകൃതി സംരക്ഷണത്തിനും പോർട്ടുലാക്ക
ധാരാളം തേനീച്ചകളെ ആകർഷിക്കുന്ന സസ്യമായതിനാൽ പച്ചക്കറിത്തോട്ടങ്ങളിലും തേനീച്ച കൃഷി ചെയ്യുന്നവർക്കും ആയാസമില്ലാതെ നട്ടുപിടിപ്പിക്കാൻ സാധിക്കുന്ന ചെടിയാണ് പോർട്ടുലാക്ക. പരപരാഗണം നടത്തുന്ന പച്ചക്കറി സസ്യങ്ങളിൽ നല്ല കായ്ഫലം ഉണ്ടാകാൻ ഇത് ഗുണം ചെയ്യും. തേനീച്ച സൗഹൃദ ഉദ്യാനം പരിസ്ഥിതി സംരക്ഷണത്തിനും ജീവികളുടെ സഹവർത്തിത്വത്തിനും സഹായകരമാണ്.
Discussion about this post