കേരളത്തിലെ മണ്ണിൽ ജൈവാംശത്തിന്റെ അളവ് ഒരു ശതമാനത്തിൽ താഴെയാണ്. എന്നാൽ ആരോഗ്യമുള്ള മണ്ണിന് അഞ്ച് ശതമാനം ജൈവാംശമെങ്കിലും വേണം. വേനൽക്കാലത്ത് മണ്ണിൽ നിന്നും ധാരാളം ജലം ബാഷ്പീകരിച്ചു പോകുന്നുണ്ട്. ഒപ്പം സൂര്യതാപം മേൽ മണ്ണിന്റെ ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യും. മണ്ണിരകളുടെയും സൂക്ഷ്മ ജീവികളുടെയും വളർച്ചയെയും ഇത് ബാധിക്കും. മഴവെള്ളം നേരിട്ട് മണ്ണിലേക്ക് പതിക്കുന്നതും മണ്ണിനു ദോഷകരമാണ്. മണ്ണിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനോടൊപ്പം ഇത് മണ്ണൊലിപ്പിനും കാരണമാകും. സൂര്യപ്രകാശവും മഴവെള്ളവും നേരിട്ട് മണ്ണിലേക്ക് പതിക്കുന്നത് വഴി മണ്ണിന്റെ ഘടന നഷ്ടപ്പെട്ട് മേൽമണ്ണ് ഉറച്ച് ദൃഢമാകാനും സാധ്യതയുണ്ട്. ഒപ്പം നേരിട്ടുള്ള സൂര്യപ്രകാശം കളകളുടെ വളർച്ചയേയും സഹായിക്കും. ഈ പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയാണ് പുതയിടൽ.
മണ്ണിൽ ഈർപ്പത്തിന്റെ അംശം എല്ലായ്പോഴും നിലനിർത്താനും ജൈവാംശം വർദ്ധിപ്പിച്ച് മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും മണ്ണൊലിപ്പ് തടയാനും പുതയിടീൽ സഹായിക്കും. സൂര്യപ്രകാശം മണ്ണിലേക്ക് നേരിട്ട് എത്തുന്നത് തടഞ്ഞ് കളകളുടെ വളർച്ചയെ നിയന്ത്രിക്കാനും പുതയിടൽ ഉത്തമമാണ്. ചെടികളുടെ വേര് വളർച്ചയും മണ്ണിന്റെ ഫലപുഷ്ടിയും വായുസഞ്ചാരവും വർധിപ്പിക്കുന്നത് വഴി കൂടുതൽ വിളവ് ലഭിക്കുന്നു. ഒപ്പം മണ്ണിരകളുടെയും സൂക്ഷ്മ ജീവികളുടെയും അളവ് വർദ്ധിപ്പിക്കാനും പുതയിടൽ സഹായിക്കും. ജൈവവസ്തുക്കളുടെ പുത അന്തരീക്ഷത്തിൽ നിന്നും ഈർപ്പം ആഗിരണം ചെയ്ത് അത് ചെടികളുടെ വേരുകൾക്ക് ലഭ്യമാക്കുന്നു. പുതവസ്തുക്കളുടെ വിഘടനം ചെടി വളർച്ചയ്ക്ക് ഉത്തേജകമാകുന്ന സസ്യഹോർമോണുകളും വളർച്ചാത്വരകങ്ങളും ഉൽപാദിപ്പിക്കും. ഹാനികരമായ രോഗ കീടങ്ങളിൽ നിന്നും സസ്യത്തെ സംരക്ഷിക്കുന്നതിനും പുതിയിടീൽ നല്ലതാണ്. വേരുക്കളുടെയും സസ്യങ്ങളുടെയും മണ്ണിന്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ പുതയിടീലിനുള്ള പങ്ക് വളരെ വലുതാണ്. മണ്ണൊലിപ്പ് തടഞ്ഞ് ഭൂഗർഭജലവിതാനം വർദ്ധിപ്പിക്കാനും പുതിയിടീൽ സഹായിക്കും.
വീട്ടിലെ ജൈവാവശിഷ്ടങ്ങളും ഉണങ്ങിയ കരിയിലയുമെല്ലാം കത്തിച്ചു കളയാതെ പുതയിടുന്നതിനായി ഉപയോഗിക്കാം. ഒപ്പം ചകിരിച്ചോറ്, തൊണ്ട്, അറക്കപ്പൊടി, ഉമി എന്നിങ്ങനെ നിരവധി വസ്തുക്കൾ പുതയിടാൻ നല്ലതാണ്. പയർവർഗ്ഗ ചെടികളുടെയോ ധാന്യവിളകളുടെയോ എണ്ണക്കുരുക്കളുടെയോ കാർഷിക അവശിഷ്ടം ലഭ്യമാണെങ്കിൽ അവയാണ് പുതിയിടാൻ ഏറ്റവും നല്ലത്. മൂന്നിൽ രണ്ട് ഭാഗം പയർവർഗ്ഗച്ചെടികളുടെ അവശിഷ്ടവും ഒരു ഭാഗം മറ്റ് അവശിഷ്ടങ്ങളും ചേർത്തു പുതയിടുന്നത് ഏറെ ഗുണകരമാണ്.
കൃഷിയിടത്തിൽ മുഴുവനായി പുതയിടാൻ കഴിഞ്ഞില്ലെങ്കിലും ചെടികളുടെ ചുവട്ടിൽ മാത്രമായെങ്കിലും പുതയിടാൻ ശ്രദ്ധിക്കാം. തടത്തിന്റെ വട്ടത്തിലാണ് പുതിയൊരുക്കേണ്ടത്. അല്പം ഉണങ്ങി വാടിയ അവശിഷ്ടങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അഴുകിത്തുടങ്ങുമ്പോൾ ഉണ്ടാകുന്ന ചൂടും രാസപ്രവർത്തനവും ചെടികളെ പ്രതികൂലമായി ബാധിക്കും. ചുവട്ടിൽ നിന്നും അല്പം മാറി ചുവടു മറയാതെ വേണം പുതിയിടേണ്ടത്. രണ്ട് ഇഞ്ച് മുതൽ അരയടി കനത്തിൽ വരെ പുതയിടാം. എന്നാൽ പൊടി രൂപത്തിലുള്ള വസ്തുക്കളോ ജലാംശം കൂടുതലുള്ള വസ്തുക്കളോ ഉപയോഗിക്കുകയാണെങ്കിൽ പുതയുടെ കനം മൂന്ന് ഇഞ്ചിൽ കൂടാൻ പാടില്ല. തടമെടുത്ത് കളകൾ നീക്കി നന നൽകിയ ശേഷം പുതിയ ഇടുന്നതാണ് നല്ലത്.
Discussion about this post