ഭരണിക്കാവ് : ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള മത്സ്യം ന്യായവിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ മത്സ്യഫെഡിന്റെ ഹാർബർ ടു മാർക്കറ്റ് പദ്ധതിയിലൂടെ സാധിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ കോയിക്കൽ ചന്തയിൽ ഹാർബർ ടു മാർക്കറ്റ് പദ്ധതിയുടെ ഭാഗമായുള്ള മത്സ്യഫെഡിന്റെ ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.
പദ്ധതി വഴി ഇടനിലക്കാരില്ലാതെ , മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് മത്സ്യം സംഭരിക്കുന്നതിലൂടെ തൊഴിലാളികൾക്ക് ന്യായവില ലഭിക്കും. ഇതോടൊപ്പം, ഗുണഭോക്താക്കൾക്ക് രാസവസ്തുക്കൾ ചേർക്കാത്ത ഗുണമേന്മയുള്ള മത്സ്യവും ലഭിക്കുന്നു. അടുത്തപടിയായി സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് എല്ലാ മണ്ഡലങ്ങളിലും മത്സ്യ സംഭരണ കേന്ദ്രങ്ങളും ഹൈടെക് മാർക്കറ്റുകളും, ഓൺലൈൻ വിപണനവും ആണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഇത്തരം ഫിഷ്മാർട്ടുകൾ വഴി മത്സ്യ മൂല്യവർദ്ധിത ഉൽപന്നങ്ങളും ലഭ്യമാക്കാനും, അന്യസംസ്ഥാനങ്ങളിൽ നിന്നും വിപണിയിലേക്ക് എത്തുന്ന രാസവസ്തുക്കൾ നിറഞ്ഞ ഗുണനിലവാരമില്ലാത്ത മത്സ്യങ്ങൾ വിപണികളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കാനും സാധിക്കും . മത്സ്യ മാർക്കറ്റുകളിൽ കച്ചവടം ചെയ്യുന്ന സാധാരണക്കാരായ മത്സ്യബന്ധന തൊഴിലാളികൾക്ക് മത്സ്യം എത്തിച്ചു നൽകാൻ മത്സ്യഫെഡ് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യഫെഡിന്റെ ഹാർബർ ടു മാർക്കറ്റ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ മൂന്നാമത്തെ ഹൈടെക് മത്സ്യവിൽപ്പന ശാലയാണ് ഭരണിക്കാവ് കോയിക്കൽ ചന്തയിൽ പ്രവർത്തനമാരംഭിച്ചത്. അതത് ദിവസം മത്സ്യത്തൊഴിലാളികൾ കൊണ്ടു വരുന്ന മത്സ്യം സഹകരണ സംഘങ്ങൾ വഴി സംഭരിച്ച് സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച് മത്സ്യം വൃത്തിയാക്കി കൃത്യമായ അളവിൽ ഗുണമേന്മ നഷ്ടപ്പെടാതെ ഫിഷ്മാർട്ട് വഴി ജനങ്ങളിലേക്ക് എത്തിക്കും. ചടങ്ങിൽ അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി വാസുദേവന് നൽകി മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ നിർവഹിച്ചു.
Discussion about this post