അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാനാകാത്ത വിളയാണ് പച്ചമുളക്. പച്ചമുളക് വീട്ടിൽ തന്നെ നട്ടുവളർത്താനാണ് ഏവർക്കും താല്പര്യം. ഒരുചെടിയിൽ നിന്നുതന്നെ ദിവസേനയുള്ള ആവശ്യത്തിന് പച്ചമുളക് ലഭിക്കുകയും ചെയ്യും. എന്നാൽ പച്ചമുളക് കൃഷി ആരംഭിച്ചുകഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാന പ്രശ്നം മണ്ഡരികളും ഇലപ്പേനുകളുമാണ്. നന്നായി വളർന്നുവരുന്ന മുളകിന്റെ ഇലകളുടെ തണ്ടിന് നീളം കൂടുകയും മടങ്ങിപ്പോവുകയും ചെയ്യുന്നത് കാണാം. ഒപ്പം ഇലകളുടെ വലിപ്പംകുറയുകയും ചെടിയുടെ വളർച്ച മുരടിക്കുകയും ചെയ്യും.
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കുഞ്ഞൻ ജീവികളാണ് ഇലപ്പേനും മണ്ഡരിയും. ഇലയുടെ അടിവശത്തിരുന്നു നീരൂറ്റിക്കുടിക്കുന്ന ജീവികളാണ് ഇലപ്പേനുകൾ. ഇലപ്പേനിന്റെ ആക്രമണം മൂലം ഇലയുടെ വശങ്ങൾ മുകളിലേക്ക് വളഞ്ഞ് വള്ളത്തിന്റെ ആകൃതിയിലാകും. മറ്റുചിലപ്പോൾ ഇലയുടെ വശങ്ങൾ താഴേക്കു മടങ്ങുകയും ഞെട്ടിന് നീളം കൂടുകയും ചെയ്യുന്നത് കാണാം. ഈ ലക്ഷണത്തിന് കാരണം മണ്ഡരികളാണ്.
ചൂടുള്ള കാലാവസ്ഥയിലാണ് ഈ കുഞ്ഞൻ ജീവികൾ പെറ്റുപെരുകുന്നത്. നേരിട്ടു കാണാൻ പ്രയാസമായതിനാൽ ആക്രമണലക്ഷണങ്ങൾ പ്രകടമാകുമ്പോൾ മാത്രമാണ്ഇവയുടെ സാന്നിധ്യം തിരച്ചിരിയാനാവുക എന്നതാണ് മറ്റൊരു പ്രശ്നം.
നിയന്ത്രണ മാർഗങ്ങൾ
ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾതന്നെ നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണം. ഇതിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കുന്ന വിധം.
50 ഗ്രാം ബാർസോപ്പ് 500ml ഇളം ചൂടുള്ള വെള്ളത്തിൽ ലയിപ്പിക്കണം. 200 ഗ്രാം വെളുത്തുള്ളിയുടെ അല്ലികൾ 300 ഗ്രാം വെള്ളവുമായി ചേർത്തരച്ച് അരിച്ചെടുക്കണം. 500 ml സോപ്പുലായനി 200ml വേപ്പെണ്ണയിലേക്ക് പതിയെ ഒഴിക്കണം. ഒഴിക്കുന്നതിനൊപ്പം ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. ഈ മിശ്രിതത്തിലേക്ക് നേരത്തെ തയ്യാറാക്കി വച്ച വെളുത്തുള്ളിയുടെ നീര് ചേർത്ത് യോജിപ്പിക്കാം. ഇതിലേയ്ക്ക് 9 ലിറ്റർ വെള്ളം ചേർത്ത് ഇളക്കിയാൽ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കും.
ഇപ്രകാരം തയ്യാറാക്കിയ ലായനി ഇലകളുടെ ഇരുവശങ്ങളിലും വീഴുന്നരീതിയിൽ സ്പ്രേ ചെയ്യാം. ചെടിയുടെ തണ്ടുകളിലും തളിക്കാം. വൈകുന്നേരങ്ങളിലാണ് സ്പ്രേ ചെയ്യേണ്ടത്. കീടാക്രമണം ചെറുക്കാൻ തൈ പറിച്ചുനട്ട് 10 ദിവസങ്ങൾക്ക് ശേഷം മുതൽ തളിച്ചു തുടങ്ങാം. രണ്ടാഴ്ചത്തെ ഇടവേളകളിൽ പ്രയോഗം ആവർത്തിക്കാം. മത്തി ശർക്കര മിശ്രിതം 3മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും നല്ലതാണ്. വേനൽ മഴ ലഭ്യമാകുന്നതനുസരിച്ച് ജൈവ മിത്ര കുമിളായ ലേകാനിസിലിയം ലെക്കാനി ഉപയോഗിക്കാം. പൊടിരൂപത്തിൽ ലഭ്യമായ ലേകാനിസിലിയം 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ ഇരുവശത്തും തണ്ടിലും സ്പ്രേ ചെയ്യാം.
കീടാക്രമണം മാറുന്നതോടെ ആരോഗ്യമുള്ള പുതിയ തളിരിലകൾ പ്രത്യക്ഷപ്പെടും.
Discussion about this post