മലയാളിയുടെ പ്രിയ പ്രഭാത ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ തുടങ്ങിയവയുടെ മുഖ്യ ചേരുവയാണ് ഉഴുന്ന്. ദാൽ മഖനി എന്ന ഉത്തരേന്ത്യൻ പരിപ്പുകറിയുടെയും മുഖ്യ ചേരുവായാണിത്. അനേകം ഔഷധ മൂല്യമുള്ള ഒരു പയറുവർഗ്ഗ വിളകൂടിയാണ് ഉഴുന്ന്. ഉഴുന്നിന് ശരീരത്തെ തണുപ്പിക്കാനും തടിപ്പിക്കാനും കഴിയും. മാംസ്യം, വൈറ്റമിൻ എ, കാൽസ്യം, ഇരുമ്പ്, തയാമിൻ എന്നിങ്ങനെ അനേകം പോഷകങ്ങൾ ഉഴുന്നിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താനും മുടിവളരുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഉഴുന്ന് സഹായിക്കും. മനുഷ്യന് ആരോഗ്യ സംരക്ഷണത്തിനു സഹായകമായ ഉഴുന്ന്ചെടികൾ മണ്ണിന്റെയും ചങ്ങാതിയാണ്. വേരുകളിൽ അന്തരീക്ഷ നൈട്രജനെ ശേഖരിച്ചുവയ്ക്കാനുള്ള കഴിവും അതുവഴി മണ്ണിനെ ഫലപുഷ്ടമാക്കാനുള്ള ശേഷിയും ഉഴുന്ന്ചെടികൾക്കുണ്ട്.
വർഷം മുഴുവൻ കൃഷിചെയ്യാനുതകുന്ന വിളയാണ് ഉഴുന്ന്. കരഭൂമിയിൽ മഴക്കാലത്തും( ജൂൺ രണ്ടാംവാരം) നന സാധ്യതയുളള ഇടങ്ങളിൽ വേനൽക്കാലത്തും ഉഴുന്ന് കൃഷി ചെയ്യാം. കൊയ്ത്തിനു ശേഷം തരിശുകിടക്കുന്ന പാടങ്ങളും ഉഴുന്ന് കൃഷിക്ക് ഉത്തമമാണ്. തനി വിളയായും ഇടവിളയായും വിളയിക്കാം.
ഇനങ്ങൾ
ടി -9, സി ഒ -2, എസ് 1, ടി എ യു 2, ടി എം വി 1, കെ എം 2, ശ്യാമ, സുമഞ്ജന എന്നിവയാണ് പ്രധാന ഇനങ്ങൾ. വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഇനമാണ് ടി 9. രോഗകീടബാധ തീരെ കുറഞ്ഞ ഇനമാണ് സി ഒ 2. പപ്പടം ഉണ്ടാക്കാൻ ഏറ്റവും യോജിച്ച ഇനം എസ്1 ആണ്. ഭാഗികമായ തണലിലും നല്ല വിളവ് നൽകുന്നതിനാൽ ടി എ യു 2 എന്ന ഇനം തെങ്ങിൻതോപ്പിലും കൃഷി ചെയ്യാം. ഓണാട്ടുകര പ്രദേശത്ത് കൃഷിചെയ്യാൻ യോജിച്ച ഇനങ്ങളാണ് ടി എം വി 1, കെ എം 2 എന്നിവ. ഓണാട്ടുകര പ്രദേശത്ത് പുഞ്ചക്കാലത്ത് ശ്യാമ കൃഷി ചെയ്യാം. തിരുവനന്തപുരം ജില്ലയിൽ പുഞ്ചക്കാലത്ത് നെൽപ്പാടങ്ങളിൽ വിളയിക്കാൻ യോജിച്ച ഇനമാണ് സുമഞ്ജന.
നടീൽ രീതി
രണ്ടുമൂന്നു തവണ ഉഴുത് കളകളും മുൻ വിളയുടെ അവശിഷ്ടങ്ങളും നീക്കം ചെയ്ത് കട്ടകൾ ഉടച്ച് നിരപ്പാക്കിയ നിലത്ത് വേണം കൃഷി ചെയ്യാൻ. പാടങ്ങളിൽ ഒന്നര മീറ്റർ വീതിയും ആവശ്യത്തിന് പൊക്കവുമുള്ള വാരങ്ങൾ എടുത്തും പയർ കൃഷി ചെയ്യാം. ഒന്നാംവിള കൊയ്ത്തുകഴിഞ്ഞ ഉടൻതന്നെ മണ്ണിലെ ഈർപ്പം ഉപയോഗപ്പെടുത്തി നിലം ഉഴാതെയും വിത്തു വിതയ്ക്കാം. തനിവിളയായി വിളയിക്കുമ്പോൾ ഹെക്ടറിന് 20 കിലോഗ്രാം വിത്ത് വേണം. ഒരു സെന്റിന് 80 ഗ്രാം വിത്താണ് വേണ്ടത്. എന്നാൽ ഇടവിളയായി കൃഷി ചെയ്യാൻ ഹെക്ടറിന് ആറ് കിലോ ഗ്രാം വിത്ത് മതിയാകും. വിതയ്ക്കുന്നതിനു മുൻപ് വിത്തിന് റൈസോബിയം പരിചരണം നൽകുന്നത് നല്ലതാണ്. റൈസോബിയം കൾച്ചർ കഞ്ഞിവെള്ളത്തിൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കിയ ശേഷം വിത്തിൽ നന്നായി തേച്ചുപിടിപ്പിക്കണം. ഇതിനുശേഷം 30 മിനിറ്റ് തണലിലുണക്കി വിത്ത് വിതയ്ക്കാവുന്നതാണ്.അധികം താഴ്ചയിൽ വിത്ത് വിതയ്ക്കാൻ പാടില്ല. വരികൾ തമ്മിൽ 25 സെന്റീമീറ്ററും ചെടികൾ തമ്മിൽ 15 സെന്റീമീറ്ററും അകലം പാലിക്കണം.
വളപ്രയോഗം
ഒരു സെന്റിലേക്ക് ഒന്നു മുതൽ മൂന്ന് കിലോഗ്രാം വരെ കുമ്മായം ചേർത്ത് പത്ത് ദിവസങ്ങൾക്ക് ശേഷം സെന്റൊന്നിന് 80 കിലോഗ്രാം എന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ അടിവളമായി നൽകി വിത്ത് വിതയ്ക്കാം. വീട്ടുവളപ്പിൽ കൃഷി ചെയ്യുമ്പോൾ പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യാൻ ശ്രദ്ധിക്കാം. അഴുകി പൊടിഞ്ഞ ചാണകം, പിണ്ണാക്കുകൾ, കമ്പോസ്റ്റ് എന്നിവ വളമായി ഉപയോഗിക്കാം. നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയാണെങ്കിൽ ഒരു സെന്റിന് 80 കിലോഗ്രാം യൂറിയ, 666 ഗ്രാം മസൂറിഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നിവ പലതവണകളായി ചേർക്കണം. നടുന്ന സമയത്ത് മുഴുവൻ മസൂറിഫോസും പൊട്ടാഷും ഒപ്പം 40 ഗ്രാം യൂറിയയും നൽകാം. നട്ട് 15 ദിവസത്തിനും 30 ദിവസത്തിനും ശേഷം 20 ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കണം.നെൽപാടങ്ങളിൽ നെൽകൃഷിക്കുശേഷമുള്ള അവശിഷ്ട വളം പ്രയോജനപ്പെടുന്നതിനാൽ വളപ്രയോഗം ആവശ്യമായി വരില്ല.
വിളവെടുപ്പ്
മൂപ്പനുസരിച്ച് രണ്ടര മാസം മുതൽ നാലു മാസത്തിനുള്ളിൽ വിളവെടുക്കാൻ പാകമാകും. കായകളിൽ 80 ശതമാനവും വിളഞ്ഞ ശേഷം ചെടികൾ പിഴുതെടുത്ത് ഉണക്കി തല്ലി മണികൾ വേർതിരിച്ചെടുക്കാം. ഒരു സെന്റിൽ നിന്ന് രണ്ട് കിലോഗ്രാം മുതൽ നാല് കിലോഗ്രാം വരെ വിളവ് ലഭിക്കും.
രോഗ കീടങ്ങളെ നിയന്ത്രിക്കാം
പൂവും കായും തുരക്കുന്ന പുഴുക്കളെ നിയന്ത്രിക്കാനായി കേടായ കായകൾ പൂക്കളോട് കൂടെ എടുത്ത് നശിപ്പിക്കാം. ഒരു സെന്റിന് ഒരു കിലോഗ്രാം എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് പൂവിടുന്ന സമയത്ത് മണ്ണിൽ ചേർക്കുന്നത് പൂവും കായും തുരക്കുന്ന പുഴുക്കളെ നിയന്ത്രിക്കാൻ സഹായിക്കും
പൂക്കളിലും കായകളിലും ഇളം തണ്ടുകളിലും പറ്റിപ്പിടിച്ചിരുന്നു നീരൂറ്റിക്കുടിക്കുന്ന മുഞ്ഞകളെ നിയന്ത്രിക്കാനായി ചെടികളിൽ അതിരാവിലെ ചാരം വിതറാം. ആരംഭഘട്ടത്തിൽ തന്നെ മിത്ര കുമിളായ ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും നല്ലതാണ്.
ഇലച്ചാഴികളെ നിയന്ത്രിക്കുന്നതിനായി 5 ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത് തളിക്കുകയോ അല്ലെങ്കിൽ 1ml നിംബിസിഡിൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയോ ചെയ്യാം. പ്രയോഗം രണ്ടാഴ്ചയിലൊരിക്കൽ ആവർത്തിക്കണം. കുരുടിപ്പ് അല്ലെങ്കിൽ മൊസൈക് രോഗം പരത്തുന്ന കീടങ്ങളെ നശിപ്പിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ആഴ്ചയിലൊരിക്കൽ സ്പ്രേ ചെയ്യാം. ചുവടു വീക്കം, കട ചീയൽ എന്നിവ നിയന്ത്രിക്കാനായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം, വാം എന്നിവ മണ്ണിൽ ചേർക്കുന്നത് ഏറെ ഗുണം ചെയ്യും.
Discussion about this post