ശീതകാലവിളകളിൽ പ്രധാനിയാണ് റാഡിഷ് അഥവാ മുള്ളങ്കി. ക്യാരറ്റിനോട് സാമ്യമുണ്ട്. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉള്ള കഴിവ് റാഡിഷ് ന്നുണ്ട്. വൈറ്റമിൻ സി, എ, ബി 6, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നാര് കൂടുതലുള്ള പച്ചക്കറിയാണിത്.
ഇനങ്ങൾ
ജാപ്പനീസ് വൈറ്റ്, ആർക്കാ നിഷാന്ത്, പൂസാ രശ്മി എന്നീ ഇനങ്ങൾ കേരളത്തിലെ കൃഷിക്ക് യോജിച്ചതാണ്. എന്നാൽ പൂസ ചെറ്റ്കി എന്ന ഇനമാണ് ഏറ്റവും അനുയോജ്യം. ഉത്തരേന്ത്യയിലെ കൊടും ചൂടിൽ പോലും വളരുന്ന ഇനമാണിത്. അധികം തീഷ്ണ ഗന്ധം ഇല്ലാത്ത പൂസാ ചെറ്റ്കി സാലഡുകളിൽ ഉപയോഗിക്കാൻ നല്ലതാണ്. രണ്ടുമാസത്തിനുള്ളിൽ വിളവെടുക്കാൻ ആകും എന്നതാണ് മറ്റൊരു പ്രത്യേകത.
ഒക്ടോബർ മുതൽ ജനുവരി വരെ റാഡിഷ് ശീതകാല വിളയായി കൃഷി ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഏറ്റവും യോജിച്ചത്.തടങ്ങളിലോ പ്ലാസ്റ്റിക് കവറിലോ ഗ്രോബാഗിലോ നേരിട്ട് വിത്ത് പാകാം. മണലുമായി ചേർത്താണ് വിത്തുകൾ പാകേണ്ടത്. തയ്യാർ ചെയ്ത ബെഡ്ഡുകളിൽ 5 സെന്റിമീറ്റർ ആഴത്തിൽ ചാലുകളെടുത്ത് വിത്തുകൾ വിതയ്ക്കാം. ഒരു സെന്റിന് 30 ഗ്രാം വിത്ത് വേണ്ടിവരും.3 ആഴ്ച കഴിയുമ്പോൾ അധികമുള്ള തൈകൾ പറിച്ചുമാറ്റി ചെടികൾ തമ്മിലുള്ള അകലം ഏതാണ്ട് 10 സെന്റീമീറ്റർ ആക്കണം.
കിഴങ്ങുകളുടെ ആരോഗ്യപൂർണമായ വളർച്ചയ്ക്ക് മണ്ണിൽ ജൈവാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഒരു സെന്റിന് 100 കിലോ ജൈവവളമാണ് അടിവളമായി ആവശ്യം. കടലപിണ്ണാക്ക് ,ചാരം , വേപ്പിൻ പിണ്ണാക്ക് ,എല്ലുപൊടി ഉണങ്ങിയ ചാണകം മുതലായ ജൈവവളം നൽകി പരുവപ്പെടുത്തിയ മണ്ണിൽ പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യുന്നതാണ് നല്ലത്.
ആദ്യ കാലയളവിൽ റാഡിഷിന്റെ വളർച്ച വളരെ പതിയെ ആയിരിക്കും. അതിനാൽ കളനിയന്ത്രണം പ്രധാനമാണ്. മെച്ചപ്പെട്ട വളർച്ചയ്ക്ക് അധികം ആഴത്തിലല്ലാതെ ഇടയിളക്കുന്നത് നല്ലതാണ്.വളർന്നുവരുന്നതിനനുസരിച്ച് ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കണം. അമിതമായി ജലസേചനം നൽകാതിരിക്കാൻ ശ്രദ്ധിക്കണം. മൂന്നു നാല് ദിവസത്തെ ഇടവേളകളിൽ വെള്ളമൊഴിക്കുന്നതാണ് നല്ലത്. ചാലിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കിഴങ്ങ് വളർന്നു തുടങ്ങിയാൽ മണ്ണിൽ ജലാംശം നിലനിർത്തണം. മൂപ്പെത്തിക്കഴിഞ്ഞാൽ അധികം നൽകേണ്ടതില്ല.
60 ദിവസത്തിനുള്ളിൽ വിളവെടുക്കാം. മൂപ്പെത്തിയതിനു ശേഷം വിളവെടുപ്പ് വൈകുന്നത് വേരിലെ തീഷ്ണ ഗന്ധം കൂട്ടാൻ ഇടയാക്കും. ഒപ്പം പോഷകഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. മുള്ളങ്കിയുടെ വേരുകളിൽ അടങ്ങിയിരിക്കുന്ന ഐസോതയോസൈനേറ്റുകളുടെ തോത് വർദ്ധിക്കും.
വിളവെടുത്ത കിഴങ്ങുകൾ നന്നായി കഴുകി വൃത്തിയാക്കി വേരുകൾ നീക്കംചെയ്ത് ഉണക്കി സൂക്ഷിക്കാവുന്നതാണ്. 0 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനാകും.
രോഗകീടനിയന്ത്രണം
കരുംകാലുരോഗം
ചെടിയുടെ കട ഭാഗത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നതും അവ ചെടിയിൽ മുഴുവനായി വ്യാപിച്ചു ചെടി നശിച്ചു പോകുന്നതും കാണാം. ഇതാണ് കരുംകാലുരോഗം . രോഗം നിയന്ത്രിക്കാനായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ചുവട്ടിൽ ചേർത്തുകൊടുക്കാം.
ചീയൽ
ഇലകളിൽ തവിട്ടുനിറത്തിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുകയും പിന്നീട് ചെടി ചീഞ്ഞു നശിക്കുകയും ചെയ്യുന്ന രോഗമാണ് ചീയൽ. രോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി നശിപ്പിക്കണം. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.
ഇല ചീയൽ
ഇലയുടെ അഗ്രഭാഗത്ത് നനഞ്ഞ പാടുകൾ ഉണ്ടാകുകയും പിന്നീട് അത് ഞരമ്പുകളിൽ പടരുകയും ചെയ്യുന്ന രോഗമാണ് ഇല ചീയൽ. വി ആകൃതിയിലാണ് മഞ്ഞളിപ്പ് കാണുന്നത്. ക്രമേണ ഈ ഭാഗം കറുത്ത് ചീയും . അഴുകി ദുർഗന്ധം ഉണ്ടാകുകയും ചെയ്യും. ഈ ബാക്ടീരിയ രോഗത്തെ നിയന്ത്രിക്കാനായി രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യാനായി തിരഞ്ഞെടുക്കാം.
ഇലകരിച്ചിൽ
ഇല കരിച്ചിൽ രോഗം അകറ്റാനായി സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ തെളിഞ്ഞ ചാണക ലായനിയിൽ കലക്കി ചെടികളിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാം.
ട്രൈക്കോഡർമ എന്ന മിത്രകുമിൾ വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയിൽ സമ്പുഷ്ടീകരിച്ച മിശ്രിതം മണ്ണിൽ ചേർത്ത് കൊടുക്കുന്നത് മണ്ണിൽ നിന്നും പകരുന്ന പലതരം രോഗങ്ങളെയും വേരിനെ ബാധിക്കുന്ന നിമാവിരകളെയും ചെറുക്കാൻ സഹായിക്കും. തവാരണകളിൽ വേപ്പിൻപിണ്ണാക്ക് 10 കിലോ ഒരു സെന്റിന് എന്ന തോതിൽ ചേർത്ത ശേഷം ഒരാഴ്ച കഴിഞ്ഞ് വിത്ത് പാകുന്നതും നിമാവിരകളിൽ നിന്ന് വിളയെ സംരക്ഷിക്കും. ഇടവിളയായി ശതാവരി, ബന്ദി എന്നീ സസ്യങ്ങൾ കൃഷി ചെയ്യുന്നതും നല്ലതാണ്.
വേപ്പിൻകുരു സത്ത്, വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം എന്നിവ രണ്ടാഴ്ചയിലൊരിക്കൽ തളിച്ച് കൊടുക്കുന്നത് പലതരം കീടങ്ങളെ അകറ്റും.
Discussion about this post